ജീവിച്ചിരിക്കുന്നവരെ കൊല്ലരുത്

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

എന്റെ ഒരു സുഹൃത്താണ് രാവിലെ വിളിച്ചത്: “ജെന്‍സനച്ചാ, നായ്ക്കംപറമ്പില്‍ അച്ചന്‍ മരിച്ചോ?”

“എനിക്കറിയില്ലല്ലോ! അന്വേഷിച്ചിട്ട് പറയാം” എന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. അതിനുശേഷം മൊബൈല്‍ നോക്കിയപ്പോള്‍, ‘നായ്ക്കംപറമ്പിലച്ചന്‍ മരിച്ചു, ആത്മശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം’ എന്ന് പറഞ്ഞിട്ടുള്ള നിരവധി ഫോര്‍വേഡ് സന്ദേശങ്ങള്‍ കാണാനിടയായി. എന്തായാലും ചില മാധ്യമസുഹൃത്തുക്കളുടെ സഹായത്തോടെ അച്ചന്‍ മരിച്ചെന്ന വാര്‍ത്ത ഫേക്ക് ആണെന്ന് സ്ഥിരീകരിക്കുകയും അച്ചന്‍ ജീവിച്ചിരിക്കുന്നു എന്ന് അച്ചന്‍ തന്നെ വെളിപ്പെടുത്തുന്ന വീഡിയോ അയച്ചുതരികയും ചെയ്തു.

സമൂഹമാധ്യമങ്ങളില്‍ നാം എഴുതിവിടുന്ന ഓരോ വാര്‍ത്തയും എത്രയോ ഇടങ്ങളില്‍ എത്തുന്നുണ്ടെന്ന് നമ്മള്‍ തിരിച്ചറിയണം. ജീവിച്ചിരിക്കുന്ന ഒരാള്‍ മരിച്ചെന്നു പറഞ്ഞ ആ വാര്‍ത്തയുടെ ഉറവിടം വ്യക്തമല്ല. ആരുതന്നെ ആയാലും നായ്ക്കംപറമ്പിലച്ചന്‍ അവരോട് ക്ഷമിച്ചെങ്കിലും അവരും തെറ്റ് ഏറ്റുപറഞ്ഞ് ക്ഷമാപണം നടത്തേണ്ടതല്ലേ?

ഇവിടെയാണ് സമരിയാക്കാരി സ്ത്രീയുടെ മാതൃക നമുക്ക് വെല്ലുവിളിയാകുന്നത്. ക്രിസ്തുവിനെ അംഗീകരിക്കാതിരുന്ന അവള്‍, ക്രിസ്തു മിശിഹായാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അത് സാക്ഷ്യപ്പെടുത്തുവാന്‍ ധൈര്യം കാണിച്ചു എന്നത് എത്രയോ മഹത്കരമാണ്. “ഞാന്‍ ചെയ്തതെല്ലാം അവന്‍ എന്നോടു പറഞ്ഞു എന്ന ആ സ്ത്രീയുടെ സാക്ഷ്യം മൂലം പട്ടണത്തിലെ സമരിയാക്കാരില്‍ അനേകര്‍ അവനില്‍ വിശ്വസിക്കുകയും ചെയ്തു” (യോഹ. 4:39).

തെറ്റു പറ്റുക സ്വാഭാവികമാണ്. എന്നാല്‍ ചെയ്ത തെറ്റ് തിരിച്ചറിഞ്ഞു കഴിയുമ്പോള്‍ അത് ഏറ്റുപറയാനും പിന്നീട് ആവര്‍ത്തിക്കില്ലെന്ന് തീരുമാനമെടുക്കാനും കഴിയുകയെന്നത് ദൈവികമാണ്. ആ കൃപയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കാം.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.