കാടിന് തീ പിടിച്ചപ്പോൾ സംഭവിച്ചത്

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

എഴുത്തൊക്കെ മാറ്റിവച്ച് പൂർണ്ണവിശ്രമത്തിലായിരുന്നു ഈ നാളുകളിൽ. ഇതിനിടയിൽ ഇക്കഴിഞ്ഞ ദിവസം അമേരിക്കയിൽ നിന്ന് സുഹൃത്ത് ഡിജൻ അച്ചൻ വിളിച്ചു. വിശേഷങ്ങൾ പലതും പങ്കുവയ്ക്കുന്നതിനിടയിൽ അച്ചന്റെ ഗുരുഭൂതനായ ജോർജുകുട്ടിയച്ചന്റെ വിയോഗത്തെക്കുറിച്ചും പറയുകയുണ്ടായി. ജോർജ്ക്കുട്ടി അച്ചൻ പങ്കുവച്ചതാണെന്നും പറഞ്ഞ് ഡിജനച്ചൻ ഒരു ചിന്ത അയച്ചുതന്നത് ഹൃദയത്തെ സ്പർശിച്ചു. അത് ഇവിടെ കുറിക്കട്ടെ!

“ഞങ്ങളുടെ ബാച്ചിന്റെ ഡീക്കൻ പട്ടത്തിനൊരുക്കമായുള്ള ധ്യാനത്തിന് നേതൃത്വം നൽകിയത് ജോർജുകുട്ടിയച്ചനാണ്. ധ്യാനത്തിനിടയിൽ അച്ചൻ പറഞ്ഞ ഒരു കഥ ഇന്നും പച്ചകെടാതെ മനസ്സിന്റെ ആഴങ്ങളിൽ, ഏതു പ്രശ്നങ്ങളുണ്ടാകുമ്പോഴും മുമ്പിൽ നിന്നു നയിക്കാറുണ്ട്.

ഒരു കാടിന് തീ പിടിച്ച നേരം. കാട്ടിലുള്ള സകല മൃഗങ്ങളും പക്ഷികളും ഓടി രക്ഷപെട്ടുകൊണ്ടിരിക്കുന്നു. എന്നാൽ, ഒരു കുഞ്ഞിക്കിളി മാത്രം കാടിനരികിലുള്ള അരുവിയിലിറങ്ങി തന്റെ കുഞ്ഞുചിറകുകൾ നനച്ച് തീയുടെ മുകളിൽ പാറിവന്ന് തന്റെ ചിറകുകൾ കുടയുന്നു. ഇതു കണ്ട അമ്മക്കിളി കുഞ്ഞുകിളിയോട് പറഞ്ഞു: ‘കുഞ്ഞേ, നിന്നെക്കൊണ്ടാവില്ല ഈ തീയണയ്ക്കാൻ. അതുകൊണ്ട് എല്ലാവരും രക്ഷപെട്ടതുപോലെ നീയും രക്ഷപെട്ടോളൂ. പക്ഷേ, അതിനു മറുപടിയായി കുഞ്ഞിക്കിളി പറയുന്നത്: ‘അമ്മേ, ഞാനീ ചെയ്യുന്ന പ്രവൃത്തി കൊണ്ട് ഒരു പുൽനാമ്പെങ്കിലും രക്ഷപെട്ടാൽ, തീ നശിപ്പിക്കുന്ന ഈ കാട് വീണ്ടും വനമായിത്തീരും. അങ്ങനെ വീണ്ടും നമുക്കിവിടെ പാർക്കാനാവും.’

എല്ലാ തത്വചിന്തകളുടെയും ദൈവശാസ്ത്രത്തിന്റെയും മുകളിൽ എനിക്ക് എന്നും ഉത്തേജനം നല്കിക്കൊണ്ട് ഈ കഥ നിലനിൽക്കുന്നു.”

എന്തിനാണ് ഇനിയുമിങ്ങനെ നന്മ ചെയ്യുന്നത്? ആഗ്രഹിക്കുന്ന പ്രതിഫലം  കിട്ടുന്നില്ലല്ലോ? എന്നെല്ലാം ചിലപ്പോഴെങ്കിലും നമ്മൾ ചിന്തിക്കാറില്ലേ. അപ്പോഴെല്ലാം ഈ കഥ നമുക്കൊരു പ്രചോദനമാകട്ടെ.

സുവിശേഷത്തിലെ ആ സംഭവം ഓർമ്മയുണ്ടല്ലോ? മകളുടെ സൗഖ്യം ആഗ്രഹിച്ച് ക്രിസ്തുവുമായി വീടണഞ്ഞ സിനഗോഗ് അധികാരി കേൾക്കുന്നത് തന്റെ മകളുടെ മരണവാർത്തയാണ്. ‘മകൾ മരിച്ചു… മകൾ മരിച്ചു…’ എന്ന് ചുറ്റുമുള്ളവർ  വിലപിച്ചപ്പോഴും “അവള് മരിച്ചിട്ടില്ല, ഉറങ്ങുകയാണ്‌” (ലൂക്കാ 8:52) എന്നായിരുന്നു ക്രിസ്തു പറഞ്ഞത്. ക്രിസ്തുവിന്റെ ആ വാക്കുകൾ സിനഗോഗധികാരി വിശ്വസിച്ചു. ആ വിശ്വാസത്തിന്റെ ചെറുചൂടിൽ അയാളുടെ മകൾ ജീവനിലേക്ക് തിരികെ നടന്നു.

മറ്റുള്ളവർക്ക് പ്രത്യാശ നൽകുന്ന വാക്കുകളും പ്രവൃത്തികളും നമ്മിലുണ്ടെങ്കിൽ മാത്രമേ ക്രിസ്തുവിനെപ്പോലെ ജീവന്റെയും നന്മയുടെയും വക്താക്കളാകാൻ നമുക്ക് സാധിക്കൂ. അപ്പോൾ പിന്നെ പ്രശംസകൾക്കും അംഗീകാരങ്ങൾക്കും പുകഴ്ത്തലുകൾക്കും പിന്നാലെ നെട്ടോട്ടമോടാതെ നന്മ എന്ന ലക്ഷ്യം നമ്മെ സദാ നയിച്ചുകൊണ്ടിരിക്കും. ഉറപ്പ്!

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.