അമ്മാമ്മയും പുത്തൻ കുർബാനയും

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

സുഹൃത്തായ വൈദികൻ പങ്കുവച്ച അനുഭവം.

അദ്ദേഹം ഡീക്കനായിരിക്കുന്ന കാലം. തിരുപ്പട്ടത്തിന്റെ തീയതി നിശ്ചയിച്ചു. ആ ദിവസങ്ങളിലാണ് അമ്മാമ്മ തളർന്ന്  കിടപ്പിലാകുന്നത്. ആരെങ്കിലും എഴുന്നേൽപ്പിച്ച് ഇരുത്തിയാൽ കസേരയിലോ, കട്ടിലിലോ കുറച്ചുനേരം ഇരിക്കും. തനിയെ എഴുന്നേൽക്കാനോ, സ്വന്തം കാര്യങ്ങൾ ചെയ്യാനോ സാധിക്കുമായിരുന്നില്ല.

പേരക്കുട്ടിയുടെ പൗരോഹിത്യ സ്വീകരണത്തിലും പുത്തൻ കുർബാനയിലും പങ്കെടുക്കണമെന്നത് അമ്മാമ്മയുടെ വലിയ ആഗ്രഹമായിരുന്നു. എന്നാൽ കിടപ്പിലായതോടെ അമ്മാമ്മ ആകെ ദുഃഖിതയായി. രോഗശയ്യയിൽ അമ്മാമ്മയ്ക്ക് ഒരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ, എങ്ങനെയെങ്കിലും പേരക്കുട്ടിയുടെ തിരുപ്പട്ട സ്വീകരണത്തിൽ പങ്കെടുക്കണം.

കുടുംബാംഗങ്ങളിൽ ആരും അതിന് തയ്യാറല്ലായിരുന്നു. എന്നിട്ടും അമ്മാമ്മ പ്രാർത്ഥന നിർത്തിയില്ല. തിരുപ്പട്ടത്തിന്റെ തലേന്ന് ശെമ്മാച്ചനെ യാത്രയാക്കുന്നതിന് മുമ്പ് വീട്ടിൽ പ്രാർത്ഥന നടക്കുന്നു. പ്രാർത്ഥനക്കു മുമ്പായി അമ്മാമ്മ കൊച്ചുമോന്റെ കാതിൽ പറഞ്ഞു: “നാളെ എനിക്കും പള്ളിയിൽ വരണമെന്ന് ആഗ്രഹമുണ്ട്. നീ പറഞ്ഞാൽ അപ്പൻ കേൾക്കും.”

“അമ്മാമ്മ പ്രാർത്ഥിക്കൂ, എല്ലാം ശരിയാകും.” അതായിരുന്നു അവന്റെ മറുപടി.

വീട്ടിലെ പ്രാർത്ഥനക്കായി വികാരിയച്ചനും ഏതാനും ചില വൈദികരും ബന്ധുക്കളും എത്തിയിരുന്നു. പ്രാർത്ഥനക്കു ശേഷം വികാരിയച്ചൻ ഗൃഹനാഥനോട് ചോദിച്ചു: “നാളെ അമ്മയെ പള്ളിയിൽ കൊണ്ടുവരുന്നില്ലേ?”

“വയ്യാതിരിക്കുന്ന ആളല്ലേ. അതിപ്പോൾ എങ്ങനെയാ?”

“അതെല്ലാം ഞാൻ ക്രമീകരിക്കാം. എന്തു തന്നെയായാലും അമ്മയെ പള്ളിയിൽ കൊണ്ടുവരണം.”

വികാരിയച്ചൻ ഇടവകയിൽ അഗതിമന്ദിരം നടത്തുന്ന സിസ്റ്റേഴ്സിനോട് അമ്മാമ്മയുടെ കാര്യം പറഞ്ഞു. അവർ വാഹനവുമായി വന്ന് വീൽചെയറിൽ ഇരുത്തി അമ്മാമ്മയെ പള്ളിയിൽ എത്തിച്ചു. പേരക്കുട്ടിയുടെ കരങ്ങളിൽ നിന്ന് ആദ്യമായ് വിശുദ്ധ  കുർബാന സ്വീകരിച്ചപ്പോൾ ആ വയോവൃദ്ധ സന്തോഷം കൊണ്ട് കരയുകയായിരുന്നു. തിരുപ്പട്ടം കഴിഞ്ഞ് ഒരാഴ്ചക്കു ശേഷം ആ സ്ത്രീ നിത്യസമ്മാനത്തിനായി വിളിക്കപ്പെടുകയും ചെയ്തു.

ഇന്ന് ഈ സംഭവം ഓർക്കാൻ കാരണം ക്രിസ്തുവിനു വേണ്ടി വർഷങ്ങളോളം  പ്രാർത്ഥിച്ച് കാത്തിരുന്ന ശിമയോനെക്കുറിച്ചുള്ള ധ്യാനമാണ്. അദ്ദേഹവും  വയോവൃദ്ധനായിരുന്നു. “കര്ത്താവിന്റെ അഭിഷിക്തനെ കാണുന്നതു വരെ മരിക്കുകയില്ല എന്ന്‌ പരിശുദ്ധാത്മാവ്‌ അദ്ദേഹത്തിന് വെളിപ്പെടുത്തിയിരുന്നു” (ലൂക്കാ 2:26).

ആ വെളിപ്പെടുത്തലിൽ വിശ്വസിച്ച് രക്ഷകനെ ദർശിക്കാനായി നാളുകളെണ്ണി അയാൾ കാത്തിരുന്നു. അവസാനം ദിവ്യശിശുവിനെ കരങ്ങളിലെടുത്ത് ദൈവത്തെ കീർത്തിക്കുമ്പോൾ ആ പുണ്യപുരുഷന്റെ മിഴികളും നിറഞ്ഞൊഴുകി. അതുകൊണ്ടല്ലേ അകം നിറഞ്ഞ ആനന്ദത്തോടെ, “കര്ത്താവേ, അവിടുത്തെ വാഗ്‌ദാനമനുസരിച്ച്‌ ഇപ്പോള് ഈ ദാസനെ സമാധാനത്തില് വിട്ടയയ്‌ക്കണമേ!” (ലൂക്കാ 2:29) എന്ന് അയാൾ പ്രാർത്ഥിക്കുന്നത്?

നമ്മുടെ ഭവനങ്ങളിൽ വിവാഹം, ആദ്യകുർബാന സ്വീകരണം, തിരുപ്പട്ടം ഇങ്ങനെയുള്ള വിശേഷങ്ങൾ വരുമ്പോൾ സാധിക്കുമെങ്കിൽ പ്രായം ചെന്നവരെയും രോഗികളെയുമെല്ലാം അതിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കണം. എന്തെന്നാൽ ഒരുപക്ഷേ, അങ്ങനെ ഒരു ചടങ്ങിൽ പങ്കെടുക്കണമെന്നത് അവരുടെ അന്ത്യാഭിലാഷമാണെങ്കിലോ?

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.