വിശുദ്ധ കുര്‍ബാന സ്വീകരിച്ച് നിത്യതയിലേക്ക്…

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

എന്നോട് ചില കാര്യങ്ങള്‍ തനിച്ച് സംസാരിക്കണമെന്നു പറഞ്ഞാണ് ആ വയോവൃദ്ധ വന്നത്. “അച്ചാ, കേരളത്തില്‍ നിന്നു വന്ന് ആന്ധ്രയിലെ ഈ ഗ്രാമത്തില്‍ സേവനം ചെയ്യുന്നതിന് നന്ദി. നിങ്ങള്‍ വന്നതോടെ ഈ ഗ്രാമത്തില്‍ എന്നും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നു. ഇതിലും വലിയ മറ്റൊരു ഭാഗ്യം ഞങ്ങള്‍ക്ക് കിട്ടാനില്ല. എനിക്ക് പ്രായമായി. കര്‍ത്താവ് എപ്പോള്‍ വിളിക്കുമെന്ന് അറിഞ്ഞുകൂടാ. അച്ചനറിയാലോ, എന്റെ വീട്ടില്‍ ഞാന്‍ മാത്രമാണ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചിട്ടുള്ളത്.

ഈ അവസാന നാളുകളില്‍ പ്രധാനമായും മൂന്ന് ആഗ്രഹങ്ങളാണ് എനിക്കുള്ളത്. ഒന്നാമതായി, വിശുദ്ധ കുര്‍ബാന സ്വീകരിച്ച് മരിക്കണം. രണ്ടാമത്, ഞാന്‍ മരിച്ചുകഴിയുമ്പോള്‍ വിശ്വാസപ്രകാരമുള്ള മൃതസംസ്‌ക്കാര ശുശ്രൂഷ ലഭിക്കണം. മൂന്നാമതായി എനിക്ക് മാമ്മോദീസ നല്‍കിയ സക്കറിയാസ് അച്ചന്‍ മരിച്ചടക്കിന് ഉണ്ടാകണം.”

ഇത്രയും പറഞ്ഞ് മരണശേഷമുള്ള കുര്‍ബാനയ്ക്കും മറ്റുമായി കുറച്ചു പണവും അവര്‍ എന്നെ ഏല്‍പിച്ചു. ഏതാനും നാളുകള്‍ക്കുശേഷം ഞായറാഴ്ച കുര്‍ബ്ബാന കഴിഞ്ഞ് അല്പം വിശ്രമിക്കുന്ന സമയത്ത് ഫോണ്‍ ശബ്ദിച്ചു. പരിചയമില്ലാത്ത നമ്പറായിരുന്നു അത്. “ഫാദര്‍ ജെന്‍സണ്‍ അല്ലേ? ഇവിടെ ഒരു വല്യമ്മ വഴിയില്‍ വീണുകിടക്കുന്നുണ്ട്. മരിച്ചെന്നാണ് തോന്നുന്നത്. അവരുടെ കയ്യില്‍ ഉണ്ടായിരുന്ന പേഴ്‌സില്‍ നിന്നാണ് അങ്ങയുടെ നമ്പര്‍ ലഭിച്ചത്.”

ഉടന്‍ തന്നെ ഇടവകയിലെ ഏതാനും യുവജനങ്ങളെ, ആ വല്യമ്മ വീണുകിടക്കുന്ന സ്ഥലത്തേക്ക് പറഞ്ഞയച്ചു. അല്പസമയത്തിനു ശേഷം അവര്‍ തിരികെ വിളിച്ചു: “അച്ചാ, ഇത് നമ്മുടെ ഇടവകാംഗം മരിയമ്മയാണ്.”

എന്റെ കാതുകളെ എനിക്ക് വിശ്വസിക്കാനായില്ല. ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് കുര്‍ബാന സ്വീകരിച്ച അവരെ ഞാനോര്‍ത്തു. മകളുടെ വീട്ടിലേക്കാണെന്നും പറഞ്ഞ് യാത്രയായതും അവരുടെ ആഗ്രഹങ്ങളും എന്റെ മനസില്‍ തെളിഞ്ഞു. ആ സ്ത്രീയുടെ ആഗ്രഹങ്ങളെല്ലാം ദൈവം നിറവേറ്റി. മൃതസംസ്‌ക്കാര ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കിയത് അവരെ മാമ്മോദീസ മുക്കിയ വൈദികന്‍ തന്നെയായിരുന്നു. “എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും” (യോഹ. 6:54) എന്ന വചനം കണ്ണടച്ച് വിശ്വസിച്ചവളാണ് മരിയമ്മ.

അക്ഷരജ്ഞാനമില്ലാത്ത മരിയമ്മ എന്ന ഗ്രാമീണസ്ത്രീ ആഗ്രഹിച്ചത് വിശുദ്ധ കുര്‍ബാന സ്വീകരിച്ച് നിത്യതയിലേക്ക് യാത്രയാകണം,കത്തോലിക്കാ വിശ്വാസപ്രകാരമുള്ള മരിച്ചടക്ക് ലഭിക്കണം എന്നൊക്കെയായിരുന്നു.

അനേകം ആഗ്രഹങ്ങളുള്ള നമ്മുടെ ജീവിതത്തില്‍ പരിശുദ്ധ കുര്‍ബാനയുടെ സ്ഥാനം എത്രത്തോളം വലുതാണെന്ന് ചിന്തിക്കാന്‍ മരിയമ്മയുടെ ജീവിതം നമുക്ക് പ്രചോദനമാകട്ടെ. എല്ലാവര്‍ക്കും പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ മംഗളങ്ങള്‍!

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.