വീട്ടിലേക്കുള്ള വഴി മറന്ന അപ്പന്‍

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

സമൂഹമാധ്യമങ്ങളില്‍ നിന്നും വായിച്ച ഒരു കഥ ഹൃദയത്തെ സ്പര്‍ശിച്ചു. പുതിയതായി ഇരുനില വീട് വച്ച് മകന്‍ താമസം മാറിയപ്പോള്‍ അച്ഛനെയും കൂടെ വിളിച്ചു. മകനും മരുമകളും ഏറെ നിര്‍ബന്ധിച്ചെങ്കിലും താന്‍ പണികഴിപ്പിച്ച ആ പഴയ വീട് ഉപേക്ഷിച്ചു പോകാന്‍ അച്ഛന്‍ തയ്യാറായില്ല. എല്ലാ ദിവസവും മകനെയും മരുമകളെയും പേരക്കുട്ടികളെയും കാണാന്‍ അച്ഛന്‍ പോകുമായിരുന്നു. അവര്‍ വളരെ സ്‌നേഹത്തോടെ അച്ഛനെ സ്വീകരിച്ചു. അവരുടെ ആത്മാര്‍ത്ഥസ്‌നേഹം അച്ഛനെ വീര്‍പ്പുമുട്ടിച്ചു. എങ്കിലും പഴയ വീട് ഉപേക്ഷിച്ചു പോകാന്‍ എന്തുകൊണ്ടൊ അയാള്‍ക്ക് മനസു വന്നില്ല.

ഒരു ദിവസം മകന്റെ വീട്ടില്‍ നിന്നിറങ്ങിയ അച്ഛന്‍ പാതിവഴി എത്തിയപ്പോഴാണ് തന്റെ കുട മറന്നുവച്ച കാര്യം ഓര്‍ത്തത്. കുടയെടുക്കാന്‍ മകന്റെ വീട്ടിലേക്ക് അയാള്‍ യാത്രയായി. മുറ്റത്തെത്തിയപ്പോഴാണ് അയാള്‍ മരുമകളുടെ സംസാരം കേട്ടത്: “നിങ്ങളുടെ അച്ഛന് ദിവസം കഴിയുന്തോറും ആരോഗ്യം കൂടിവരികയാണല്ലോ?”

ഉടനെ മകന്റെ മറുപടി: “അതെ, കിളവന് ആരോഗ്യം കൂടിവരികയാണ്. അങ്ങേര് ചത്തിട്ട് വീടും സ്ഥലവും സ്വന്തമാക്കാമെന്നു വച്ചാല്‍ എന്ന് നടക്കുമെന്ന് അറിഞ്ഞുകൂടാ.”

മുന്നോട്ടു വച്ച കാല്‍ പിന്‍വലിച്ച് ആരോടും പറയാതെ തിണ്ണയിലിരുന്ന കുടയെടുത്ത് അയാള്‍ വീട്ടിലേക്ക് യാത്രയായി. അയാളുടെ ഹൃദയഭാരമത്രയും മിഴികളിലൂടെ പുറത്തേക്കൊഴുകി. മൂന്നു ദിവസമായിട്ടും അച്ഛന്‍ വീട്ടില്‍ വരാതായപ്പോള്‍ എന്താണ് കാര്യമെന്നറിയാന്‍ മകന്‍ തറവാട്ടിലേക്ക് നടന്നു. എന്നാല്‍ വീട് അടഞ്ഞുകിടക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഉടന്‍ തന്നെ കവലയില്‍ ചെന്ന് ‘അച്ഛനെ കണ്ടോ’ എന്ന് അവന്‍ അന്വേഷിക്കാന്‍ തുടങ്ങി.

അവരിലൊരാള്‍ പറഞ്ഞു: “തന്റെ അച്ഛന്‍ തോളത്തൊരു സഞ്ചിയുമായി രണ്ടു ദിവസം മുമ്പ് വീടുവിട്ടിറങ്ങുന്നത് കണ്ടിരുന്നു.”

“അച്ഛന്‍ എന്തെങ്കിലും പറഞ്ഞോ?” മകന്‍ ചോദിച്ചു.

“മറന്നു വച്ച കുടയെടുക്കാന്‍ ഒരിക്കലും മറക്കരുത് എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്!”

സമൂഹത്തിലെ ചില യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന കഥയാണിത്. മനുഷ്യര്‍ പലരും നമ്മള്‍ പുറമെ കാണുന്ന പോലെയല്ല. ബന്ധുവാര്… ശത്രുവാര്… എന്ന ഗാനത്തിലെ വരികള്‍ പോലെ ‘പുറമേ പുഞ്ചിരിയുടെ പൂമാലകള്‍ എറിയുന്നൂ… അകമേ കുടിപ്പകയുടെ തീജ്വാലകള്‍ എരിയുന്നൂ…’ എന്നതാണ് പലപ്പോഴും യാഥാര്‍ത്ഥ്യം.

വ്യക്തിബന്ധങ്ങളുടെ കാര്യത്തില്‍ മനുഷ്യന്‍ ഇങ്ങനെയായാല്‍ ദൈവവുമായുള്ള ബന്ധത്തിലും അവന്‍ ഇങ്ങനെ തന്നെയായിരിക്കും. അതുകൊണ്ടാണ്, “ഈ ജനം അധരം കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍ നിന്നു വളരെ അകലെയാണ്” (മത്തായി 15:8) എന്ന ക്രിസ്തുമൊഴികള്‍ക്ക് ഇന്നും ശോഭയേറുന്നത്.

ആത്മാര്‍ത്ഥസ്‌നേഹം അധരശുശ്രൂഷയല്ലെന്ന തിരിച്ചറിവ് സ്വന്തമാകുമ്പോള്‍ മാത്രമേ ദൈവത്തിനും ബന്ധങ്ങള്‍ക്കും ഹൃദയത്തില്‍ സ്ഥാനം ലഭിക്കൂ.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.