കണ്ണുനീര്‍ താഴ്‌വരയില്‍ ഞാനേറ്റം വലഞ്ഞിടുമ്പോള്‍…

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഒരു പ്രതിസന്ധി ഘട്ടത്തില്‍ തീരുമാനമെടുക്കാനായി സഹായിക്കണമെന്നു പറഞ്ഞാണ് ആ ദമ്പതികള്‍ എന്റെ അടുത്തെത്തിയത്. അവരുടെ രണ്ടാമത്തെ കുഞ്ഞിന് അഞ്ചു മാസം പ്രായമേയുള്ളൂ. അപ്പോഴേക്കും അവള്‍ മൂന്നാമത് ഗര്‍ഭിണിയായി. അപ്രതീക്ഷിതമായ ആ വാര്‍ത്ത അവരെ വിഷമത്തിലാക്കി. വീട്ടുകാരില്‍ ഭൂരിഭാഗം പേരും ഇരുചെവിയറിയാതെ കുഞ്ഞിനെ നശിപ്പിക്കണം എന്ന ആഗ്രഹമാണ് പ്രകടിപ്പിക്കുന്നത്. അതു കേട്ട് ഭര്‍ത്താവും ആ തീരുമാനം നിറവേറ്റണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. ആ വാക്കുകള്‍ ഭാര്യയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.

ഞാന്‍ അവരോടു ചോദിച്ചു: “എത്ര മക്കള്‍ വേണമെന്നായിരുന്നു നിങ്ങളുടെ ആഗ്രഹം?”

“നാല്”

“അങ്ങനെയെങ്കില്‍ മൂന്നാമത്തെ കുഞ്ഞിനെ മറ്റുള്ളവര്‍ പറയുന്നത് കേട്ട് കളയണമോ?”

അതിന് മറുപടി പറഞ്ഞത് ഭാര്യയായിരുന്നു: “അച്ചാ, ഇതു തന്നെയാണ് ഞാന്‍ ചേട്ടനോട് പറഞ്ഞത്. എന്തു നാണക്കേട് സഹിക്കാനും ഞാന്‍ തയ്യാറാണ്. ദൈവം മൂന്നാമത്തെ കുഞ്ഞിനെ ഇത്തിരി നേരത്തെ തന്നുവെന്ന് കരുതിയാല്‍ പോരേ? എന്നെ കൊന്നാലും ശരി കുഞ്ഞിനെ നശിപ്പിക്കാന്‍ ഞാന്‍ സമ്മതിക്കില്ല. ചേട്ടന്റെയും വീട്ടുകാരുടെയും നിര്‍ബദ്ധമാണ് എന്നെ വിഷമത്തിലാക്കുന്നത്. അച്ചനറിയുമോ, ഞാനും എന്റെ ചേച്ചിയും തമ്മില്‍ എട്ടു മാസത്തെ വ്യത്യാസമേയുള്ളൂ. എന്റെ മാതാപിതാക്കള്‍ എന്നെ നശിപ്പിച്ചില്ലല്ലോ? കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കാനല്ലെങ്കില്‍ പിന്നെ എന്തിനാണ് അപ്പനും അമ്മയുമാണെന്ന് പറയുന്നത്. ചിലപ്പോള്‍ ഈ മൂന്നാമത്തെ കുഞ്ഞായിരിക്കും നാളെ ഒരു അത്താണിയായി മാറുക.”

അവളുടെ നിശ്ചയദാര്‍ഡ്യത്തിനു മുമ്പില്‍ ഭര്‍ത്താവിന്റെ ശിരസു താണു:

“അച്ചാ, ഇവളുടെ ഇഷ്ടം അതാണേല്‍ അതു നടക്കട്ടെ. എന്തായാലും അച്ചന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണം.”

ഞാന്‍ അയാളോടു പറഞ്ഞു: “ഇവളുടെ ഇഷ്ടമാണെങ്കില്‍ നടക്കട്ടെ എന്നല്ല പറയേണ്ടത്. പൂര്‍ണ്ണമനസോടെ സമ്മതിക്കുകയാണ് വേണ്ടത്.”

ഞാന്‍ അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു. സന്തോഷത്തോടെ അവര്‍ യാത്രയായി. മൂന്നാമത്തെ കുഞ്ഞിന്റെ പിറന്നാള്‍ ക്ഷണിക്കാന്‍ അവര്‍ ഇരുവരും വന്നിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അദ്ദേഹം എന്നെ ഫോണ്‍ വിളിച്ചിരുന്നു: “അച്ചാ, അന്ന് ആ തീരുമാനമെടുക്കാന്‍ സഹായിച്ചതിന് നന്ദി. എന്റെ ഭാര്യയ്ക്ക് ബ്ലീഡിങ്ങിന്റെ പ്രശ്നമാണ്. ഗര്‍ഭപാത്രം സര്‍ജറി ചെയ്ത് മാറ്റണമെന്നാണ് പറയുന്നത്. അന്ന് ആ തീരുമാനമെടുത്തില്ലായിരുന്നെങ്കില്‍…” വാക്കുകള്‍ മുഴുമിപ്പിക്കാനാകാതെ അയാള്‍ വിതുമ്പി.

ഏതൊരു വ്യക്തിയും ജീവന്റെ വക്താവാകണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്. ഗര്‍ഭസ്ഥശിശുവിനെ നശിപ്പിക്കാന്‍ നൂറു കാരണങ്ങള്‍ പറയുമ്പോഴും ഒരു കാരണമെങ്കിലും പറഞ്ഞ് അതിന്റെ ജീവന്‍ നിലനിര്‍ത്താന്‍ പരിശ്രമിക്കുന്നവര്‍ ഇന്ന് കുറഞ്ഞുവരികയല്ലേ? “ഞാന്‍ ജീവന്റെ അപ്പമാണ്” (യോഹ. 6:48) എന്നാണ് ക്രിസ്തു പറഞ്ഞിട്ടുള്ളത്. ഓരോ അപ്പനും അമ്മയും എന്നുവേണ്ട ഏതൊരു വ്യക്തിയും ജീവന്റെ അപ്പമാകുക എന്ന വിളി സ്വീകരിച്ചിരിക്കുന്നവരാണെന്ന ബോധ്യം നമ്മില്‍ ആഴപ്പെടട്ടെ.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.