ചാപ്പൽ തുറക്കാൻ കാത്തിരുന്ന മനുഷ്യൻ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഒരു ദിവസം മോഹനൻ ചേട്ടന്റെ ഫോൺ.

“അച്ചാ, നിത്യാരാധന ചാപ്പൽ തുറന്നിട്ടുണ്ടോ?”

“ഇല്ല, കൊറോണ വന്നതിൽ പിന്നെ ചാപ്പൽ തുറന്നിടാറില്ല. ആരെങ്കിലും ആവശ്യപ്പെട്ടാൽ മാത്രമേ തുറക്കാറുള്ളൂ.”

എന്റെ മറുപടി കേട്ടപ്പോൾ മോഹനേട്ടൻ പറഞ്ഞു: “ഇന്നൊരു ദിവസം അവധിയുണ്ട്. കുറച്ചു സമയം നിത്യാരാധനയിൽ പങ്കെടുക്കാമെന്നു കരുതി.”

അപ്പോൾ വീട്ടിലായിരുന്ന ഞാൻ ആശ്രമത്തിലേക്കു വിളിച്ചപ്പോൾ മറ്റ് അച്ചന്മാർ അവിടെ ഇല്ലെന്നറിഞ്ഞു.

“അച്ചന്മാർ ആരും അവിടെ ഇല്ലല്ലോ. ഞാനാണെങ്കിൽ സർജറി കഴിഞ്ഞ് വിശ്രമത്തിലുമാണ്. അവിടെയുള്ള ബ്രദറിനോട് ചാപ്പൽ തുറന്നിടാൻ പറയാം. എന്നാൽ ദിവ്യകാരുണ്യം എഴുന്നള്ളിച്ചു വയ്ക്കാൻ കഴിയില്ല.”

“അതു സാരമില്ലച്ചാ. ചാപ്പൽ തുറന്നു തന്നാൽ മാത്രം മതി! ഒത്തിരി നന്ദി.”

ഇരുപതു വർഷങ്ങൾക്കു മുമ്പ് ക്രിസ്തുവിനെ അറിഞ്ഞു മാമ്മോദീസ സ്വീകരിച്ച മോഹനൻ ചേട്ടൻ ഒരു സ്കൂളിലെ ഓഫീസ് സ്റ്റാഫാണ്. ഒഴിവുസമയങ്ങളിൽ ചാപ്പലിൽ വന്ന് പ്രാർത്ഥിക്കുക അദ്ദേഹത്തിന്റെ ശീലമാണ്.

ദിവ്യകാരുണ്യ നാഥനു മുമ്പിൽ പതിവായി പ്രാർത്ഥിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് മോഹനേട്ടൻ പറഞ്ഞിത് ഇങ്ങനെയാണ്: “പണ്ടൊക്കെ മണിക്കൂറുകൾ ദിവ്യകാരുണ്യ നാഥനു മുമ്പിൽ ചിലവഴിക്കുമായിരുന്നു. ഇപ്പോൾ ജോലിഭാരമുള്ളതിനാൽ അതിന് കഴിയുന്നില്ല. എങ്കിലും സാധിക്കുമ്പോൾ ഇവിടെ വന്നില്ലെങ്കിൽ എന്തോ ഒരു ശൂന്യത അനുഭവപ്പെടും.”

“ആര്ക്കെങ്കിലും ദാഹിക്കുന്നെങ്കില് അവന് എന്റെ അടുക്കല് വന്നു കുടിക്കട്ടെ. എന്നില് വിശ്വസിക്കുന്നവന്റെ ഹൃദയത്തില്നിന്ന്‌, വിശുദ്ധ ലിഖിതം പ്രസ്‌താവിക്കുന്നതു പോലെ, ജീവജലത്തിന്റെ അരുവികള് ഒഴുകും” (യോഹ. 7: 37-38) എന്ന വചനം ഇവിടെ ചിന്തനീയമാണ്.

ജീവിത തിരക്കുകൾക്കിടയിൽ ദിവ്യകാരുണ്യ സന്നിധിയിൽ മാത്രമല്ല മാതാപിതാക്കളോടും മക്കളോടും ജീവിതപങ്കാളിയോടും ബന്ധുക്കളോടും ഒപ്പമൊന്നും സമയം ചെലവഴിക്കാൻ പലർക്കും കഴിയുന്നില്ല. അതു തന്നെയാണ് പല ബന്ധങ്ങളുടെയും തകർച്ചക്കു കാരണവും. മോഹനേട്ടൻ നൽകുന്ന പാഠം നമ്മുടെ മനസ്സുകളെയും പ്രകാശപൂരിതമാകട്ടെ!

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.