കുടുംബത്തിലെ ഒറ്റുകാര്‍

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

പണ്ടൊരിക്കല്‍ കുറിച്ച സംഭവമാണെങ്കിലും ഒന്നുകൂടി എഴുതാം. ഒരു ഇടവകയില്‍ ധ്യാനിപ്പിക്കാന്‍ പോയതായിരുന്നു. ധ്യാനത്തിന്റെ മൂന്നാം ദിവസം വികാരിയച്ചന്‍ പറഞ്ഞു: “അച്ചനെ കാണാന്‍ ഇന്നൊരു ചേട്ടന്‍ വരും. വീട്ടില്‍ കുറച്ച് പ്രശ്നങ്ങളുണ്ട്.”

വികാരിയച്ചന്‍ സൂചിപ്പിച്ചതുപോലെ ആ വ്യക്തി വന്നു. സങ്കടത്തോടെ അദ്ദേഹം തന്റെ വേദന പങ്കുവച്ചു. “അച്ചാ ഞാന്‍ ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥനാണ്; ഭാര്യ നഴ്‌സും. ഞങ്ങള്‍ക്ക് രണ്ട് മക്കള്‍. ഭാര്യയ്ക്ക് സ്തനാര്‍ബുധമാണ്. രണ്ടാഴ്ച മുമ്പായിരുന്നു സര്‍ജറി. അന്നൊരു ദിവസം ആശുപത്രിയിലേക്ക് പോകുന്നതിനു മുമ്പ് മകള്‍ പറഞ്ഞു: ‘ഇന്ന് എന്റെ നഴ്‌സിങ്ങ് സര്‍ട്ടിഫിക്കറ്റ് കിട്ടുന്ന ദിവസമാണ്. സര്‍ട്ടിഫിക്കറ്റ് വാങ്ങി ഞാന്‍ ആശുപത്രിയില്‍ എത്താം. പപ്പയ്ക്ക് അല്പം വിശ്രമം ലഭിക്കുമല്ലോ.’

മകളുടെ വാക്കുകള്‍ എന്നെ സന്തോഷിപ്പിച്ചു. എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ അന്ന് സന്ധ്യയായിട്ടും മകള്‍ ആശുപത്രിയില്‍ എത്തിയില്ല. അവളുടെ ഫോണാണെങ്കില്‍ സ്വിച്ച് ഓഫും. അവള്‍ക്ക് എന്തുപറ്റിയെന്ന് ആകുലപ്പെട്ടിരിക്കുമ്പോഴാണ് എത്രയും പെട്ടന്ന് പോലീസ് സ്റ്റേഷനില്‍ എത്തണമെന്നും പറഞ്ഞ് ഫോണ്‍ വരുന്നത്. അവിടെ ചെന്നപ്പോള്‍ കണ്ട കാഴ്ച ഹൃദയം തകര്‍ക്കുന്നതായിരുന്നു.

എന്റെ മകള്‍ ഒരു അക്രൈസ്തവനെ റജിസ്റ്റര്‍ വിവാഹം ചെയ്ത് സ്റ്റേഷനില്‍ നില്‍ക്കുന്നു. കൂടാതെ പിതൃസ്വത്തിന്റെ ഓഹരിക്കു വേണ്ടി കേസും കൊടുത്തിരിക്കുന്നു. ഏതൊരു പിതാവിനും സഹിക്കാവുന്നതിലും അപ്പുറത്താണല്ലോ ആ വേദന. അവള്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ ബന്ധമായിരുന്നുവത്രേ ഇത്. അന്ന് അവളുടെ കാലുപിടിച്ചു പറഞ്ഞതാണ് ഈ ബന്ധത്തില്‍ നിന്നും പിന്മാറണമെന്ന്. എല്ലാം അവസാനിപ്പിച്ചു എന്നു പറഞ്ഞ അവളെ ഞങ്ങള്‍ വിശ്വസിച്ചു. പക്ഷേ അവള്‍ ഞങ്ങളെ കബളിപ്പിക്കുകയായിരുന്നു”

മിഴിനീര്‍ തുടച്ചുകൊണ്ട് അദ്ദേഹം തുടര്‍ന്നു: “എന്റെ മോള്‍ക്കിനി കുര്‍ബാന സ്വീകരിക്കാന്‍ പറ്റുമോ? യൂദാസിനെപ്പോലെ അവളും ഈശോയെ ഒറ്റുകൊടുത്തില്ലേ?” കടുത്ത ആത്മഹത്യയുടെ വക്കിലായിരുന്ന അദ്ദേഹത്തെ എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിച്ച് ഞാന്‍ പറഞ്ഞയച്ചു.

മിക്കവാറും മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ കണ്ണടച്ച് വിശ്വസിക്കുന്നവരല്ലേ? എന്റെ മകളും മകനും അരുതാത്തതൊന്നും ചെയ്യില്ലെന്ന് കരുതുന്നവരല്ലേ? എന്നാല്‍ നമ്മുടെ ഈ വിശ്വാസത്തെ ഭേദിക്കാന്‍ കഴിവുള്ളവനാണ് ശത്രുവെന്ന സത്യം നമ്മള്‍ മറക്കരുത്. തെറ്റായ സൗഹൃദം, മയക്കുമരുന്ന് എന്നിങ്ങനെ പല രൂപത്തിലും ഭാവത്തിലും സാത്താന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തിരിച്ചറിയണം. ഇവിടെയാണ് ക്രിസ്തു പങ്കുവച്ച കളകളുടെ ഉപമ അര്‍ത്ഥവത്താകുന്നത്. “വേലക്കാര്‍ ചെന്ന് വീട്ടുടമസ്ഥനോട് ചോദിക്കുന്നു: യജമാനനേ, നീ വയലില്‍ നല്ല വിത്തല്ലേ വിതച്ചത്? പിന്നെ കളകളുണ്ടായത് എവിടെ നിന്ന്?” (മത്തായി 13:27).

വളരെയധികം ജാഗ്രത പുലര്‍ത്തേണ്ട മറുപടിയാണ് യജമാനന്‍ നല്‍കുന്നത്: “ശത്രുവാണ് ഇത് ചെയ്തത്. ആളുകള്‍ ഉറക്കമായപ്പോള്‍ ശത്രു വന്ന് കളകള്‍ വിതച്ച് കടന്നുകളഞ്ഞു” (Ref: മത്തായി 13:25,28).

ആത്മീയജീവിതത്തിലും വ്യക്തിബന്ധങ്ങളിലും സൗഹൃദങ്ങളിലുമെല്ലാം വളരെയധികം ജാഗ്രതയും ഉണര്‍വും കാത്തുസൂക്ഷിക്കേണ്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന യാഥാര്‍ത്ഥ്യം മറക്കരുത്.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.