ആയുസിന്റെ പുസ്തകത്തിലെ വരികൾ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഇംഗ്ലണ്ടിൽ നിന്ന് സുഹൃത്ത് ബിനോയിയുടെ ഫോൺ വന്നത് ഒരാഴ്ച മുമ്പാണ്. ഇടറിയ സ്വരത്തോടെ അവൻ പറഞ്ഞു: “അച്ചാ, കൊച്ചിനു വേണ്ടി പ്രാർത്ഥിക്കണം.”

“എന്തു പറ്റി?”

“ഭാര്യ അവനെ ഉറക്കാൻ കിടത്തി പണികൾ ചെയ്യാൻ മാറിയതാണ്. കൊച്ച് തിരിഞ്ഞുകിടന്നപ്പോൾ എങ്ങിനെയോ കഴുത്തിൽ പുതപ്പ് ചുറ്റിവരിഞ്ഞു മുറുകി. ഭാര്യ ഓടിവന്നപ്പോഴേയ്ക്കും കൊച്ചിന്റെ പ്രാണൻ ഏകദേശം നിലച്ചിരുന്നു. അവൾ തന്നെ കൃത്രിമശ്വാസം നൽകി; ജീവൻ തിരിച്ചുകിട്ടി. എയർ ആംബുലൻസ് വന്ന് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു. ഇപ്പോൾ വെന്റിലേറ്ററിലാണ്. പ്രാഥമിക പരിശോധനയിൽ തലയിൽ രക്തം കട്ട പിടിച്ചിട്ടുണ്ട്. ജീവൻ തിരിച്ചുകിട്ടാൻ ബുദ്ധിമുട്ടാണെന്നാണ് പറയുന്നത്. അച്ചനറിയാലോ, കുഞ്ഞ് ജനിച്ച് 28 ദിവസങ്ങളെ ആയിട്ടുള്ളൂ. കണ്ട് കൊതി തീർന്നിട്ടില്ല. അച്ചൻ പ്രാർത്ഥിക്കണം. സാധിക്കുന്നവരോടെല്ലാം പ്രാർത്ഥിക്കാൻ പറയണം. അച്ചനെ ഞാൻ ഇടക്ക് വിളിക്കാം.”

വിതുമ്പിക്കൊണ്ട് അവൻ ഫോൺ വച്ചു. കൂടെയുള്ള അച്ചന്മാരോടും പ്രാർത്ഥനാ ഗ്രൂപ്പിലെ അംഗങ്ങളോടും ഞാൻ ഇക്കാര്യം പറഞ്ഞു. അവനു വേണ്ടി ദിവ്യബലിയർപ്പിച്ചും ദിവ്യകാരുണ്യ ആരാധന നടത്തിയും ഞങ്ങൾ പ്രാർത്ഥിച്ചു.

ധൈര്യമായിരിക്കൂ. കുഞ്ഞിനൊന്നും സംഭവിക്കില്ല. ജപമാല ചൊല്ലിയും ലാസലെറ്റ് മാതാവിന്റെ വണക്കമാസം ചൊല്ലിയും പ്രാർത്ഥിക്കാൻ പറഞ്ഞ് വണക്കമാസത്തിന്റെ യുട്യൂബ് ലിങ്ക് ഓരോ ദിവസവും അവന് ഞാൻ അയച്ചുകൊടുത്തു.

കുഞ്ഞിന്റെ വിവരങ്ങൾ അറിയിച്ച് ബിനോയിയുടെ സന്ദേശങ്ങൾ ലഭിച്ചതൊന്നും പ്രത്യാശ പകരുന്നതായിരുന്നില്ല. എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ദൈവം അത്ഭുതകരമായി ഇടപെട്ടു. സൗഖ്യത്തിന്റെ വാർത്തകൾ കാതുകളിൽ പതിച്ചു. അവസാനത്തെ സ്കാനിങ്ങ് കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് കുഞ്ഞുമായ് വീട്ടിലെത്തിയപ്പോൾ ബിനോയ് എന്നെ വീണ്ടും വിളിച്ചു. അപ്പോഴും അവൻ കരയുകയായിരുന്നു.

“കർത്താവിന് എങ്ങനെ നന്ദി പറയണമെന്നറിയില്ല. ദൈവം അത്ഭുതകരമായ് ഇടപെട്ടു. കുഞ്ഞിനിപ്പോൾ യാതൊരു കുഴപ്പവുമില്ല. പ്രാർത്ഥിച്ചതിന് ഒത്തിരി നന്ദി.”

ഇത് വായിക്കുന്ന നിങ്ങളുടെ ജീവിതത്തിലും ദൈവം അത്ഭുതകരമായ് ഇടപെട്ട ധാരാളം അനുഭവങ്ങൾ ഉണ്ടെന്നുറപ്പാണ്. മരണതുല്യമായ എത്രയോ അവസരങ്ങളിൽ കർത്താവ് നമ്മെ താങ്ങി ഉയർത്തി. എപ്പോഴെല്ലാം ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടൽ ഉണ്ടായിട്ടുണ്ടോ അപ്പോഴെല്ലാം അവിടുത്തോട് വിശ്വസ്തത പുലർത്താമെന്ന് നമ്മൾ വാക്കു കൊടുത്തിട്ടുമുണ്ട്. എന്നാൽ തുടർന്നുള്ള ജീവിതത്തിൽ വാക്കു പാലിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് ചിന്തിക്കുന്നത് ഉചിതമാണ്.

ആയുസിന്റെ ദൈർഘ്യം എന്തിനാണെന്ന് ഫലം നൽകാത്ത അത്തിവൃക്ഷത്തിന്റെ ഉപമയിലൂടെ ക്രിസ്തു വ്യക്തമാക്കുന്നുണ്ട്. “ഒരു വർഷം കൂടെ അത് തോട്ടത്തിൽ നിൽക്കട്ടെ. മേലിൽ അത് ഫലം നൽകിയേക്കാം” (Ref: മത്തായി 13:6-9). ഓരോ ദിവസവും നാം ഉണരുമ്പോഴും നമ്മിൽ നിന്ന് ഫലം പ്രതീക്ഷിക്കുന്ന ദൈവത്തിന്റെ നിരീക്ഷണത്തിലാണ് നമ്മളെന്ന ചിന്തയുണ്ടാകട്ടെ. രാത്രി വിശ്രമിക്കാൻ പോകുന്നതിനു മുമ്പ് കർത്താവിനു വേണ്ടി എന്തെല്ലാം ചെയ്തുവെന്നും ഓർത്തുനോക്കാം.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.