ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ!

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

മകന്റെ മരണത്തെക്കുറിച്ചുളള ആ അമ്മയുടെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ഇന്നും സജീവമാണ്. ആത്മനൊമ്പരത്തോടെയല്ലാതെ അത് കേൾക്കാനാകില്ല.

“എന്റെ മകന് മൊബൈൽ ഫോൺ വാങ്ങിക്കൊടുത്തത് പഠിക്കാനായിരുന്നു. അവൻ അതിന് അടിമയായിത്തീർന്നെന്ന സത്യം ഞങ്ങൾ അറിഞ്ഞപ്പോഴേക്കും വൈകിയിരുന്നു. ഭക്ഷണത്തിനോ, പ്രാഥമിക ആവശ്യങ്ങൾക്കോ പോകാതെ മണിക്കൂറുകളോളം അവൻ മൊബൈൽ ഗെയിം കളിച്ചുകൊണ്ടിരിക്കും. ഒരു ദിവസം 12 മണിക്കൂർ കഴിഞ്ഞിട്ടാണ് അവൻ അടച്ചിട്ട മുറിയിൽ നിന്നും പുറത്തേക്ക് വരുന്നത്. വാശിയും ദേഷ്യവും അനുദിനം കൂടിവന്നപ്പോൾ എന്തു ചെയ്യണമെന്നറിയാതെ ഞങ്ങൾ പകച്ചു നിന്നു പോയി. ഇടയ്ക്കിടെ പണം ആവശ്യപ്പെടുമായിരുന്നു. ആഴ്ച തോറും ആയിരങ്ങളാണ് അവൻ ചിലവഴിച്ചിരുന്നത്. മരിക്കുന്നതിനു മുമ്പ് പുതിയ മൊബൈൽ ഫോൺ വേണമെന്ന വാശിയായിരുന്നു. ‘വാങ്ങിത്തരില്ല’ എന്ന് തറപ്പിച്ചു പറഞ്ഞതിന്റെ ദേഷ്യം അവൻ തീർത്തത് സ്വന്തം ജീവനൊടുക്കിയാണ്. ഒരു ഗെയിമിലൂടെ ഞങ്ങൾക്ക് ഞങ്ങളുടെ മകനെ നഷ്ടമായി. ഇനിയാർക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ.”

മക്കളെക്കുറിച്ചുള്ള മാതാപിതാക്കളുടെ കണ്ണീർക്കഥകൾക്ക് ഇന്ന് പുതുമ  നഷ്ടപ്പെട്ടിരിക്കുന്നു. ഏറ്റവും നല്ല കുടുംബത്തിലെ നല്ല മക്കൾ എന്ന് പറയപ്പെടുന്നവർ പോലും ഇങ്ങനെയുള്ള ചതിക്കുഴികളിൽ വീണുപോകുന്നു എന്നത് എത്രയോ ഭയാനകമാണ്. അതുകൊണ്ട് ഇക്കാലഘട്ടത്തിൽ ക്രിസ്തു തന്റെ ശിഷ്യർക്കു വേണ്ടി പ്രാർത്ഥിച്ച അതേ പ്രാർത്ഥനയാണ് മാതാപിതാക്കൾ മക്കൾക്കു വേണ്ടിയും പ്രാർത്ഥിക്കേണ്ടത്: “ലോകത്തിൽ നിന്ന്‌ അവരെ അവിടുന്ന്‌ എടുക്കണം എന്നല്ല, ദുഷ്‌ടനിൽ നിന്ന്‌ അവരെ കാത്തുകൊള്ളണം എന്നാണ് ഞാന് പ്രാര്‍ത്ഥിക്കുന്നത്‌” (യോഹ. 17:15).

അതെ, നമ്മുടെ മക്കളെ ലോകത്തിൽ നിന്നും എടുക്കാനല്ല, ദുഷ്ടരിൽ നിന്നും കാക്കാനാണ് നമ്മളും യാചിക്കേണ്ടത്.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.