പല്ലു തേക്കാത്ത ഭർത്താവ്

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

മലയാള മനോരമയിലെ ശുഭദിനം പംക്തിയിൽ വന്ന കഥ.

ഭാര്യാഭർത്താക്കന്മാർ തമ്മിൽ എന്നും വഴക്കാണ്. പല്ലു തേച്ചു കഴിഞ്ഞാൽ ടൂത്ത്പേസ്റ്റ് അടച്ചുവയ്ക്കാൻ ഭർത്താവ് മറന്നുപോകും. എത്ര തവണ ഓർമ്മപ്പെടുത്തിയാലും അദ്ദേഹത്തിന്റെ പ്രവർത്തിക്ക് മാറ്റമൊന്നുമില്ല. ഒരുനാൾ ഭർത്താവ് ചിന്തിച്ചു: “ഞാനൊന്നു മനസു വച്ചാൽ മാറ്റാവുന്ന മറവിയേ ഉള്ളൂ. എന്തായാലും പരിശ്രമിക്കുക.” പിറ്റേന്നു മുതൽ അദ്ദേഹം ടൂത്ത്പേസ്റ്റ് എടുത്ത ശേഷം അത് അടച്ചുവയ്ക്കാൻ തുടങ്ങി. തന്നിലെ മാറ്റം കണ്ട് ഭാര്യ തന്നെ അനുമോദിക്കുമെന്നാണ് അയാൾ കരുതിയത്. എന്നാൽ ഭാര്യയിൽ നിന്നും ഒരു നല്ല വാക്കു പോലും കേൾക്കാനായില്ല.

ഒരാഴ്ച കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ അയാളോട് ചോദിച്ചു: “നിങ്ങൾക്കിതെന്തു പറ്റി, ഒരാഴ്ചയായി നിങ്ങൾ പല്ലു തേക്കുന്നില്ലേ?”

ചിലപ്പോഴെല്ലാം ഈ കഥയിലെ ഭാര്യയെപ്പോലെയല്ലേ നമ്മളും? നന്മ കാണാതെ കുറ്റങ്ങളും കുറവുകളും മാത്രം കാണുകയും പറയുകയും ചെയ്യുന്നവർ? അങ്ങനെ തന്നെയായിരുന്നു ക്രിസ്തുവിന്റെ കാലത്തെ യഹൂദരും. “അവന് വളരെ അടയാളങ്ങള് അവരുടെ മുമ്പാകെ പ്രവര്ത്തിച്ചെങ്കിലും അവര്‍ അവനില് വിശ്വസിച്ചില്ല” (യോഹ. 12:37).

യഹൂദരുടെ കൺമുമ്പിൽ അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ചിട്ടും അവർ ക്രിസ്തുവിൽ  വിശ്വസിക്കുകയോ, അവനെ ദൈവപുത്രനായി അംഗീകരിക്കുകയോ ചെയ്യാത്തത് ക്രിസ്തുവിനെ നൊമ്പരപ്പെടുത്തി. കൂടെ വസിക്കുന്നവരിലെ നന്മ കാണാനുള്ള കാഴ്ചയ്ക്ക് മങ്ങലേൽക്കുമ്പോൾ ദൈവീക ഇടപെടലുകൾ പോലും നഷ്ടമാകുമെന്ന് തിരിച്ചറിയാം. അതുകൊണ്ട് ജീവിതപങ്കാളിയുടെയും മക്കളുടെയും  സഹപ്രവർത്തകരുടെയുമെല്ലാം സദ്ഗുണങ്ങൾ കാണാനും അനുമോദിക്കാനും ശ്രമിക്കാം. സന്തോഷത്തിന്റെ കൊള്ളിയാൻ ഹൃദയങ്ങളിൽ മിന്നട്ടെ!

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.