

നിയമപാലനത്തിൽ കർക്കശക്കാരനായ പോലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് സുഹൃത്ത് പങ്കുവച്ചത് ഓർക്കുന്നു.
ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് വേറിട്ട നിലപാടുകളാണ്. ഒരിക്കൽ അദ്ദേഹത്തിന്റെ സുഹൃത്ത്, കേസിൽപ്പെട്ടിരിക്കുന്ന തന്റെ കൂട്ടുകാരനെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന ശുപാർശയുമായി അടുത്തു വന്നു.അപ്പോൾ ആ സുഹൃത്തിനോട് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “നമുക്ക് നല്ല സുഹൃത്തുക്കളായി കഴിയുന്നതല്ലേ നല്ലത്? താങ്കൾ സൂചിപ്പിച്ച വ്യക്തിയുടെ കേസ് ഞാൻ അന്വേഷിക്കും. എന്നാൽ ആ വ്യക്തി തെറ്റുകാരനാണെന്നറിഞ്ഞാൽ പരമാവധി ശിക്ഷയും വാങ്ങിക്കൊടുക്കും. നീതി അർഹിക്കുന്നെങ്കിൽ അയാളെ രക്ഷിക്കാനുള്ള നടപടികളും സ്വീകരിക്കും. സൗഹൃദത്തിന്റെ പേരിൽ ഉത്തരവാദിത്വത്തിൽ വീഴ്ച വരുത്താൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.”
ഇത്തരം നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തികൾ ഇന്നത്തെ സമൂഹത്തിൽ തീരെ കുറവായിരിക്കാം. ഇങ്ങനെയുള്ള വ്യക്തികളെ പലർക്കും താല്പര്യവും ഉണ്ടാകണമെന്നില്ല. സ്വാർത്ഥതാത്പര്യങ്ങൾക്കു വേണ്ടി മനസാക്ഷിക്കു നിരക്കാത്ത പ്രവൃത്തികൾ ചെയ്യുന്ന പലരും ആദരിക്കപ്പെടുകയും നന്മ ചെയ്യുന്ന പലരും അവഹേളനങ്ങൾക്ക് ഇരയാക്കപ്പെടുകയും ചെയ്യുന്ന കാലഘട്ടത്തിലൂടെയാണല്ലാ നമ്മൾ കടന്നുപോകുന്നത്.
മറ്റുള്ളവരുടെ അംഗീകാരവും കീർത്തിയും മാത്രം ലക്ഷ്യം വയ്ക്കുന്നിടത്ത് ദൈവഹിതം നിറവേറ്റാൻ നമ്മൾ മറക്കുമെന്ന യാഥാർത്ഥ്യം മനസിലാക്കാം. ഇവിടെയാണ് നഥാനയേൽ എന്ന വ്യക്തിയെക്കുറിച്ചുള്ള ക്രിസ്തുവിന്റെ പരാമർശം ശ്രദ്ധേയമാകുന്നത്. “നഥാനയേല് തന്റെ അടുത്തേക്കു വരുന്നതു കണ്ട് യേശു അവനെപ്പറ്റി പറഞ്ഞു: ഇതാ, നിഷ്കപടനായ ഒരുയഥാര്ഥ ഇസ്രായേല്ക്കാരന്!” (യോഹ. 1:47).
നിലപാടുകളിൽ വെള്ളം ചേർക്കാത്ത ഒരു വ്യക്തിയെക്കുറിച്ചുള്ള ക്രിസ്തുവിന്റെ വാക്കുകളാണ് മുകളിൽ കണ്ടത്. സ്ഥാനമാനങ്ങൾക്കും പദവികൾക്കും സത്പേരിനും വേണ്ടിയുള്ള ഓട്ടത്തിനിടയിൽ നമ്മിലുള്ള ദൈവീകതയെ ബലി കഴിക്കാതിരിക്കാൻ നമുക്ക് പരിശ്രമിക്കാം. അപ്പോൾ മാത്രമേ നമ്മെക്കുറിച്ചും നല്ലതു പറയാൻ ക്രിസ്തുവും തയ്യാറാകൂ.
ഫാ. ജെൻസൺ ലാസലെറ്റ്