കോപം ഇല്ലാതാക്കുന്ന ജീവിതങ്ങൾ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

അമ്മയുടെയും മക്കളുടെയും പരാതി അപ്പനെക്കുറിച്ചായിരുന്നു. അപ്പന് കോപം വന്നാൽ എന്താണ് ചെയ്യുന്നതെന്ന് ആർക്കും പ്രവചിക്കാനാകില്ല. ഒരിക്കൽ അപ്പന് അരിശം വന്നപ്പോൾ പറമ്പിൽ കുലച്ചു നിന്നിരുന്ന വാഴകളെല്ലാം വെട്ടിനശിപ്പിച്ചു. മറ്റൊരിക്കൽ രാത്രിസമയത്ത് കോഴികളെ കൂടു തുറന്നു വിട്ടു. അപ്പന്റെ കോപം മൂലം അരികു പൊട്ടാത്ത പാത്രങ്ങളോ, ഫർണീച്ചറുകളോ വീട്ടിൽ ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞത്.

ഞാൻ അദ്ദേഹത്തെ പിന്നീടെരിക്കൽ കണ്ട് സംസാരിച്ചെങ്കിലും സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായില്ല. ഭാര്യയും മക്കളും ഇപ്പോൾ അദ്ദേഹത്തോടൊപ്പമല്ല താമസിക്കുന്നതെന്നും ആരൊക്കെയോ പറഞ്ഞറിയാനിടയായി.

ചിലപ്പോഴെങ്കിലും നമ്മളെല്ലാം പരാജയപ്പെട്ടു പോകുന്നത് നമ്മുടെ വികാരക്ഷോഭങ്ങൾക്കു മുമ്പിലല്ലേ? ഉഗ്രകോപത്തിൽ പറയുന്ന വാക്കുകൾ, ചെയ്യുന്ന പ്രവൃത്തികൾ കുടുംബത്തിലും സമൂഹത്തിലുമെല്ലാം എത്രമാത്രം നാശമാണ് വിതയ്ക്കുന്നത്. വികാരങ്ങൾ തീരുമാനങ്ങളിലേക്ക് വഴിമാറുന്നിടത്താണ് പാപം ജനിക്കുന്നത്. അങ്ങനെ പാപം ജനിപ്പിച്ച വ്യക്തികളിലൊരാളാണ് ഹേറോദേസ്. ഉണ്ണിയേശു ജനിക്കുന്ന സ്ഥലം അറിയാൻ ജ്ഞാനികളെ അദ്ദേഹം പറഞ്ഞയച്ചെങ്കിലും അവർ കൊട്ടാരത്തിലേക്ക് തിരിച്ചു വരുന്നില്ല. ജ്ഞാനികൾ തന്നെ കബളിപ്പിച്ച് മറ്റു വഴിയേ യാത്ര തിരിച്ചെന്നു മനസിലാക്കിയ അദ്ദേഹം ബേത്‌ലഹേമിലെയും സമീപപ്രദേശങ്ങളിലെയും രണ്ടും അതില് താഴെയും വയസുള്ള എല്ലാ ആണ്കുട്ടികളെയും ആളയച്ചു വധിക്കുകയാണ് ചെയ്യുന്നത് (മത്തായി 2:16). ഒരു രാജാവിന്റെ പെട്ടന്നുള്ള കോപം മൂലം നിരപരാധികൾ വധിക്കപ്പെടുന്നു. പ്രജകളുടെ ജീവൻ സംരക്ഷിക്കേണ്ട നേതാവ് അവരുടെ പ്രാണന്റെ അന്തകനായി മാറുന്നു. നമ്മുടെ വികാരങ്ങൾക്കു മുകളിൽ വിവേകത്തിന്റെ മഞ്ഞുകണങ്ങൾ പെയ്തിറങ്ങട്ടെ. ഇല്ലെങ്കിൽ നമ്മിലൂടെ സംഭവിക്കുന്നതും നാശമാണെന്ന് തിരിച്ചറിയാം.

ഉണ്ണീശോയുടെ പേരിൽ ഹത്യ ചെയ്യപ്പെട്ട കുഞ്ഞിപ്പൈതങ്ങളെ സഭ  അനുസ്മരിക്കുകയാണ്. എന്തിനെന്നു പോലും തിരിച്ചറിയും മുമ്പേ വാളിന്റെ  മൂർച്ചയിൽ അരിഞ്ഞു വീഴ്ത്തപ്പെട്ട മാലാഖക്കുഞ്ഞുങ്ങളെക്കുറിച്ച് നമ്മുടെ മക്കളോടും സമൂഹത്തോടും പറയണം. ഉദരത്തിൽ തന്നെ വധിക്കപ്പെട്ടു പോകുന്ന കുഞ്ഞുമാലാഖമാരെ കൂടി ഈ ദിനം ചേർത്തുവയ്ക്കാം.

എല്ലാവർക്കും തിരുനാളിന്റെ മംഗളങ്ങൾ!

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.