കടലാഴങ്ങളില്‍ നിന്നും…

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

പിക്നിക്കിനു പോയ കുട്ടികള്‍ കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ശ്രദ്ധിക്കണം, സൂക്ഷിക്കണം, ഒത്തിരി ദൂരേയ്ക്ക് പോകരുത് എന്നെല്ലാം അധ്യാപകര്‍ വിലക്കിയതാണ്. എന്നാല്‍ ഒരാള്‍ മാത്രം താക്കീതുകളെ അവഗണിച്ച് കടലാഴങ്ങളിലേയ്ക്ക് നീങ്ങി. പിന്നീട് സംഭവിച്ചതെല്ലാം പെട്ടന്നായിരുന്നു; ഒരു തിരയുടെ നീരാളിക്കൈകള്‍
അവനെ ആഴങ്ങളിലേക്ക് കൊണ്ടുപോയി. ‘രക്ഷിക്കണേ…’ എന്നുള്ള നിലവിളികളുയര്‍ന്നു, ചുറ്റും. ബീച്ചില്‍ നടക്കാനിറങ്ങിയ ഒരു മദ്ധ്യവയസ്‌കന്‍ കടലിലേയ്ക്ക് ചാടി. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ആ കുട്ടിയുമായി അയാള്‍ തീരത്തെത്തി. അബോധാവസ്ഥയിലായ കുട്ടിയ്ക്ക് ചുറ്റും ആളുകള്‍ വട്ടം കൂടി. കുട്ടിയെ രക്ഷിച്ച മധ്യവയസ്‌കനെ തള്ളിമാറ്റിക്കൊണ്ട് ഒരു യുവാവ് മുന്നോട്ട് വന്നു. അവന്‍ ആ കുട്ടിയുടെ നെഞ്ചില്‍ മൂന്നാലു തവണ അമര്‍ത്തി. കൃത്രിമശ്വാസവും നല്‍കി. അത്ഭുതമെന്നു പറയട്ടെ, ആ ബാലന്റെ മിഴികള്‍ തുറന്നു.

ഇതിനിടയില്‍ സംഭവിച്ചത് മറ്റൊന്നാണ്; ആ കുട്ടിയ്ക്ക് കൃത്രിമശ്വാസം നല്‍കിയ യുവാവ് പെട്ടന്ന് ബോധരഹിതനായി. നേരത്തെ കടലില്‍ ഇറങ്ങിയ മദ്ധ്യവയസ്‌കന്‍ അവനെ പരിചരിച്ചു: “പേടിക്കാനില്ല… ബി.പി. കൂടിയതാണ്. കുറച്ച് കഴിയുമ്പോള്‍ ശരിയാകും” അയാള്‍ പറഞ്ഞു. ബോധം തെളിഞ്ഞ യുവാവ് കാണുന്നത് തന്നെ ശുശ്രൂഷിക്കുന്ന മദ്ധ്യവയസ്‌കനെയാണ്. “പള്‍സും ബിപിയുമെല്ലാം പരിശോധിക്കാന്‍ താങ്കളെങ്ങനെ പഠിച്ചു?”

അവന്റെ ചോദ്യത്തിന് ചെറുപുഞ്ചിരിയോടെയാണ് അയാള്‍ മറുപടി നല്‍കിയത്: “ഞാന്‍ ഒരു ഡോക്ടറാണ്. അടുത്തുള്ള ആശുപത്രിയില്‍ ജോലി ചെയ്യുന്നു!”

അല്പം ജാള്യതയോടെ യുവാവ് ചോദിച്ചു: “സാര്‍, കടലില്‍ നിന്ന് രക്ഷിച്ച കുട്ടിയ്ക്ക് കൃത്രിമശ്വാസം നല്‍കാന്‍, താങ്കളെ ഞാന്‍ തള്ളിമാറ്റിയപ്പോള്‍ എന്തുകൊണ്ട് നിങ്ങളൊരു ഡോക്ടറാണെന്ന് പറഞ്ഞില്ല?”

“നിന്റെ ഉദ്ദേശവും ആ കുട്ടിയുടെ ജീവന്‍ രക്ഷിക്കുക എന്നതായിരുന്നു. ആ സദുദ്ദേശത്തെ ഞാന്‍ ആദരിക്കുന്നു. ഞാന്‍ മാറിത്തന്നെന്നു കരുതി എനിക്കൊന്നും നഷ്ടപ്പെടാനില്ല. അതിലൂടെ ഒരു യുവാവിന്റെ നന്മയെ എല്ലാവരും അഭിനന്ദിക്കാനിടയായി.”

എത്ര മഹത്തായ വാക്കുകള്‍! ജീവിതത്തില്‍ വഴിമുടക്കുന്നവരും വഴിമാറിക്കൊടുക്കുന്നവരുമുണ്ട്. അപരന്റെ വളര്‍ച്ചയ്ക്കായി വഴിമാറുമ്പോള്‍, വഴിമാറിക്കൊടുക്കുന്നവനും വളരുന്നു എന്ന സത്യം തിരിച്ചറിയേണ്ടതുണ്ട്. ഇവിടെയാണ് സ്‌നാപകയോഹന്നാന്റെ മഹത്വം തെളിയുന്നത്. “എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ ശക്തനാണ്. അവന്റെ ചെരിപ്പു വഹിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല” (മത്തായി 3:11) എന്നാണ് ക്രിസ്തുവിനെ നോക്കി അവന്‍ വിളിച്ചുപറഞ്ഞത്.

അതെ, നമുക്കു ശേഷം വരുന്നവന്‍ ശക്തനാണെന്ന് അംഗീകരിക്കുന്നിടത്തും ഏറ്റുപറയുന്നിടത്തുമാണ് നമ്മുടെ വളര്‍ച്ചയെന്ന് തിരിച്ചറിയാം.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.