മാഞ്ഞു പോകുന്ന കണ്ണീർ; തെളിയുന്നു പുതുജന്മം

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഒരു സ്കൂളിലെ വാർഷികാഘോഷം. കലാപരിപാടികൾ അരങ്ങേറുന്നു. പ്രോഗ്രാമിൽ ഒന്നിന്റെ അറിയിപ്പ് ഇങ്ങനെയായിരുന്നു: “സഹൃദയരേ, മോണോ ആക്ട് അവതരിപ്പിക്കാൻ വേദിയിലെത്തുന്നു അപ്പു (യഥാർത്ഥ പേരല്ല). ഡൗൺ സിൻഡ്രോം ബാധിച്ച അപ്പു കണ്ടതും കേട്ടതുമായ കാര്യങ്ങൾ തമാശരൂപേണ അവതരിപ്പിക്കുമ്പോൾ നമുക്ക് അവനെ പ്രോത്സാഹിപ്പിക്കാം.”

അപ്പു വേദിയിലെത്തി. കാക്ക, കുയിൽ, നായ, മയിൽ ഇങ്ങനെ പല ജീവജാലങ്ങളുടെയും ശബ്ദം അവൻ അനുകരിക്കാൻ തുടങ്ങി. അവന്റെ മിന്നും പ്രകടനത്തെ ജനം കരഘോഷത്തോടെ വരവേറ്റു. കൈയ്യടിയുടെ മധ്യത്തിലൂടെ അപ്പു വേദിയിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പ് പ്രധാനാധ്യാപകൻ അവന്റെ അമ്മയെ സ്റ്റേജിലേക്കു ക്ഷണിച്ചു.

“മകന്റെ പ്രകടനം കണ്ടിട്ട് എന്തു തോന്നുന്നു?”

മിഴികൾ തുടച്ചുകൊണ്ട് ഇടറിയ ശബ്ദത്തോടെ ആ സ്ത്രീ പറഞ്ഞു: “ഇവന്റെ അമ്മയായതിൽ എനിക്ക് അഭിമാനം തോന്നുന്നു. ഇങ്ങനെയൊരു മകനെ ദൈവം നൽകിയപ്പോൾ ആദ്യമെല്ലാം ദൈവത്തോട് ദേഷ്യം തോന്നിയെങ്കിലും പിന്നീട്  സന്തോഷമായി. ഈ മകനെ കേന്ദ്രീകരിച്ചാണ് ഞങ്ങളുടെ ജീവിതം ഇപ്പോൾ മുന്നോട്ടു നീങ്ങുന്നത്. ഇവൻ സ്റ്റേജിൽ കയറി പരിപാടി അവതരിച്ചപ്പോൾ താഴെയിരുന്ന് ഞാൻ പ്രാർത്ഥിക്കുകയായിരുന്നു. മറ്റു കുട്ടികളോടൊപ്പം മകനും സ്റ്റേജിൽ കയറണമെന്ന ആഗ്രഹമാണ് ഇന്ന് പൂവണിഞ്ഞത്. എല്ലാവർക്കും നന്ദി!”

ഏതൊരു മാതാപിതാക്കളും അഭിമാനിക്കുന്നത് അവരുടെ മക്കളെക്കുറിച്ച് മറ്റുള്ളവർ നല്ലത് പറയുമ്പോഴാണ്. അതുപോലെ തന്നെ മക്കൾ വഴി തെറ്റുമ്പോഴും മറ്റുള്ളവർ കുറ്റപ്പെടുത്തുമ്പോഴും മാതാപിതാക്കളുടെ ഹൃദയം മുറിവേൽക്കുകയും ചെയ്യുന്നു. അവന്റെ അമ്മയായ മറിയത്തെപ്പോലും ആനന്ദിപ്പിച്ച ക്രിസ്തുവിനെക്കുറിച്ചുള്ള വാക്കുകൾ; ജനക്കൂട്ടത്തിൽ നിന്നും അത് കേട്ടപ്പോൾ ക്രിസ്തു പ്രതികരിച്ച രീതി ശ്രദ്ധിക്കൂ: “നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ. അവന് പറഞ്ഞു: ദൈവവചനം കേട്ട്‌ അത് പാലിക്കുന്നവര് കൂടുതല് ഭാഗ്യവാന്മാര്” (ലൂക്കാ 11: 27-28).

2021 -നോട് വിട പറയുമ്പോൾ നമ്മളെല്ലാം ദൈവമക്കളാണെന്ന ചിന്ത മനസിൽ  സൂക്ഷിക്കാം. നമ്മുടെ കരം പിടിക്കാൻ അവിടുന്ന് ഉണ്ടാകുമെന്നും അവിടുത്തെ ഹിതം നിറവേറ്റുകയാണ് നമ്മുടെ ജീവിതലക്ഷ്യമെന്നും മറക്കാതിരിക്കാം. ദൈവത്തെ മുറിവേൽപ്പിക്കുന്ന പ്രവൃത്തികളൊന്നും 2022 -ൽ നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാകാതിരിക്കട്ടെ.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.