തിരികള്‍ അണയാതിരിക്കാന്‍

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

മഴ തോര്‍ന്നിട്ടും മരം പെയ്തുകൊണ്ടേയിരുന്നു. അന്തരീക്ഷത്തിലെ ഈര്‍പ്പം കനത്ത് കോടമഞ്ഞു പോലെ രൂപപ്പെട്ടു. അപ്പോഴാണ് ആശ്രമത്തിലെ ലാസലെറ്റ് മാതാവിന്റെ രൂപത്തിനു മുമ്പില്‍ തിരി തെളിക്കാന്‍ വന്ന കുട്ടികള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടത്. എത്ര ശ്രമിച്ചിട്ടും അവര്‍ക്ക് മെഴുതിരി സ്റ്റാന്‍ഡിലെ തിരികള്‍ കത്തിച്ചുവയ്ക്കാന്‍ കഴിയുന്നില്ലെന്നു കണ്ടപ്പോള്‍ ഞാന്‍ അവര്‍ക്കരികിലെത്തി.

മഴ നനഞ്ഞതിനാല്‍ തിരികളില്‍ വെള്ളത്തുള്ളികള്‍ പറ്റിപ്പിടിച്ചിരുന്നു. തീ പിടിച്ചെങ്കിലും തിരിയില്‍ ജലാംശമുള്ളതിനാല്‍ അത് അണഞ്ഞുപോയി. ഒരു തിരിയെടുത്ത് ഞാനവരോടു പറഞ്ഞു: “നിങ്ങള്‍ ശ്രദ്ധിച്ചോ, ഈ തിരിയില്‍ ജലാംശമുണ്ട്. അതുകൊണ്ട് കൂടുതല്‍ സമയം തിരി ചൂടുപിടിക്കണം. ചുറ്റിനുമുള്ള മെഴുക് കുറച്ചെങ്കിലും ഉരുകണം. അപ്പോഴേ അതിലെ ജലാംശം വറ്റൂ. ജലാംശം വറ്റിയാല്‍ പിന്നെ തിരി അണയുകില്ല.”

ഒന്നു-രണ്ടു തിരികള്‍ അങ്ങനെ കത്തിച്ചുകാണിച്ച് ഞാന്‍ ആശ്രമത്തിലേക്ക് മടങ്ങി. നനഞ്ഞ മെഴുകുതിരികള്‍ പോലെയല്ലേ മനുഷ്യജീവിതമെന്ന് ആ രാത്രി ഞാന്‍ ചിന്തിച്ചു. സ്വയം കത്തിയെരിഞ്ഞ് മറ്റുള്ളവര്‍ക്ക് പ്രകാശം പരത്തണമെന്ന് എത്രയോ തവണ നമ്മള്‍ ആഗ്രഹിച്ചു. എന്നാല്‍ മെഴുകുതിരിയെ കെടുത്തിക്കളയുന്ന മഴ പോലെ നമ്മുടെ ജീവിതത്തിലും അലസതയും പ്രാര്‍ത്ഥനക്കുറവുമെല്ലാം കടന്നുവന്നിട്ടില്ലേ? ഒന്നിനോടും താല്‍പര്യമില്ലാത്ത അവസ്ഥയിലൂടെ നമ്മളും കടന്നുപോയിട്ടില്ലേ? അശുദ്ധിയും അക്രമവാസനയും നമ്മുടെ മനസിലും രൂപപ്പെട്ടിട്ടില്ലേ? ക്രിസ്തു പറയുന്നതുപോലെ “അധര്‍മ്മം വര്‍ദ്ധിച്ച് പലരുടെയും സ്നേഹം തണുത്തുപോയിരിക്കുന്നു” (Ref: മത്തായി 24:12) ഇത് എത്രയോ വാസ്തവമാണ്.

നമ്മുടെ ജീവിതവും ചൂടു പിടിപ്പിക്കേണ്ട സമയമായെന്ന് തിരിച്ചറിയാം. അങ്ങനെയെങ്കില്‍ തണുത്തുറഞ്ഞ നമ്മിലെ നന്മയുടെ തിരികളെ ചൂടു പിടിപ്പിക്കാന്‍ ക്രിസ്തുവിനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക? തീക്ഷ്ണമായ പ്രാര്‍ത്ഥനയും വചനവായനയും സൗഹൃദങ്ങളുമെല്ലാം നമ്മുടെ ആത്മാവിനെ ദൈവത്തോട് ചേര്‍ത്തുനിര്‍ത്തി ജ്വലിപ്പിക്കട്ടെ.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.