ശരിക്കും പിശാച് ഉണ്ടോ?

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഒരിക്കല്‍ ഒരു യുവാവ് ചോദിച്ചു: “അച്ചാ, പിശാചുണ്ടോ? പിശാചുക്കളൊക്കെ ഉണ്ടെന്ന് അച്ചന്മാര്‍ വെറുതെ പറയുന്നതല്ലേ? നന്മ, തിന്മ എന്നിവയെല്ലാം മനസിന്റെ ഒരോ അവസ്ഥകളല്ലേ?”

ആ സഹോദരന് ഞാന്‍ നല്‍കിയ മറുപടി ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ ഉദ്ധരിച്ചാണ്: “പിശാച് ഉണ്ട്. തിന്മയുടെ ശക്തി, ദുഷ്ടശക്തി എന്നിങ്ങനെ പല പേരുകളില്‍ അവന്‍ അറിയപ്പെടുന്നു. പിശാചില്ലെങ്കില്‍, ‘ദുഷ്ടാരൂപിയില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമെ’ എന്ന് യേശു പഠിപ്പിച്ചത് എന്തിനാണ്? ബൈബിളിന്റെ ആദ്യ പേജുകളില്‍ തന്നെ പിശാച് സന്നിഹിതനാണ്. വിശുദ്ധ ലിഖിതങ്ങള്‍ അവസാനിക്കുന്നത് പിശാചിന്റെ മേലുള്ള ദൈവത്തിന്റെ വിജയത്തോടു കൂടിയാണ്. അതുകൊണ്ട്, പിശാച് ഒരു ഐതിഹ്യമോ, കെട്ടുകഥയോ, ചിത്രീകരണമോ, അലങ്കാരമോ, ആശയമോ അല്ല. അവന്‍ ഇല്ലെന്ന് പ്രചരിപ്പിക്കുന്നതും അവന്റെ തന്നെ തന്ത്രമാണ്. പിശാചില്ലെന്ന് കരുതുന്നതോടെ അവനെതിരെയുള്ള ജാഗ്രത കുറയുകയും അവന്റെ കെണിയില്‍ അകപ്പെട്ട് വ്യക്തികളും കുടുംബങ്ങളും നശിക്കുകയും ചെയ്യും” (Ref: ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍ 158-161).”

നമുക്കിടയില്‍ വേരൂന്നിയിരിക്കുന്ന അമിതമായ സെക്കുലറിസം ചിലപ്പോഴേങ്കിലും അപകടത്തിന്റെ വിത്തുകള്‍ വിതയ്ക്കുന്നുണ്ടെന്ന് നമ്മള്‍ മനസിലാക്കണം. നന്മ ചെയ്യാന്‍ കഴിയാത്തതും വിശുദ്ധിയില്‍ വളരാള്‍ സാധിക്കാത്തതും മനസിന്റെ ബലക്കുറവ് കൊണ്ട് മാത്രമല്ലെന്ന് മനസിലാക്കുന്നിടത്തെ നമ്മള്‍ ദൈവത്തിലേക്ക് മിഴികളുയര്‍ത്തൂ. പിശാചിനെതിരെ പോരാടാനും വിശുദ്ധിയില്‍ വളരാനും സഹായിക്കുന്ന മാര്‍ഗ്ഗം കുരിശിന്റെ വി.യോഹന്നാന്‍ പറയുന്നുണ്ട്: “ഏതു ജോലി ചെയ്യുമ്പോഴും ദൈവസാന്നിദ്ധ്യത്തില്‍ ആയിരിക്കാന്‍ ശ്രമിക്കുക. പ്രാര്‍ത്ഥിക്കുന്നതില്‍ സ്ഥിരതയുണ്ടായിരിക്കുക. ജോലി ചെയ്യുമ്പോഴും മറ്റുള്ളവരോട് സംസാരിക്കുമ്പോഴും ഭക്ഷിക്കുമ്പോഴും പാനം ചെയ്യുമ്പോഴും ഹൃദയത്തെ ദൈവത്തോട് ചേര്‍ത്ത് നിര്‍ത്താനും പരിശ്രമിക്കുക.”

വിതക്കാരന്റെ ഉപമയുടെ വിശദീകരണം നല്‍കുമ്പോള്‍ വഴിയരികില്‍ വീണ വിത്തിനെക്കുറിച്ച് ക്രിസ്തു പറയുന്നത് ഇങ്ങനെയാണ്: “ചിലര്‍ വചനം ശ്രവിച്ചെങ്കിലും അവര്‍ വിശ്വസിക്കുകയോ രക്ഷപെടുകയോ ചെയ്യാതിരിക്കുവാന്‍ വേണ്ടി പിശാചു വന്ന് അവരുടെ ഹൃദയങ്ങളില്‍ നിന്ന് വചനം എടുത്തുകളയുന്നു. ഇവരാണ് വഴിയരികില്‍ വീണ വിത്ത്” (ലൂക്കാ 8:12).

പിശാചിന്റെ തന്ത്രങ്ങള്‍ക്കെതിരെ കുറച്ചുകൂടെ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ആദ്ധ്യാത്മികതയില്‍ വേരൂന്നിയവര്‍ പോലും വീണുപോകും.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.