ഈശോ കൂട്ടിക്കൊണ്ടുപോയ റൊണാള്‍ഡ്

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ്, കൃത്യമായി പറഞ്ഞാല്‍ സെപ്റ്റംബർ പതിനൊന്നാം തീയതി പുലര്‍ച്ചെ ഒന്നര മണിയ്ക്ക് എന്റെ ഫോണ്‍ ശബ്ദിച്ചു. അസമയത്ത് വിളിക്കുന്നത് ആരാണെന്നു നോക്കിയപ്പോള്‍ സഹപാഠി ലിജി. :അച്ചാ, പ്രാര്‍ത്ഥിക്കണം. റൊണാള്‍ഡിന് കൂടുതലാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.”

അവളെ ആശ്വസിപ്പിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു: “പ്രാര്‍ത്ഥിക്കാം. ധൈര്യമായിരിക്കൂ. ഈശോയുണ്ട് കൂടെ. അവന്റെ കാര്യം ഈശോ നോക്കിക്കൊള്ളും.”

പുലര്‍ച്ചെ 2.15 -ന് അവള്‍ വീണ്ടും വിളിച്ചു: “അച്ചാ റൊണാള്‍ഡിനെ ഈശോ കൊണ്ടുപോയി.” ദുഃഖാര്‍ത്തയായ അവളോട് ഞാന്‍ പറഞ്ഞു: “ദൈവത്തിന്റെ ഇഷ്ടം പോലെ നടക്കട്ടെ. നമുക്ക് പ്രാര്‍ത്ഥിക്കാം.”

ലിജിയുടെ രണ്ടാമത്തെ മകനാണ് 16 വയസുള്ള റൊണാള്‍ഡ്. ഇരിങ്ങാലക്കുട രൂപതയിലെ തൂമ്പാക്കോട് ഇടവകാംഗമായ പുളിക്കല്‍ പോളിയാണ് പിതാവ്. 2019 സെപ്റ്റംബർ ഒന്നിനാണ് റൊണാള്‍ഡിന് രക്താര്‍ബുദമാണെന്ന വാര്‍ത്ത അവർ അറിയുന്നത്. പിന്നീട് ആശുപത്രികള്‍ മാറിമാറി ചികിത്സകളായിരുന്നു. എന്നാല്‍ അവയ്‌ക്കൊന്നും അവന്റെ രോഗത്തെ ശമിപ്പിക്കാന്‍ കഴിഞ്ഞില്ല.

ഇന്ന് ഞാന്‍ ലിജിയെ വിളിച്ചിരുന്നു. ഏറെ ധൈര്യത്തോടെ അവള്‍ പറഞ്ഞു: “അവന്‍ യാത്രയാകുന്നതിന് കുറച്ചു മുമ്പ് ഞാനവനോട് പറഞ്ഞു: ‘മോനെ ഈശോ സുഖപ്പെടുത്തും. സുഖമായ് ഉറങ്ങിക്കോളൂ. അപ്പയും അമ്മയും പുറത്തുണ്ട്.’ ആ ഉറക്കത്തില്‍ നിന്ന് പിന്നീടവന്‍ ഉണര്‍ന്നില്ല.”

ഈശോ അവന്റെ രോഗവും വേദനയും സുഖപ്പെടുത്തിയത് അവനെ തന്റെ അരികിലേക്ക് വിളിച്ചിട്ടാണെന്ന് ഇപ്പോഴാണ് അറിയാന്‍ കഴിഞ്ഞത്. മരണത്തിന് രണ്ടാഴ്ച മുമ്പ് അവനെയും കൊണ്ട് അണക്കര ധ്യാനകേന്ദ്രത്തില്‍ പോയി ഡൊമിനിക് അച്ചനെ കാണാനും കുമ്പസാരിച്ചൊരുക്കാനും വിശുദ്ധ കുര്‍ബാന സ്വീകരിക്കാനും പ്രാര്‍ത്ഥിക്കാനും കഴിഞ്ഞത് ദൈവാനുഗ്രഹമായി.

“മകന്റെ മരണത്തില്‍ വിഷമമുണ്ട്. എന്നാല്‍ അച്ചന്‍ പറഞ്ഞതുപോലെ ദൈവഹിതം അംഗീകരിക്കുന്നു. മകന് നല്ല മരണം ലഭിച്ചതില്‍ സന്തോഷിക്കുന്നു.” വ്യാകുലമാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്ന വേളയില്‍ സ്വന്തം മകന്റെ മരണത്തിന് സാക്ഷിയായ് കുരിശിന്‍ചുവട്ടില്‍ നിന്ന മറിയത്തെപ്പോലെ സ്വന്തം മക്കളുടെ മരണത്തിന് സാക്ഷികളാകേണ്ടി വന്ന എല്ലാ മാതാപിതാക്കളെയും ഓര്‍ക്കുന്നു.

നമ്മുടെ ജീവിതയാത്ര നിത്യതയിലേക്കുള്ളതാണെന്ന് മറക്കാതിരിക്കാം. അപ്രതീക്ഷിത സമയത്തായിരിക്കും ദുഃഖദുരിതങ്ങള്‍ നമ്മെ മാടിവിളിക്കുക. “ആ ദിവസത്തെക്കുറിച്ചോ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗത്തിലെ ദൂതന്‍മാര്‍ക്കോ പുത്രനു പോലുമോ അറിഞ്ഞുകൂടാ” (മത്തായി 24:36) എന്ന ക്രിസ്തുമൊഴികള്‍ ധ്യാനിക്കാം. സഹനങ്ങളില്‍ ഈശോയെ ആശ്വസിപ്പിച്ച പരിശുദ്ധ അമ്മയുടെ സാനിധ്യം നമുക്ക് തുണയാകട്ടെ.

വ്യാകുലമാതാവിന്റെ തിരുനാളാശംസകള്‍!

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.