ഉറക്കമില്ലാത്തതിന്റെ യഥാർത്ഥ കാരണം

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

അറുപതു വയസ് പ്രായമുള്ള ഒരു സ്ത്രീക്കു വേണ്ടി പ്രാർത്ഥിക്കാൻ കൊണ്ടുവന്ന സംഭവം ഓർമ്മയിലുണ്ട്. രാത്രിയും പകലും ഉറക്കമില്ല. അതായിരുന്നു അവരുടെ പ്രധാന പ്രശ്നം. അവർക്കു വേണ്ടി ഞാൻ പ്രാർത്ഥിച്ചു. ലഭിച്ച ആത്മീയപ്രചോദനത്താൽ ഇങ്ങനെ ചോദിച്ചു:

“ഉറക്കം നഷ്ടപ്പെട്ടിട്ട് എത്ര കാലമായി?”

“മൂന്നു മാസം.”

“അമ്മച്ചിക്ക് സ്വർണ്ണമോ, പണമോ അങ്ങനെ സമ്പാദ്യം വല്ലതുമുണ്ടോ?”

അത് ചോദിച്ചപ്പോൾ അവർ അല്പനേരം ഒന്നും മിണ്ടിയില്ല. പിന്നീട് ചുറ്റുപാടും നിരീക്ഷിച്ച ശേഷം കസേര കുറച്ചു കൂടെ എന്റെ അടുത്തേക്ക് ചേർത്ത് ഇങ്ങനെ പറഞ്ഞു: “പത്തു പവനോളം ആഭരണങ്ങളുണ്ട്. കൂടാതെ അമ്പതിനായിരം രൂപയും മൂന്നേക്കർ സ്ഥലവും. അച്ചനറിയുമോ, മാതാപിതാക്കളെ കൊലപ്പെടുത്തി മക്കൾ സ്വത്ത് അപഹരിക്കുന്ന കാലമാണിത്. അങ്ങനെയുള്ള വാർത്തകൾ നമ്മൾ ടി.വിയിൽ മിക്കവാറും കാണുന്നില്ലേ? ഞാൻ ഇല്ലാതാകണമെന്നാണ് മക്കൾ ആഗ്രഹിക്കുന്നത്.”

അമ്മച്ചിയുടെ വാക്കുകളിൽ നിന്ന് ഉറക്കമില്ലായ്മയുടെ കാരണം എനിക്ക് മനസിലായി. ഞാൻ അമ്മച്ചിയോട് പറഞ്ഞു: “ഇത്രയും സമ്പത്തിന്റെ ആവശ്യം അമ്മച്ചിക്കുണ്ടോ? ഉറക്കം ശരിയാകണമെങ്കിൽ മക്കളെ വിശ്വസിക്കുക. അവർ നല്ലവർ ആയതുകൊണ്ടല്ലേ ഇപ്പോൾ അമ്മച്ചിയെ ഇവിടെ കൊണ്ടുവന്നത്? സാധിക്കുമെങ്കിൽ അവരുമായി സമ്പാദ്യം പങ്കുവയ്ക്കുക. ഇനിയും ഇവയൊന്നും ചെയ്യാനായില്ലെങ്കിൽ ഉറക്കമില്ലാത്ത ദിനങ്ങളായിരിക്കും തുടർന്നും ഉണ്ടാകുക.”

മാസങ്ങൾക്കു ശേഷം അമ്മച്ചി വീണ്ടും എന്നെ കാണാൻ വന്നു. സന്തോഷത്തോടെ അവർ പറഞ്ഞു: “ഇപ്പോൾ എന്റെ അസ്വസ്ഥതകളെല്ലാം മാറി. അച്ചൻ സൂചിപ്പിച്ചതുപോലെ മക്കളോട് ഞാൻ എല്ലാ കാര്യങ്ങളും പറഞ്ഞു. സ്ഥലം വീതം വച്ചു നൽകി. എന്റെ കാലശേഷം ബാങ്കിലെ പണവും സ്വർണ്ണവുമെല്ലാം എന്തുചെയ്യണമെന്നും അവരോട് പറഞ്ഞു. എല്ലാം പങ്കുവച്ചപ്പോൾ വല്ലാത്ത സന്തോഷം.”

ഈ സ്ത്രീയുടെ ജീവിതം നമ്മെ ചിലത് പഠിപ്പിക്കുന്നുണ്ട്. വയസും പ്രായവും ഏറുന്തോറും സമ്പത്തിനോടും ജീവനോടുമുളള കൊതിയും സ്വാർത്ഥതയുമെല്ലാം വർദ്ധിക്കും. എന്നാൽ അവയെ നിയന്ത്രിക്കാനാകണം. ആവശ്യത്തിനുള്ളതു മാത്രം കരുതുക. ദൈവത്തിൽ ആശ്രയിക്കുക. “കൊടുക്കുവിന്‍; നിങ്ങള്‍ക്കും കിട്ടും. അമര്‍ത്തിക്കുലുക്കി നിറച്ചളന്ന്‌ അവര്‍ നിങ്ങളുടെ മടിയില്‍ ഇട്ടുതരും. നിങ്ങള്‍ അളക്കുന്ന അളവു കൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നു കിട്ടും” (ലൂക്കാ 6:38) എന്ന വചനം ഇവിടെ അന്വർത്ഥമാണ്.

നമുക്കുള്ളത് മറ്റുള്ളവരുമായി പങ്കിടുമ്പോൾ മാത്രമേ ആവശ്യമുള്ളത് ദൈവം തരികയുള്ളൂ. ചുരുക്കിപ്പറഞ്ഞാൽ കൂട്ടിവയ്ക്കലുകൾ സന്തോഷത്തെ ഇല്ലാതാക്കും.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.