പാഴാകാത്ത പ്രാർത്ഥന

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഇത് രണ്ട് യുവാക്കളുടെ കഥയാണ്. ഇരുവരും ആത്മാർത്ഥ സുഹൃത്തുക്കൾ. നഗരത്തിൽ പഠനത്തിനും ജോലിക്കുമായി പോകേണ്ടിവന്നപ്പോൾ അവർ ഒരു മുറിയിലാണ് താമസിച്ചത്. ആ ദിവസങ്ങളിൽ അവരിലൊരാളുടെ 400 സ്വർണ്ണനാണയങ്ങൾ മോഷണം പോയി. പണം മോഷ്ടിച്ചത് കൂടെ വസിക്കുന്ന ചങ്ങാതിയാണെന്നായിരുന്നു പണം നഷ്ടപ്പെട്ടയാളുടെ ആരോപണം.

അയാൾ തന്റെ ചങ്ങാതിയോട് പറഞ്ഞു: “എന്നെ വിശ്വസിക്കൂ… ഇത് ചെയ്തത് ഞാനല്ല. ഞാന്‍ നിന്റെ പണം ഞാൻ മോഷ്ടിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?”

“കൂടെ താമസിക്കുന്ന നീയല്ലാതെ പുറമെ നിന്നൊരാൾ പണം മോഷ്ടിക്കാൻ വരുമെന്ന് എനിക്ക് തോന്നുന്നില്ല.”

‘മോഷ്ടാവ്’ എന്ന പരിഹാസങ്ങൾക്കു നടുവിൽ അവന്റെ ശിരസ് താണു. അവൻ ദൈവത്തോട് പ്രാർത്ഥിച്ചു: “മനുഷ്യന്റെ അന്തരംഗങ്ങൾ അറിയുന്ന ദൈവമേ, ഞാൻ ഒരു മോഷ്ടാവല്ലെന്ന് അങ്ങേയ്ക്കറിയാമല്ലോ? തെറ്റായ ആരോപണത്തിന്റെ വേദന പേറുന്ന എന്നെ നീ ആശ്വസിപ്പിക്കണമേ. നിരപരാധിത്വം തെളിയിക്കാൻ എനിക്കൊരു അവസരം ഒരുക്കണേ.”

ആ പ്രാർത്ഥനയ്ക്ക് ദൈവം പെട്ടന്ന് ഉത്തരം നൽകിയില്ല. പക്ഷേ ആറു മാസങ്ങൾക്കു ശേഷം യഥാർത്ഥ മോഷ്ടാവ് രംഗപ്രവേശം ചെയ്ത് താനാണ് അത് ചെയ്തതെന്ന് സാക്ഷ്യപ്പെടുത്തി. അപമാനത്താൽ താഴ്ന്നുപോയ ആരോപിതനായ സുഹൃത്തിന്റെ ശിരസ് ആനന്ദത്താൽ ഉയർന്നു. ആ അനുഭവം അവനെ ഒരു പുതിയ വ്യക്തിയാക്കി മാറ്റി. ശാരീരികമായും മാനസികമായും അപമാനങ്ങളാലും രോഗങ്ങളാലും വലയുന്നവരെ ശുശ്രൂഷിക്കുക. അതിനു വേണ്ടി ജീവിതം മാറ്റിവയ്ക്കുക. ജീവിതത്തിലെ തിക്താനുഭവങ്ങൾക്കു പിറകിൽ ദൈവത്തിനൊരു പദ്ധതിയുണ്ടെന്ന് വിശ്വസിച്ച് പ്രേഷിതരംഗത്തേക്ക് ഇറങ്ങിത്തിരിച്ച ആ വ്യക്തിയാണ് വി. വിൻസന്റ് ഡി പോൾ.

“ദൈവത്തില്നിന്നുള്ളവന് ദൈവത്തിന്റെ വാക്ക് ശ്രവിക്കുന്നു. നിങ്ങള് ദൈവത്തില്നിന്നുള്ളവരല്ല. അതുകൊണ്ട്‌ നിങ്ങള് അവ ശ്രവിക്കുന്നില്ല” (യോഹ. 8:47). ക്രിസ്തുവിന്റെ ഈ താക്കീത് നെഞ്ചേറ്റി പ്രതിസന്ധികൾക്കു നടുവിൽ, ദൈവത്തിന് എന്താണ് പറയാനുള്ളതെന്ന് ശ്രവിക്കാൻ പരിശ്രമിക്കാം. അപ്പോൾ ദൈവികവഴിയിൽ നിന്ന് മാനുഷികവഴികളിലേക്ക് നാം ഒരിക്കലും വ്യതിചലിക്കില്ല.

വി. വിൻസന്റ് ഡി പോളിന്റെ തിരുനാൾ മംഗളങ്ങൾ!

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.