

വയനാട്ടില്‍ ഞാന്‍ താമസിക്കുന്ന ലാസലെറ്റ് ആശ്രമത്തിന് നാലേക്കര്‍ സ്ഥലമാണുള്ളത്. പള്ളിയും ധ്യാനകേന്ദ്രവും പ്രാര്ത്ഥനാകൂടാരങ്ങളുമൊക്കെയാണ് ഇവിടെയുള്ളത്. വീഥികളിലും മറ്റു ചില പ്രധാന ഇടങ്ങളിലും രാത്രിയില്‍ ലൈറ്റ് ഓണാക്കിയിടുക പതിവാണ്. അവ അണയ്ക്കാന്‍ ഇന്ന് പുലര്‍ച്ചെ പുറത്തേക്കിറങ്ങാന്‍ നില്ക്കുമ്പോള് ശക്തമായ മഴ. കുറച്ചു നേരം കാത്തുനിന്നിട്ടും മഴ ശമിക്കുന്നില്ല. പൂമുഖത്തിരുന്ന വലിയ കുടയെടുക്കാന്‍ മനസ് മന്ത്രിച്ചു.
ഞാന്‍ മുറ്റത്തേയ്ക്കിറങ്ങിയത് ഇഷ്ടപ്പെടാത്തതുപോലെ മഴ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കാന്‍ തുടങ്ങി. കൂടെ ചുളുചുളുപ്പന്‍ കാറ്റും. ഒരു വിധത്തില്‍ ലൈറ്റുകളണച്ച് തിരിച്ചെത്തിയപ്പോഴേയ്ക്കും വസ്ത്രമാകെ നനഞ്ഞ് കുതിര്‍ന്നിരുന്നു. പിന്നീട് എന്റെ ഉള്ളം പറഞ്ഞു: “ജീവിതവും ചിലപ്പോഴെല്ലാം ഇങ്ങനെയാണ്. ഒരു കുടയുടെ ബലത്തില്‍ നനയാതിരിക്കാന്‍ ശ്രമിക്കുമ്പോഴായിരിക്കും കുട കൊണ്ട് മറയ്ക്കാന്‍ കഴിയാത്ത ശക്തിയില്‍ കാറ്റും മഴയും വരിക.”
ഇന്ന് ഈ ചിന്തകള്‍ കുറിക്കാന്‍ കാരണം അവളാണ്; സമരിയക്കാരി. അവളുടെ ജീവിതകഥ വായിക്കാത്തവര്‍ ഉണ്ടാവില്ല (Ref: യോഹ. 4). പതിവുപോലെ ആളൊഴിഞ്ഞ സമയം നോക്കി അന്നുമവള് കിണറ്റിന് കരയിലെത്തി. എന്നാല്‍ അന്ന്, സകല പ്രതീക്ഷകളും തകര്‍ത്തുകൊണ്ട് ആര്‍ത്തിരമ്പുന്ന മഴ പോലെയാണ് അവള്‍ക്കരികില്‍ ക്രിസ്തു എത്തിയത്. ക്രിസ്തുവിന്റെ ചോദ്യങ്ങളെ നുണയുടെ കുട കൊണ്ട് മറയ്ക്കാന്‍ ശ്രമിച്ചിട്ടും അവള് പരാജിതയായി. ക്രിസ്തുവിന്റെ ‘പെയ്ത്തില്‍’ അവളാകെ നനഞ്ഞുകുതിര്‍ന്നു. ആ നനവ് അവളെ ഒരു പുതിയ സ്ത്രീയാക്കി. പാപക്കറകളെല്ലാം കഴുകപ്പെട്ട് പുത്തനഴകില് അവള് കൂടുതല്‍ പ്രശോഭിതയായി.
ഒരു മഴപ്പെയ്ത്തു പോലെ ക്രിസ്തുവിനോട് നമ്മുടെ ജീവിതത്തില്‍ ഇടപെടാന്‍ പറയുക. അവിടുത്തെ അനുഗ്രഹമഴയാല് നനയപ്പെടുമ്പോള് നമ്മളും പുതുസൃഷ്ടിയാകും. ജീവിതം കൂടുതല്‍ പ്രകാശപൂരിതമാവുകയും ചെയ്യും.
ഫാ. ജെന്സണ് ലാസലെറ്റ്