മക്കൾ കണ്ണു തുറപ്പിച്ചു

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഒരു വീട്ടിൽ ഭാര്യയും ഭർത്താവും കലഹം. പരസ്പരം  സംസാരമില്ല. ഒരുമിച്ചുള്ള ഭക്ഷണമോ, പ്രാർത്ഥനയോ ഇല്ല. മക്കളുടെ കളിചിരികളുമില്ല. അപ്പനുമമ്മയും ഉച്ചത്തിൽ സംസാരിക്കുമ്പോൾ മക്കളെല്ലാം മുറിയിൽ പതുങ്ങും. ചിലപ്പോൾ രണ്ടു കൂട്ടരും അവരുടെ പക തീർക്കുന്നത് മക്കളിലായിരിക്കും.

ഒരു ദിവസം ഏഴാം ക്ലാസിൽ പഠിക്കുന്ന മൂത്ത മകൾ ധൈര്യം സംഭരിച്ച് പറഞ്ഞു: “ഞങ്ങൾ മൂന്നു പേർക്കും ഏറ്റവും പ്രിയപ്പെട്ടവരാണ് നിങ്ങൾ. നിങ്ങൾ മിണ്ടാതെ നടക്കുമ്പോഴും കലഹിക്കുമ്പോഴും ഞങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഞങ്ങൾ ഭക്ഷണം കഴിച്ചോന്നോ, കുളിച്ചോന്നോ, പ്രാർത്ഥിച്ചോന്നോ ഒന്നും ഇപ്പോൾ ആരും അന്വേഷിക്കുന്നില്ല. എത്രയോ തവണ ഞങ്ങളോട് കലഹിക്കരുതെന്ന് പറഞ്ഞ പപ്പയും മമ്മിയുമാണ് ദിവസങ്ങളോളം കലഹിച്ചു കഴിയുന്നത്? ഞങ്ങൾക്ക് ജീവിതം മടുത്തു. ഇനിയിങ്ങനെ തുടർന്നാൽ ഞങ്ങൾ വികാരിയച്ചനെ കണ്ട് കാര്യം പറയും.”

അന്നു രാത്രി ഭർത്താവും ഭാര്യയും രമ്യതയിലായി. അവർ പരസ്പരം പറഞ്ഞു: “മക്കൾ നമ്മുടെ മിഴി തുറപ്പിച്ചു. പ്രായത്തിൽ നമ്മൾ വലിയവരാണെങ്കിലും ജ്ഞാനത്തിൽ മകളുടെ മുമ്പിൽ നാമിന്ന് തോറ്റു.” പിന്നീട് ആ വീട്ടിൽ അധികം കലഹങ്ങൾ ഉണ്ടായിട്ടില്ല.

നമ്മൾ ചെറിയവരെന്നു കരുതുന്ന വ്യക്തികളിലൂടെ ദൈവത്തിന് ഇടപെടാൻ  കഴിയുമെന്നതിന്റെ ഉത്തമോദാഹരണമാണ് ഈ വീട്ടിലെ ഏഴാം ക്ലാസുകാരിയുടെ വാക്കുകൾ. നമ്മുടെ വഴിത്താരകളിൽ നാം കണ്ടുമുട്ടുന്ന ഓരോ വ്യക്തിയിൽ നിന്നും നമ്മൾ പാഠങ്ങൾ പഠിക്കണം. “ചില വ്യക്തികൾ അനുഗ്രഹങ്ങളായും മറ്റു ചിലർ പാഠങ്ങളായും ജീവിതത്തിൽ കണ്ടുമുട്ടും” എന്ന വി. മദർ തെരേസയുടെ വാക്കുകൾ ഓർക്കുന്നു. അതിനോട് ചേർത്തുവയ്ക്കാവുന്നതാണ് ക്രിസ്തുമൊഴികളും, “സത്യമായി ഞാന് നിങ്ങളോടു പറയുന്നു: ഏലിയാ പ്രവാചകന്റെ കാലത്ത്‌ ഇസ്രായേലില് അനേകം വിധവകള് ഉണ്ടായിരുന്നു. അന്ന്‌ മൂന്നു വര്ഷവും ആറു മാസവും ആകാശം അടക്കപ്പെടുകയും ഭൂമിയിലെങ്ങും രൂക്ഷമായ ക്ഷാമം ഉണ്ടാവുകയും ചെയ്‌തു. എന്നാല്, സീദോനില് സറെപ്‌തായിലെ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ മറ്റാരുടെ അടുക്കലേക്കും ഏലിയാ അയയ്‌ക്കപ്പെട്ടില്ല” (ലൂക്കാ 4: 25-26).

ഏലിയാക്ക് ഭക്ഷണം നൽകാൻ വിധവക്ക് കഴിഞ്ഞതുപോലെ നമ്മുടെ ജീവിതത്തിൽ അനുദിനം കണ്ടുമുട്ടുന്ന ഏറ്റവും ചെറിയവനിലും ദൈവം വസിക്കുന്നെന്നും അവരിലൂടെ ദൈവം സംസാരിക്കുമെന്നും തിരിച്ചറിഞ്ഞാൽ ഒരിക്കലും ദൈവീക ഇടപെടലുകൾക്ക് ക്ഷാമമുണ്ടാകില്ല!

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.