കയ്യിൽ വടി പിടിക്കുന്ന അപ്പന്റെ ചങ്ക്

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

അപ്പനെക്കുറിച്ച് വെറുപ്പിന്റെ ഓർമ്മകളുമായി നടക്കുന്ന മകന്റെ ചിത്രം ഒഴിമുറി എന്ന സിനിമയിൽ കാണാം. അപ്പനെക്കുറിച്ചോർക്കുമ്പോഴെല്ലാം കുഞ്ഞുനാളിൽ അവനെ തല്ലിച്ചതയ്ക്കുന്ന ക്രൂരമുഖമാണ് അവന്റെ മനസിൽ തെളിഞ്ഞുവന്നിരുന്നത്. ഇതറിഞ്ഞ അമ്മ ഒരു ദിവസം അവനോട് പറഞ്ഞു: “നീ എന്തിനാണ് അപ്പനെ ഇത്രമാത്രം വെറുക്കുന്നത്? നിനക്കൊരു സത്യമറിയുമോ, നിന്റെ അപ്പനോളം നിന്നെ സ്നേഹിക്കുന്ന മറ്റൊരാൾ ഈ ഭൂമിയിലില്ല. കുഞ്ഞുനാളിൽ വാതപ്പനി പിടിച്ച് മരണത്തിന്റെ വക്കിലെത്തിയ നിന്നെ രക്ഷിക്കാൻ അദ്ദേഹം കയറിയിറങ്ങാത്ത ആശുപത്രികളില്ല. അവസാനം ഒരു വൈദ്യന്റെ മരുന്നാണ് നിനക്ക് അമൃതായത്. ഒരു കൈ എകദേശം തളർന്നുപോയ നിനക്ക് മരുന്നിനേക്കാൾ അനിവാര്യം പഥ്യമായിരുന്നു. 41 ദിവസം ഒരു തുള്ളി വെള്ളം പോലും കുടിക്കരുത്; അതായിരുന്നു പഥ്യം. വെളിച്ചെണ്ണ കലർത്തിയ ചോറിൽ മുരിങ്ങയില വേവിച്ച് ഭക്ഷിക്കണം. കൂടാതെ ശരീരം മുഴുവനും അനങ്ങണം എന്നും വൈദ്യൻ നിർദ്ദേശിച്ചു. നിന്റെ കൈ ജനലിൽ ഉയർത്തിപ്പിടിക്കാൻ പറഞ്ഞതും അനുസരിക്കാത്തപ്പോൾ നിന്നെ അപ്പൻ തല്ലിയതുമെല്ലാം ശരീരം അനങ്ങാൻ വേണ്ടിയായിരുന്നു. മാത്രമല്ല, ആ നാല്പത്തൊന്നു ദിവസവും നീ കഴിച്ചിരുന്ന അതേ ഭക്ഷണം തന്നെയാണ് അപ്പനും കഴിച്ചത്. മകനെ, പത്തു മാസം ചുമന്നതിന്റെ കണക്കു പറഞ്ഞ് ആർക്കും അമ്മയാകാം. എന്നാൽ അപ്പനാകണമെങ്കിൽ ഉള്ള് കനിയണം. അങ്ങനെ ഒരപ്പനാണ് നിനക്കുള്ളത്. ആളുകൾ പലപ്പോഴും ക്രൂരരാകുന്നത് വെറുപ്പ് കൊണ്ടല്ല സ്നേഹക്കൂടുതൽ കൊണ്ടാണ്.”

ഇത്രയും പറഞ്ഞ്‌ അവസാനിക്കുമ്പോൾ അവൻ പോലുമറിയാതെ അപ്പനുവേണ്ടിയുള്ള ഒരു സ്നേഹപുഷ്പം അവന്റെയുള്ളിൽ വിരിഞ്ഞു തുടങ്ങിയിരുന്നു.

ജീവിതത്തിൽ ചില വ്യക്തികളെക്കുറിച്ചുള്ള നിഗമനങ്ങൾ തെറ്റിപ്പോയി എന്ന് നമുക്ക് തോന്നിയിട്ടില്ലേ? നമ്മൾ മറ്റുള്ളവരെ അളക്കുന്നത് അവരുടെ അഴകിന്റെയും ആകാരത്തിന്റെയുമൊക്കെ അടിസ്ഥാനത്തിലാണ്. എന്നാൽ കൂടുതൽ അടുത്തു കഴിയുമ്പോഴാണ് നല്ലവരായ ചിലർ മോശമാകുന്നതും മോശം ചിലർ നല്ലവരാകുന്നതും. സ്നേഹം വാക്കുകൾക്കതീതമാണെന്ന് നമ്മൾ ഇനിയും മനസിലാക്കേണ്ടതുണ്ട്. അതിന് ഉത്തമ ഉദാഹരണമാണ് കാൽവരിയിലെ ക്രിസ്തു. കുരിശിലെ ക്രിസ്തു ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്ന് ആരോടും പറയുന്നില്ല. എന്നാൽ കുരിശിലെ ആ സമർപ്പണം മതിയായിരുന്നു അവൻ എത്രമാത്രം നമ്മെ സ്നേഹിച്ചെന്ന് തിരിച്ചറിയാൻ. വലിയ ആത്മസംതൃപ്തിയോടെ അവൻ പിതാവിനോട് പറഞ്ഞ വാക്കുകൾ എല്ലാം തെളിയിക്കുന്നതായിരുന്നു: “എല്ലാം പൂര്ത്തിയായിരിക്കുന്നു” (യോഹ. 19:30).

തിരുഹൃദയ തിരുന്നാൾ ആഘോഷിക്കുന്ന ഈ വേളയിൽ വാക്ക് കൊണ്ടല്ല പ്രവൃത്തി കൊണ്ടാണ് സ്നേഹം തെളിയിക്കപ്പെടേണ്ടതെന്ന് നമുക്ക് മറക്കാതിരിക്കാം.

തിരുഹൃദയ തിരുനാൾ മംഗളങ്ങൾ!

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.