നമ്മള്‍ ആഗ്രഹിക്കുന്നതും ദൈവം തീരുമാനിക്കുന്നതും

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

വലിയ ദു:ഖത്തോടെയാണ് ആ ദമ്പതികള്‍ എന്നെ കാണാനെത്തിയത്. നാട്ടില്‍ ജോലി ചെയ്യുന്ന അവര്‍ വിദേശത്ത് സെറ്റിലാകാനുള്ള പ്രയത്‌നത്തിലാണ്.

“അച്ചാ, ഇത് നാലാം തവണയാണ് പരീക്ഷയെഴുതുന്നത്. കഴിഞ്ഞ മൂന്നു തവണയും എളുപ്പത്തില്‍ ജയിക്കുമെന്നുറപ്പിച്ച പരീക്ഷകളാണ് ഒന്നും രണ്ടും മാര്‍ക്കുകള്‍ക്ക് പരാജയപ്പെട്ടത്. അടുത്ത പരീക്ഷക്കായി ഒരുങ്ങുകയാണ്. എന്താണ് ദൈവഹിതമെന്ന് തിരിച്ചറിയാന്‍ അച്ചന്‍ പ്രാര്‍ത്ഥിക്കണം.”

ഞാന്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. പരിശുദ്ധാത്മാവിന്റെ സഹായം തേടി. ഈ മക്കളോട് എന്താണ് പറയേണ്ടതെന്ന് വെളിപ്പെടുത്തണമെന്നപേക്ഷിച്ചു. എനിക്ക് ലഭിച്ച പ്രചോദനത്താല്‍ ഞാന്‍ അവരോട് ചോദിച്ചു: “നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എത്ര നാളായി?”

“മൂന്നു വര്‍ഷം.”

“എത്ര മക്കളുണ്ട്?”

“മക്കള്‍ ഇല്ല. വിദേശത്ത് സെറ്റിലായിട്ട് മതിയെന്നായിരുന്നു തീരുമാനം.”

അവര്‍ അത് പറഞ്ഞപ്പോള്‍ ഞാന്‍ തുടര്‍ന്ന് ചോദിച്ചു: “നിങ്ങള്‍ക്കിപ്പോള്‍ എത്ര വയസായി?”

“അച്ചാ, ഞങ്ങള്‍ സമപ്രായക്കാരാണ്. 29 വയസ്.”

ഒരിക്കല്‍ കൂടി അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചശേഷം ഞാന്‍ തുടര്‍ന്നു: “എത്ര വയസില്‍ മാതാപിതാക്കളാകാനാണ് നിങ്ങളുടെ തീരുമാനം? ഈ നിലയ്ക്ക് പോയാല്‍ ജോലി ലഭിച്ച്, വിദേശത്ത് സെറ്റിലായി നിങ്ങള്‍ക്ക് കുഞ്ഞുങ്ങളുണ്ടാകുമ്പോള്‍ ഇനിയും എത്ര വര്‍ഷങ്ങള്‍ കഴിയുമെന്ന് ചിന്തിച്ചിട്ടുണ്ടോ?”

“IELTS പരീക്ഷ ഓരോ തവണ പരാജയപ്പെട്ടപ്പോഴും ദൈവം നല്‍കിയ സന്ദേശം ‘കുഞ്ഞുങ്ങളെ സ്വീകരിക്കുക’ എന്നതാണ്. സത്യത്തില്‍ കൂടുതല്‍ ശമ്പളമുള്ള ജോലി ആഗ്രഹിക്കുന്നതു തന്നെ മക്കളുടെ ഭാവിയ്ക്കു വേണ്ടിയല്ലേ? അങ്ങനെയെങ്കില്‍ മക്കളില്ലെങ്കില്‍ പിന്നെന്തിനാണ് ജോലി? പെട്രോള്‍ വാങ്ങിവച്ച് ആരെങ്കിലും കാറ് വാങ്ങാന്‍ പണത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുമോ? അതുകൊണ്ട് ആദ്യം, കുഞ്ഞ്. കുഞ്ഞുണ്ടായിക്കഴിയുമ്പോള്‍ ആ കുഞ്ഞിനെ പോറ്റാനുള്ള ജോലി തീര്‍ച്ചയായും വിദേശത്തോ സ്വദേശത്തോ ദൈവം നിങ്ങള്‍ക്ക് നല്‍കിക്കൊള്ളും.”

ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഏറെ സന്തോഷത്തോടെ അവര്‍ സ്വീകരിച്ചു. pregnent ആയാല്‍ ആദ്യം എന്നെ അറിയിക്കുമെന്ന് പറഞ്ഞ് അവര്‍ യാത്രയായി. ഏതാനും ദിവസം കഴിഞ്ഞ് അയാള്‍ എന്നെ വിളിച്ചു: “അച്ചാ, ഒരു സന്തോഷവാര്‍ത്തയുണ്ട്. ഞങ്ങള്‍ക്കൊരു കുഞ്ഞുണ്ടാകാന്‍ പോകുന്നു. അന്നത്തെ ആ കൂടിക്കാഴ്ചയുടെ സമയത്ത് എന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നു. സംശയം തോന്നി യൂറിന്‍ ടെസ്റ്റ് ചെയ്തപ്പോഴാണ് സദ്വാര്‍ത്തയറിഞ്ഞത്! ഒത്തിരി നന്ദി; അച്ചനും ദൈവത്തിനും. ഒരുപക്ഷേ, അന്നവിടെ വന്ന് ദൈവഹിതം തിരിച്ചറിഞ്ഞില്ലായിരുന്നെങ്കില്‍ ഈ വാര്‍ത്ത ഞങ്ങളെ ദു:ഖിപ്പിക്കുമായിരുന്നു.”

അവന്റെ വാക്കുകളില്‍ എന്റെ മിഴികളുംനിറഞ്ഞു. പരിശുദ്ധാത്മാവിന് ഞാന്‍ നന്ദി പറഞ്ഞു. “സത്യാത്മാവ് വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണ്ണതയിലേക്കു നയിക്കും” (യോഹ. 16:13) എന്ന ക്രിസ്തുവിന്റെ വാക്കുകളുടെ അര്‍ത്ഥം എനിക്ക് കൂടുതല്‍ വ്യക്തമായി.

പിന്നീടൊരിക്കല്‍ അവന്‍ എന്നെ വീണ്ടും വിളിച്ചു: “അച്ചാ, ഇവിടെത്തന്നെ എനിക്ക് ജോലിക്കയറ്റം കിട്ടി. സാലറിയും കൂടുതലുണ്ട്. ഞങ്ങള്‍ക്ക് വേണ്ടതെല്ലാം ദൈവം ക്രമീകരിക്കുമെന്ന് പൂര്‍ണ്ണമായി വിശ്വസിക്കുന്നു!”

പെന്തക്കുസ്തായുടെ ഈ ദിനത്തില്‍ ജീവിതപ്രതിസന്ധികളില്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കുവാന്‍ വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ!

പെന്തക്കുസ്താ തിരുനാള്‍ മംഗളങ്ങള്‍!

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.