കുനിഞ്ഞുപോകുന്ന ശിരസുകള്‍

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

അല്പം വേദനയോടെയാണ് ഞാനിത് കുറിക്കുന്നത്. ഒരു സുഹൃത്തിന്റെ വീട്ടില്‍ സന്ദര്‍ശനത്തിന് ചെന്നതായിരുന്നു. ഏറെനാള്‍ കൂടി കണ്ടുമുട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങള്‍. അദ്ദേഹം ഭാര്യയെയും മക്കളെയും പരിചയപ്പെടുത്തി. ഞങ്ങള്‍ സംസാരിക്കുന്ന സമയത്ത് ഞാനവരുടെ മക്കളെ ശ്രദ്ധിച്ചു. രണ്ടുപേരും മൊബൈലില്‍ എന്തോ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ ചോദിച്ച ഒന്നുരണ്ടു ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി നല്‍കി. അതിനുശേഷം ‘സി യു ഫാദര്‍’ എന്നു പറഞ്ഞ് അവര്‍ അകത്തേയ്ക്ക് പോവുകയും ചെയ്തു.

എന്റെ ചങ്ങാതി ദയനീയമായി എന്നെ നോക്കി: “അച്ചാ, ഇതാണ് ഇവിടുത്തെ സ്ഥിതി. മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കാതിരുന്നതായിരുന്നു. എന്നാല്‍ കോവിഡ് വന്നതില്‍ പിന്നെ ഓണ്‍ലൈന്‍ ക്ലാസുകളായതിനാല്‍ വേറെ നിവൃത്തിയില്ലാതായി. ഇപ്പോള്‍ അവര്‍ ഫുള്‍ ടൈം ഫോണിലാണ്. ശകാരിച്ചും ഗുണദോഷിച്ചും മടുത്തു. വീട്ടില്‍ ആരെങ്കിലും വരുന്നത് അവര്‍ക്കിപ്പോള്‍ ഇഷ്ടമല്ലെന്നായി. എനിക്കറിയില്ല എന്തു ചെയ്യണമെന്ന്.”

തിരിച്ചുപോരാന്‍ സമയത്ത് അദ്ദേഹം മക്കളെ മുറിയില്‍ നിന്ന് വിളിച്ചുവരുത്തി. ആ കുടുംബത്തിനു വേണ്ടി പ്രാര്‍ത്ഥിച്ച് മടങ്ങിയപ്പോള്‍ എന്റെ സുഹൃത്തിന്റെ വാക്കുകള്‍ എന്റെ മനസിനെ വേദനിപ്പിച്ചുകൊണ്ടിരുന്നു. പണ്ടൊക്കെ ആരെങ്കിലും നമ്മുടെ ഭവനങ്ങളില്‍ വരുമ്പോള്‍ ടി.വി. ഓഫാക്കാനാണ് പറയാറുള്ളത്. എന്നാല്‍ ഇന്ന് ആ സ്ഥിതി മാറി. വരുന്ന അതിഥിയുടെ മുഖത്തേക്ക് നോക്കാന്‍ പോലും കയ്യിലിരിക്കുന്ന മൊബൈല്‍ ഫോണ്‍ നമ്മെ അനുവദിക്കാറില്ല. ക്രിസ്തുവിന്റെ കാലത്തുമുണ്ടായിരുന്നു പരിഗണന നല്‍കാത്തതിന്റെ കഥകള്‍. ശിമയോന്‍ എന്ന ഫരിസേയന്റെ വീട്ടില്‍ ക്രിസ്തു അതിഥിയായി ചെന്നപ്പോള്‍ അയാള്‍ ആതിഥ്യമര്യാദകള്‍ ഒന്നും പാലിച്ചില്ല. ഒരു പാപിനിയായ സ്ത്രീയാണ് ക്രിസ്തുവിന്റെ പാദങ്ങള്‍ കഴുകാനും ചുംബിക്കാനും മുന്നോട്ടു വന്നത് (ലൂക്ക 7:36-50).

സ്‌നേഹപൂര്‍വ്വമുള്ള ആ പരിചരണം ഒന്നുകൊണ്ടു മാത്രം അവളുടെ പാപങ്ങള്‍ പൊറുക്കപ്പെട്ടു. തിരിച്ചറിയാം; പരിഗണന ഒരു പുണ്യമാണ്. അതിഥികളെ മാത്രമല്ല കൂട്ടത്തിലുള്ളവരെയും കുടുംബത്തിലുള്ളവരെയും പരിഗണിക്കണം. ഇക്കാലത്ത് ഒരുവന് നല്‍കാവുന്ന ഏറ്റവും വലിയ പരിഗണന മുഖത്തു നോക്കി സംസാരിക്കാന്‍ സമയം കണ്ടെത്തുക എന്നതാണെന്നു കൂടെ ഓര്‍മ്മപ്പെടുത്തട്ടെ.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.