കുടുംബത്തില്‍ വറ്റിവരളുന്ന നീര്‍ച്ചാലുകള്‍

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഏകമകന്റെ വിവാഹം കഴിഞ്ഞപ്പോള്‍ അപ്പനും അമ്മക്കും വലിയ ആനന്ദമായിരുന്നു. എന്നാല്‍ ഏറെ നാള്‍ കഴിയും മുമ്പേ ആ സന്തോഷം അസ്തമിച്ചു തുടങ്ങി. കുടുംബത്തില്‍ അസ്വസ്ഥതകൾ രൂപപ്പെട്ടു. അമ്മായിയമ്മയും മരുമകളും തമ്മിലായിരുന്നു പ്രധാന പ്രശ്‌നം.

മരുമകള്‍ പറഞ്ഞതനുസരിച്ച് കുറ്റം മുഴുവനും അമ്മായിയമ്മയുടേതാണ്.

“ഞാന്‍ എന്തു ചെയ്താലും കുറ്റമാണ്. ഒരു നല്ല വാക്കു പോലും അമ്മ പറയില്ല. അമ്മയ്ക്കിപ്പോഴും എല്ലാം തനിയെ ചെയ്യണം. എന്നാല്‍ ഞാന്‍ പണിയെടുക്കുകയും വേണം. അമ്മ ആഗ്രഹിക്കുന്നതു പോലെ കാര്യങ്ങള്‍ ചെയ്യാന്‍ എനിക്ക് കഴിയുന്നില്ലെന്നത് സത്യമാണ്. ഇങ്ങനെ പോയാല്‍ രമ്യതയില്‍ കഴിയാന്‍ എന്തു ചെയ്യണമെന്ന് എനിക്കറിയില്ല.”

മരുമകളെക്കുറിച്ച് അമ്മായിയമ്മ പറഞ്ഞത് ഇങ്ങനെ: “അച്ചാ, അവള്‍ക്ക് ഒരു പണിയും ശരിക്ക് ചെയ്യാനറിയില്ല. ഒന്നിനും ഒരു വൃത്തിയും വെടിപ്പുമില്ല. വേഗത്തില്‍ പണി ചെയ്യാന്‍ കഴിവുമില്ല.”

പരാതികള്‍ നീണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു: “അമ്മച്ചി വിവാഹം കഴിഞ്ഞ് വന്നപ്പോള്‍ എല്ലാ പണികളും പഠിച്ചിട്ടാണോ വന്നത്? ഇപ്പോഴുള്ള വൃത്തിയും വേഗവുമെല്ലാം അന്നുണ്ടായിരുന്നോ?”

ഉത്തരമൊന്നും പറയാതെ മൗനം പാലിച്ചപ്പോള്‍ ഞാന്‍ തുടര്‍ന്നു: “മരുമകളുടെ പാചകമോ, വൃത്തിയോ, വേഗമോ ഒന്നുമല്ല യഥാര്‍ത്ഥ പ്രശ്‌നം. മകന്റെ സ്‌നേഹം നഷ്ടപ്പെടുന്നു എന്നുള്ള ചിന്തയാണ് എല്ലാത്തിനും കാരണം. നിങ്ങളുടെ മരുമകള്‍ മകന്റെ കൂടെ ജീവിക്കേണ്ടതാണെന്നും അവനെ സ്‌നേഹിക്കേണ്ടതാണെന്നും തിരിച്ചറിയുക. അവളെ എപ്പോഴും ശകാരിക്കാതെ ശാന്തമായി സമീപിക്കുക. മകനെപ്പോലെ അവളെയും സ്‌നേഹിച്ചു തുടങ്ങുക. അപ്പോള്‍ മാറ്റം കാണും.”

അമ്മായിയമ്മയോട് ശാന്തതയോടും സ്‌നേഹത്തോടും ഇടപെടണമെന്നും ആത്മസംയമനം കൈവിടരുതെന്നും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും മരുമകളോടും ഞാന്‍ പറഞ്ഞു.

ചെറിയ കുറവുകള്‍ വലുതാക്കി കാണിച്ച് വ്യക്തിബന്ധങ്ങളിലും കുടുംബജീവിതത്തിലും അസ്വസ്ഥതകള്‍ വിതയ്ക്കുന്ന സാത്താന്റെ പ്രവൃത്തികള്‍ക്കെതിരെ നിതാന്തജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണ്. മനസില്‍ വിദ്വേഷവും വെറുപ്പും കൂടു കൂട്ടുമ്പോഴാണ് സ്‌നേഹം വറ്റിപ്പോകുന്നതെന്ന് നമ്മള്‍ തിരിച്ചറിയണം. അങ്ങനെയുള്ളപ്പോള്‍ നന്മ കാണാനുള്ള കാഴ്ചയും നമുക്ക് നഷ്ടമാകും.

അതുകൊണ്ടാണ് യഹൂദരെ നോക്കി ക്രിസ്തു ഇങ്ങനെ പറഞ്ഞത്: “യോഹന്നാന്‍ ഭക്ഷിക്കാത്തവനും പാനം ചെയ്യാത്തവനുമായിവന്നു. അവന്‍ പിശാചുബാധിതനാണെന്ന് അപ്പോള്‍ അവര്‍ പറയുന്നു. മനുഷ്യപുത്രന്‍ ഭക്ഷിക്കുന്നവനും പാനം ചെയ്യുന്നവനുമായി വന്നു. അപ്പോള്‍ അവര്‍ പറയുന്നു: ഇതാ, ഭോജനപ്രിയനും വീഞ്ഞുകുടിയനും ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതനുമായ മനുഷ്യന്‍! എങ്കിലും ജ്ഞാനം അതിന്റെ പ്രവൃത്തികളാല്‍ നീതീകരിക്കപ്പെട്ടിരിക്കുന്നു” (മത്തായി 11:18-19).

കൂടെ വസിക്കുന്നവരും ജോലി ചെയ്യുന്നവരുമെല്ലാം ഒരുപക്ഷേ നമ്മള്‍ ആഗ്രഹിക്കുന്ന പോലെ പൂര്‍ണ്ണരായിരിക്കണമെന്ന് നിര്‍ബന്ധമില്ല. ഹൃദയത്തില്‍ സ്‌നേഹം നാമ്പിട്ടു തുടങ്ങുമ്പോള്‍ മാത്രമേ ക്ഷമിക്കാനും പൊറുക്കാനും നല്ലതു കാണാനും നമുക്ക് സാധ്യമാകൂ. സ്‌നേഹത്തിന്റെ നീരുറവകള്‍ വറ്റുമ്പോള്‍ വെറുപ്പു കൊണ്ട്
നമ്മുടെ ഹൃദയങ്ങള്‍ വിണ്ടുകീറുമെന്ന സത്യം മറക്കാതിരിക്കാം.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.