പള്ളിയിൽ പോകാൻ എളുപ്പവഴി

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഒരു ദരിദ്രകുടുംബം. ഇടവക ദൈവാലയത്തിൽ നിന്നും അകലെയാണ് താമസം. വീടും സ്ഥലവും വിൽക്കാൻ അവർ ആഗ്രഹിച്ച സമയമായിരുന്നു അത്. വികാരിയച്ചനോടും ഇക്കാര്യം അവർ സൂചിപ്പിച്ചു.

“നല്ല വീടും സ്ഥലവുമാണല്ലോ നിങ്ങളുടേത്. പിന്നെ എന്തിനാണ് അത് വിൽക്കുന്നത്?” അച്ചൻ ചോദിച്ചു.

“ഇത് വിറ്റ് പള്ളിക്കടുത്ത് ഇത്തിരി സ്ഥലം വാങ്ങി വീട്  വയ്ക്കണമെന്നാണ് ആഗ്രഹം. അങ്ങനെയെങ്കിൽ എന്നും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാമല്ലോ?”

അവരുടെ ആ വാക്കുകൾ അച്ചനെ അതിശയിപ്പിച്ചെങ്കിലും അച്ചന്റെ മറുപടി ഇങ്ങനെയായിരുന്നു. “ഇപ്പോഴുള്ള നിങ്ങളുടെ ബുദ്ധിമുട്ട് ഞാൻ മനസിലാക്കുന്നു. ദിവ്യബലി ആരംഭിക്കുന്നതിന് അര മണിക്കൂർ മുമ്പെങ്കിലും വീട്ടിൽ നിന്ന് ഇറങ്ങിയാലേ നിങ്ങൾക്ക് കൃത്യസമയത്ത് പള്ളിയിലെത്താൻ കഴിയൂ. എന്നിട്ടും നിങ്ങൾ ഇതുവരെ വിശുദ്ധ ബലിക്ക് വൈകി വരുന്നത് എന്റെ ശ്രദ്ധയിൽപെട്ടിട്ടില്ല. എന്നാൽ ദൈവാലയത്തിനടുത്ത് വീടുണ്ടായിട്ടും വൈകി വരുന്നവരും പള്ളിയിൽ വരാത്തരും ധാരാളമുണ്ട്. അതുകൊണ്ട്, ഉള്ളിൽ ആഗ്രഹമുണ്ടെങ്കിൽ എത്ര ദൂരത്തു നിന്നായാലും നിങ്ങൾക്ക് പള്ളിയിലെത്താൻ കഴിയും. അതല്ലെങ്കിൽ പള്ളിക്കടുത്തായാലും നിങ്ങൾ വിശുദ്ധ ബലിയിൽ പങ്കെടുക്കണമെന്ന് നിർബന്ധമില്ലല്ലോ? തിരക്കിട്ട് വീടും സ്ഥലവും വിൽക്കുന്ന കാര്യം ഒന്നു കൂടെ ആലോചിട്ടു പോരെ?”

അച്ചന്റെ മറുപടി അവരെ സ്പർശിച്ചു. കർത്താവ് ആഗ്രഹിക്കുന്നെങ്കിൽ മാത്രം അവിടെ നിന്നും താമസം മാറ്റാൻ ഇടവരട്ടെ എന്നായിരുന്നു പിന്നീടുള്ള അവരുടെ പ്രാർത്ഥന.

ദൈവാലയത്തിൽ പോകാനും വിശുദ്ധ ബലിയിൽ പങ്കെടുക്കാനുമെല്ലാം പല വിധത്തിലുള്ള ഒഴികഴിവുകൾ പറയുന്നവരാണ് നമ്മൾ. എന്നാൽ ഉള്ളിൽ ഒരു തീയുണ്ടെങ്കിൽ കർത്താവിനെ തേടി എത്ര ദൂരം വേണമെങ്കിലും നമ്മൾ സഞ്ചരിക്കും.

“കര്‍ത്താവിന്റെ ആത്മാവ്‌ എന്റെ മേല്‍ ഉണ്ട്‌. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന്‌ എന്നെ അഭിഷേകം ചെയ്‌തിരിക്കുന്നു. ബന്ധിതര്‍ക്ക്‌ മോചനവും അന്ധര്‍ക്ക് കാഴ്‌ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന്‌ എന്നെ അയച്ചിരിക്കുന്നു”
(ലൂക്കാ 4: 18-19).

ഏശയ്യാ പ്രവചനത്തിലെ ഈ വാക്കുകൾ ക്രിസ്തുവിൽ നിറവേറിയതു പോലെ ദൈവത്തിന്റെ ആത്മാവ് നമ്മിൽ നിറഞ്ഞു കഴിയുമ്പോൾ നമ്മളും ദൈവത്തെ തേടുന്നവരും അവിടുത്തെ പ്രഘോഷിക്കുന്നവരുമാകും.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.