വിശ്വാസം വെറും അഡ്ജസ്റ്റ്‌മെന്റോ?

ശത്രുകരങ്ങളിലകപ്പെട്ട ഒരു മെത്രാന്റെ കഥ.

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

“താങ്കള്‍ ഇപ്പോള്‍ ഞങ്ങളുടെ അധീനതയിലാണ്. ഈ വയസുകാലത്ത് ഇനിയുമെന്തിന് ക്രിസ്തുവില്‍ വിശ്വസിക്കണം? നിങ്ങള്‍ വിശ്വസിക്കുന്ന ക്രിസ്തുവിനുപോലും നിങ്ങളെ രക്ഷിക്കാനാകില്ല. അതുകൊണ്ട് ക്രിസ്തുവിനെ തള്ളിപ്പറഞ്ഞ് ജീവന്‍ രക്ഷിക്കാന്‍ നോക്കൂ…”

ചങ്കില്‍ തറച്ചുകയറുന്ന ശത്രുക്കളുടെ വാക്കുകള്‍ക്കു മുമ്പില്‍ തെല്ലും പതറാതെ അദ്ദേഹം മറുപടി നല്‍കി: “നിങ്ങള്‍ പറഞ്ഞത് ശരി തന്നെ. ഞാനൊരു വയോവൃദ്ധനാണ്. എന്നാല്‍ കഴിഞ്ഞ 86 വര്‍ഷത്തെ ജീവിതത്തില്‍ ക്രിസ്തു എനിക്കൊരു ദോഷവും ചെയ്തിട്ടില്ല. അവിടുന്ന് എന്നെ സംരക്ഷിച്ചു. ഈ വയസുകാലത്ത് ശേഷിക്കുന്ന പ്രാണനു വേണ്ടി അവിടുത്തെ തള്ളിപ്പറയാനോ! ഒരിക്കലുമില്ല.”

അദേഹത്തിന്റെ വാക്കുകള്‍ അവരുടെ കോപം വര്‍ദ്ധിപ്പിച്ചു: “നിങ്ങളെ ജീവനോടെ ദഹിപ്പിക്കാനൊരുക്കിയ ചിതയാണിത്. അഗ്നിയില്‍ വെന്തുമരിക്കണോ അതോ ജീവന്‍ നിലനിര്‍ത്തണോ?”

“ഈ അഗ്നി താത്ക്കാലികമാണ്. ഇതിലും ഭയാനകമാണ് നരകാഗ്നി എന്നോര്‍ക്കണം. നരകാഗ്നിയില്‍ നിപതിക്കുന്നതിനേക്കാള്‍ ഭേദം ഇതില്‍ എറിയപ്പെടുന്നതാണ്. എന്റെ കര്‍ത്താവിനെ ഞാനൊരിക്കലും തള്ളിപ്പറയില്ല. നിങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്തുകൊള്‍ക.” അദ്ദേഹത്തിന്റെ മറുപടി അതായിരുന്നു.

അദ്ദേഹം അഗ്നിയിലേക്കെറിയപ്പെട്ടു. എന്നാല്‍ ആ ശരീരത്തിനു ചുറ്റും ഒരു കമാനം പോലെ ഉയര്‍ന്ന അഗ്നിയുടെ നടുവില്‍ തിരുവോസ്തി പോലെ ആ മനുഷ്യന്‍ കാണപ്പെട്ടു. ശരീരം വെന്തുരുകുന്ന ഗന്ധത്തിനു പകരം അവിടെയെങ്ങും ഒരു അഭൗമികസൗരഭ്യം നിറഞ്ഞു. അഗ്നിയ്ക്ക് ആ മെത്രാന്റെ ജീവന്‍ അപഹരിക്കാന്‍ കഴിഞ്ഞില്ലെന്നു കണ്ടപ്പോള്‍ ശത്രുക്കള്‍ അദ്ദേഹത്തെ കഠാര കൊണ്ട് കുത്തി.

“കര്‍ത്താവേ, നിന്നോടുള്ള സ്‌നേഹം ഒരിക്കലും അസ്തമിക്കുന്നില്ല. നിനക്കു വേണ്ടി രക്തസാക്ഷിത്വം വരിക്കാന്‍ എന്നെ നീ തിരഞ്ഞെടുത്തതിന് നന്ദി. ദൈവമേ നിനക്കു സ്വസ്തി. നിന്റെ നാമം മഹത്വപ്പെടട്ടെ” എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ആ പുണ്യമനുഷ്യന്‍ പ്രാണന്‍ വെടിഞ്ഞു. അദ്ദേഹമാണ് രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സ്മിര്‍ണായിലെ വി. പോളിക്കാര്‍പ്പ്.

കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ക്രിസ്തുവിനു വേണ്ടി ജീവന്‍ വെടിഞ്ഞവര്‍ എത്രയധികമാണ്. സഭയുടെ കെട്ടുറപ്പു തന്നെ ക്രിസ്തുവിനു വേണ്ടി ജീവന്‍ വെടിയാന്‍ തക്ക വിശ്വാസമുള്ളവര്‍ ഉണ്ടെന്നതാണ്. ‘നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍’ (മര്‍ക്കോ. 16:15) എന്ന ക്രിസ്തുവിന്റെ വാക്കുകളില്‍ രക്തസാക്ഷിത്വത്തിന്റെ നിഴലുണ്ട്. വിശ്വാസം അഡ്ജസ്റ്റുമെന്റുകള്‍ക്ക് അധീനപ്പെടുന്ന ഇക്കാലയളവില്‍ ക്രിസ്തുവിനു വേണ്ടി മരണം വരിക്കാന്‍ വരെ തയ്യാറായ കലര്‍പ്പില്ലാത്ത വിശ്വാസം നമുക്ക് ലഭിക്കട്ടെ!

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.