അറിയില്ല എന്ന തിരിച്ചറിവ്

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

തൃശൂർ ജില്ലയിലെ കോട്ടയ്ക്കൽ കോളജിലായിരുന്നു പ്രീഡിഗ്രി പഠനം. അന്നത്തെ കാലത്ത് സെമിനാരി ബ്രദേഴ്സിനെ നാട്ടുകാർ “അച്ചൻ കുഞ്ഞുങ്ങൾ” എന്നാണ് വിളിച്ചിരുന്നത്! (ആടിന്റെ കുഞ്ഞുങ്ങളെ ആട്ടിൻകുഞ്ഞുങ്ങളെന്നും കോഴിയുടെ കുഞ്ഞുങ്ങളെ കോഴിക്കുഞ്ഞുങ്ങൾ എന്നും പറയുന്നതുപോലെ വൈദികനൊപ്പം നടന്നുപോകുന്ന സെമിനാരിക്കാരെ കാണുമ്പോൾ നാട്ടുകാർ അച്ചനോട് ചോദിക്കും; “ഈ ‘അച്ചൻകുഞ്ഞുങ്ങളുമായി’ എങ്ങോട്ടാന്ന്”).

ഞങ്ങൾ എട്ടു പേരും ഫോർത്ത് ഗ്രൂപ്പ് (കോമേഴ്സ്) ആണ് തെരഞ്ഞെടുത്തത്‌. ക്ലാസുകൾ ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ ഞങ്ങളിൽ ചിലർക്ക് പഠനവുമായി മുന്നോട്ടു നീങ്ങാൻ ബുദ്ധിമുട്ടനുഭവപ്പെട്ടു. കൊമേഴ്സ് ഒട്ടും മനസിലാകുന്നില്ല. വിഷമവുമായി ഞങ്ങൾ റെക്ടറച്ചനെ സമീപിച്ചു. അച്ചൻ ഞങ്ങളുടെ കാര്യം പ്രിൻസിപ്പാളച്ചനുമായി സംസാരിച്ചു. യൂണിവേഴ്സിറ്റി റജിസ്ട്രേഷൻ കഴിയാത്തതിനാൽ ഞങ്ങളോട് തേർഡ് ഗ്രൂപ്പിൽ (ആർട്ട്സ്) ചേർന്ന് പഠനം തുടരാനായിരുന്നു പ്രിൻസിപ്പാളച്ചന്റെ നിർദ്ദേശം.

അങ്ങനെ ഞങ്ങൾ അഞ്ചു പേർ തേർഡ് ഗ്രൂപ്പിൽ ചേർന്നു. മലയാളവും ചരിത്രവും ഇക്കണോമിക്സും. വലിയ കുഴപ്പമില്ലാതെ പഠനം മുന്നോട്ടു നീങ്ങുമ്പോഴാണ് ഇടിത്തീ പോലെ ഞങ്ങൾ ആ വാർത്തയറിയുന്നത്. ആ വർഷം ഇക്കണോമിക്സിന്റെ സിലബസിൽ മാറ്റമുണ്ടത്രേ. ഇക്കണോമിക്സിന്റെ കൂടെ സ്റ്റാറ്റിസ്റ്റിക്സും ഉൾപ്പെടുത്തിയിരിക്കുന്നു! സ്റ്റാറ്റിസ്റ്റിക്സിലാണെങ്കിൽ കണക്കിന്റെ ഘോഷയാത്രയാണ്. ഞങ്ങൾ മാത്രമല്ല, ഞങ്ങളെ ഇക്കണോമിക്സ് പഠിപ്പിച്ച ഷീബ ടീച്ചറും പ്രതിസന്ധിയിലായി. ടീച്ചർ സ്‌റ്റാറ്റിറ്റിക്സ് പഠിപ്പിച്ചത് ഞങ്ങൾക്കു മാത്രമല്ല ടീച്ചർക്കു പോലും മനസിലായിരിക്കില്ല.

ഒരു ദിവസം ടീച്ചർ ഞങ്ങളോട് പറഞ്ഞു: “സ്റ്റാറ്റിറ്റിക്സ് ഇത്രയും ദിവസം പഠിപ്പിച്ചത് കൊമേഴ്സിലെ രാജേഷ് സാറിനോട് ചോദിച്ചാണ്. എന്റെ പരിമിതമായ അറിവു കൊണ്ട് നിങ്ങളെ ഇനിയും പഠിപ്പിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ അഭ്യർത്ഥന മാനിച്ച് ഇനി മുതൽ സ്റ്റാറ്റിസ്റ്റിക്സ് പഠിപ്പിക്കാൻ രാജേഷ് സാറായിരിക്കും വരിക.” രാജേഷ് സാർ വളരെ വ്യക്തമായ് പഠിപ്പിച്ചതിനാൽ ആർട്സ് ഗ്രൂപ്പുകാരിൽ ഏറെപ്പേരും സ്റ്റാറ്റിസ്റ്റിക്സ് കടന്നുകൂടിയെന്നു പറയാം.

ഇന്നിപ്പോൾ ഞാൻ ചിന്തിക്കുന്നത് ഷീബ ടീച്ചറുടെ എളിമയെക്കുറിച്ചാണ്. തനിക്ക് ആ വിഷയം പഠിപ്പിക്കാൻ അറിയില്ലെന്ന് തുറന്നു പറയാനും മാനേജ്മെന്റിന്റെ അനുവാദത്തോടെ രാജേഷ് സാറിനെ സമീപിക്കാനും കഴിഞ്ഞത് ടീച്ചറിലെ നന്മയാണ്. എല്ലാം തികഞ്ഞവരാണെന്ന ചിന്ത മാറ്റുന്നിടത്തേ അനുഗ്രഹത്തിന്റെ ചാലുകൾ ഒഴുകൂ.

നമുക്കിടയിൽ ഇന്നും ദൈവനിഷേധികളായവർ ധാരാളമില്ലേ. ദൈവമില്ലെന്ന് തെളിയിക്കാൻ അവർ പാടുപെടുകയാണ്. ശാസ്ത്രത്തിലുള്ള അല്പജ്ഞാനം അവർ അതിനായി കൂടെക്കൂടെ വിളമ്പുന്നു. ഈ അല്പജ്ഞാനം അവരെ ദൈവനിഷേധത്തിൽ പിടിമുറുക്കുമ്പോള് ശാസ്ത്രത്തിലുള്ള അഗാധജ്ഞാനം അനേകരെ ദൈവത്തിലേക്കാണ് നയിച്ചിട്ടുള്ളതെന്ന് വാസ്തവം.

ഇതിന് പറ്റിയ ഉദാഹരണം സുവിശേഷത്തിലുമുണ്ട്. “ഞാന് പോകുന്നിടത്തേക്കുള്ള വഴി നിങ്ങള്ക്കറിയാം” എന്ന് ക്രിസ്തു പറഞ്ഞപ്പോൾ, “കര്ത്താവേ, നീ എവിടേക്കു പോകുന്നുവെന്നു ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങള് എങ്ങനെ അറിയും?” (യോഹ. 14: 3-5 ) എന്ന് ചോദിച്ചത് തോമസ് ശ്ലീഹയാണ്.

തോമസിന്റെ നിഷ്കളങ്കതക്കു മുമ്പിലാണ് “വഴിയും സത്യവും ജീവനും ഞാനാണ്‌. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല” (യോഹ. 14:6) എന്ന വെളിപ്പെടുത്തൽ ക്രിസ്തു നടത്തിയത്.

അറിയാത്ത കാര്യങ്ങൾ അറിയില്ലെന്ന് പറയുന്നിടത്ത് ദൈവാനുഗ്രഹം  ചൊരിയപ്പെടുമെന്ന് വിശ്വസിച്ച് എളിമയിൽ വളരാനാകട്ടെ തുടർന്നുള്ള നമ്മുടെ ശ്രമങ്ങൾ.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.