കുഞ്ഞുമായി വന്ന ദമ്പതികൾ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

രണ്ടു വർഷമായി വിദേശത്ത് ജോലിക്കു വേണ്ടി ശ്രമിച്ച ദമ്പതികളെക്കുറിച്ച് ഒരിക്കൽ ഞാൻ എഴുതിയിരുന്നു. വിദേശജോലിക്കുള്ള തടസം മാറാനാണ് അന്ന് അവർ പ്രാർത്ഥിക്കാൻ വന്നത്.

ഞാന്‍ അവരോട് ചോദിച്ചു:”വിവാഹം കഴിഞ്ഞിട്ട് എത്ര നാളായി?”

“രണ്ടു വർഷം.”

“മക്കൾ?”

“ഇല്ലച്ചാ, ജോലി ലഭിച്ചതിനു ശേഷം ആലോചിക്കാമെന്നു കരുതി.”

അവർക്കായി പ്രാർത്ഥിച്ച ശേഷം ഞാൻ പറഞ്ഞു: “നിങ്ങൾക്കിരുവർക്കും നാട്ടിൽ തരക്കേടില്ലാത്ത ജോലിയുണ്ട്. കുടുംബം പോറ്റാനാണല്ലോ കൂടുതൽ വരുമാനമുള്ള വിദേശജോലി തേടുന്നത്? ഇപ്പോൾ കുഞ്ഞിനെയാണ് ദൈവം നിങ്ങൾക്ക് നൽകാൻ ആഗ്രഹിക്കുന്നത്. കുഞ്ഞ് വലുതാകുമ്പോൾ അതിന്റെ വളർച്ചയ്ക്കും പഠനത്തിനും ഭദ്രതയ്ക്കും വേണ്ടിയുള്ളതെല്ലാം ദൈവം നിങ്ങൾക്ക് സമയാസമയങ്ങളിൽ തന്നുകൊള്ളും.”

ആദ്യം അല്പം വിഷമത്തോടെയാണെങ്കിലും പിന്നീട് ഏറെ സന്തോഷത്തോടെയാണ് അവർ ആ സന്ദേശം ഉൾക്കൊണ്ടത്. പോകാൻ സമയത്ത് അവർ പറഞ്ഞു: “വിശേഷമാകുമ്പോൾ ഞങ്ങൾ ആദ്യം അച്ചനെ വിളിച്ചറിയിക്കും. അച്ചൻ പ്രാർത്ഥിക്കണം.”

രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവര്‍ എന്നെ ഫോൺ വിളിച്ചു. ഭർത്താവാണ് സംസാരിച്ചത്: “അച്ചാ, ഒരു സന്തോഷവാർത്തയുണ്ട്. ഭാര്യ ഗർഭിണിയാണ്. സത്യത്തിൽ ഞങ്ങൾ അവിടെ വരുമ്പോൾ എന്റെ ഭാര്യ ഗർഭിണിയായിരുന്നു. ഒരുപക്ഷേ, ഞങ്ങൾ അവിടെ വന്നില്ലായിരുന്നു എങ്കിൽ ഞങ്ങൾക്കിത് ദുഃഖവാർത്തയാകുമായിരുന്നു.” തുടർന്നും പ്രാർത്ഥിക്കണേ എന്നു പറഞ്ഞ് അയാൾ ഫോൺ വച്ചു.

ഉദരശിശുവിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അവർ വിളിച്ച് വിവരം പറയുമായിരുന്നു. ആ നാളുകളിൽ തന്നെ ദൈവം ആ യുവാവിന് ശമ്പള ഉയർച്ച നൽകി അനുഗ്രഹിച്ചത് എന്നെയും അത്ഭുതപ്പെടുത്തി. പ്രസവശേഷം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകും വഴി അവർ ആശ്രമ ദൈവാലയത്തിൽ വന്ന് പ്രാർത്ഥിച്ചു.

അവര്‍ ഇരുവരും കുഞ്ഞുമായ് ഇന്ന് എന്നെ കാണാൻ വന്നിരുന്നു. ഒത്തിരി സന്തോഷത്തോടെ മാമ്മോദീസ ക്ഷണിച്ചു. പള്ളിയിൽ കയറി പ്രാർത്ഥിച്ചു. അവർ പോയതിനു ശേഷമാണ് ദൈവാലയത്തിലിരുന്ന് ഞാന്‍ ഈ കുറിപ്പ് തയ്യാറാക്കുന്നത്. കർത്താവിന്റെ അത്ഭുതകരമായ ഇടപെടലിനെ ഓർത്ത് ഞാൻ നന്ദി പറയുന്നു.

ആഗമനകാലത്തിന്റെ ആരംഭത്തിൽ ദൈവീക ഇടപെടലുകൾ തിരിച്ചറിഞ്ഞ് പ്രത്യുത്തരിച്ച വ്യക്തികളെ നമുക്കോർക്കാം. മറിയവും യൗസേപ്പും ആട്ടിടയരും ജ്ഞാനികളുമെല്ലാം അക്കൂട്ടത്തിൽപെട്ടവരാണ്. അവരോട് ചേർത്തുവയ്ക്കാവുന്നവരാണ് വൃദ്ധദമ്പതികളായ സക്കറിയാസും എലിസബത്തും. വൃദ്ധയും വന്ധ്യയുമായ തന്റെ ഭാര്യയിൽ നിന്ന് ഒരു കുഞ്ഞ് എന്ന ദൈവീകസന്ദേശം ഉൾക്കൊള്ളാൻ ഏതൊരു വ്യക്തിയേയും പോലെ സക്കറിയാക്കും ബുദ്ധിമുട്ടായിരുന്നു. ദൈവീക ഇടപെടലിനെ സംശയിച്ചു എന്ന പേരിൽ അദ്ദേഹം ഊമനാക്കപ്പെട്ടു (ലൂക്ക 1:5-25).

ഒരുപക്ഷേ സംസാരിക്കാതിരുന്ന ആ ദിവസങ്ങളിലായിരിക്കാം ദൈവകാരുണ്യത്തെയോർത്ത് അദ്ദേഹം മിഴിനീരൊഴുക്കിയത്. പരാതിയില്ലാതെ ദൈവഹിതത്തിനു മുമ്പിൽ സന്തോഷത്തോടെ ശിരസു നമിച്ച വിശുദ്ധ വ്യക്തിത്വങ്ങൾ നമുക്ക് മാതൃകയാകട്ടെ. ദൈവഹിതം തിരിച്ചറിയാനും പ്രാവർത്തികമാക്കാനുമുള്ള കൃപയ്ക്കു വേണ്ടിയാകട്ടെ നമ്മുടെ പ്രാർത്ഥന.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.