ചിറമ്മല്‍ അച്ചന് പണം കൊടുക്കുന്നതെന്തിന്?

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

കൃത്യമായി പറഞ്ഞാല്‍ മെയ് ഇരുപത്തിമൂന്നാം തീയതിയാണ് കോവിഡ് ഡെത്ത് സപ്പോര്‍ട്ട് എന്ന പേരിലുള്ള ഡേവിസ് ചിറമ്മല്‍ അച്ചന്റെ വീഡിയോ എനിക്ക് കിട്ടിയത്. പിന്നീട് ആ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പലപ്പോഴായി കണ്ടിരുന്നു. അതിലെ ആശയം ഇതാണ്: കോവിഡ് ബാധിച്ചു മരിച്ച പിതാവിനെ അവസാനമായി ഒന്നു കാണാനോ, അന്ത്യചുംബനം നല്‍കാനോ കഴിയാതെ വേദനയനുഭവിക്കുന്ന ഒരു യുവാവ് അച്ചനെ പരിചയപ്പെട്ടു. അവന്റെ നൊമ്പരം കണ്ടപ്പോള്‍ സമാനമായ വേദനകളിലൂടെ കടന്നുപോകുന്ന അനേകരെക്കുറിച്ചായിരുന്നു അച്ചന്റെ ചിന്ത.

പ്രിയപ്പെട്ടവര്‍ കോവിഡ് ബാധിച്ച് മരിച്ചതുമൂലം മാനസികസംഘര്‍ഷത്തില്‍ കഴിയുന്നവര്‍, ഒറ്റപ്പെട്ടു പോയവര്‍, കടക്കെണിയിലായവര്‍… ഇങ്ങനെ അനേകം പേര്‍. അങ്ങനെയുള്ള കുടുംബങ്ങളെ സഹായിക്കാനായി അച്ചന്റെ നേതൃത്വത്തില്‍ തുടങ്ങിയ സംരംഭമാണ് കോവിഡ് ഡെത്ത് സപ്പോര്‍ട്ട്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബത്തിന് താല്‍ക്കാലിക ആശ്വാസമെന്നവണ്ണം അമ്പതിനായിരം രൂപ നല്‍കുക എന്നതായിരുന്നു ആശയം. ഇതിനോടകം അച്ചന്റെ ഉദ്യമത്തോട് നൂറു പേര്‍ പണം ഓഫര്‍ ചെയ്ത് സഹകരിച്ചുവത്രെ. ആവശ്യക്കാരുടെ അക്കൗണ്ടിലേക്ക് സഹായം ചെയ്യുന്നവര്‍ നേരിട്ടാണ് പണം അയക്കുന്നത് എന്നതും ഇതിന്റെ പ്രത്യേകതയാണ്.

ഈ വീഡിയോയുടെ കൂടെ ഫോണ്‍ നമ്പറും അച്ചന്‍ നല്‍കിയിട്ടുണ്ട്. എത്രയോ മഹത്തായ സംരംഭം, അല്ലേ? അഞ്ഞൂറു പേര്‍ക്കെങ്കിലും സഹായം നല്‍കണമെന്നാണ് അച്ചന്റെ ആഗ്രഹം. പലതുള്ളി പെരുവെള്ളം എന്നു പറയുന്നതുപോലെ നൂറു പേര്‍ സഹകരിച്ചപ്പോള്‍ അമ്പതിനായിരം രൂപ വച്ച് നൂറു കുടുംബങ്ങള്‍ക്ക് നല്‍കാനായി. ചെറിയ നന്മകള്‍ ചെയ്യുമ്പോഴാണ് വലിയ കാര്യങ്ങള്‍ സംഭവിക്കുക. ഇവിടെയാണ് ക്രിസ്തു പറഞ്ഞ കടുകുമണിയുടെ ഉപമയ്ക്ക് പ്രസക്തിയേറുന്നത്. മറ്റു വിത്തുകളേക്കാള്‍ ചെറുതാണ് കടുകുമണി. എന്നാല്‍ അത് വളര്‍ന്ന് വലിയ വൃക്ഷമായിക്കഴിയുമ്പോള്‍ ആകാശപക്ഷികള്‍ അതില്‍ ചേക്കേറുന്നു (Ref: മത്തായി 13: 31-32).

ഞാനും നിങ്ങളുമെല്ലാം പല രീതിയില്‍ വളര്‍ന്നിട്ടുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ക്ക് ചേക്കേറാന്‍ തക്ക നന്മയുടെ ശിഖരങ്ങള്‍ നമ്മിലുണ്ടോ എന്ന് ചിന്തിക്കുന്നത് ഉചിതമാണ്.

(ഫാ. ഡേവിസ് ചിറമ്മല്‍:  92073 03131)

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.