ജീവിതം തന്നെ സാക്ഷ്യം

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഫാര്‍മകോഗ്‌നസി (Pharmacognosy) എന്ന വിഷയത്തില്‍ ഉപരിപഠനം നടത്തുന്ന ഒരു കന്യാസ്ത്രീയെ പരിചയപ്പെടാനിടയായി. ഈ വിഷയത്തില്‍ ഉപരിപഠനമുള്ള ചുരുക്കം കോളേജുകളെ ഇന്ത്യയിലുള്ളൂ. സിസ്റ്ററിന് അഡ്മിഷന്‍ ലഭിച്ചത് മുസ്ലീം മാനേജ്‌മെന്റ് നടത്തുന്ന ഒരു കോളേജിലാണ്. ആ കലാലയത്തില്‍ ആദ്യമായാണ് ഒരു കന്യാസ്ത്രീ ഉപരിപഠനത്തിനെത്തുന്നത്. അതിന്റെ ആശങ്ക കോളേജ് അധികൃതര്‍ക്കും സിസ്റ്ററിനുമുണ്ടായിരുന്നു.

സിസ്റ്ററിനെ സംബന്ധിച്ചിടത്തോളം ഒരു പരിചയവുമില്ലാത്ത സ്ഥലം. അക്രൈസ്തവരായവര്‍ തന്നെ എങ്ങനെ നോക്കിക്കാണും എന്നുള്ള ഉത്ക്കണ്ഠ. എന്നാല്‍ ദൈവത്തിന് ഇതിനു പിന്നില്‍ ഒരു പദ്ധതിയുണ്ട് എന്ന ബോധ്യത്തോടെയാണ് സിസ്റ്റര്‍ കോളേജിലെത്തിയത്. തുടര്‍ന്നുള്ള വാക്കുകള്‍ സിസ്റ്റര്‍ പറയട്ടെ…

“അച്ചാ, വലിയ സന്തോഷത്തോടെയാണ് കോളേജിലെ സ്റ്റുഡന്റ്‌സും സ്റ്റാഫും എന്നെ സ്വീകരിച്ചത്. ഞാന്‍ അവര്‍ക്കൊരു അത്ഭുതമായിരുന്നു. ‘വിവാഹം കഴിക്കാതെ എങ്ങിനെ ജീവിക്കാന്‍ കഴിയുന്നു, എന്തിന് ജീവിക്കുന്നു’ എന്നീ ചോദ്യങ്ങള്‍ അവര്‍ എന്നോട് ചോദിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം കത്തോലിക്ക സന്യാസത്തിന്റെ മഹത്വം വെളിപ്പെടുത്താനും ക്രിസ്തുവിനെ പ്രഘോഷിക്കാനും ലഭിച്ച അവസരമായാണ് ഞാനിതിനെ കാണുന്നത്. പഠനം പൂര്‍ത്തിയാകാറായി. ഇക്കാലയളവില്‍ ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ ലഭിച്ച ഒരവസരവും ഞാന്‍ പാഴാക്കിയില്ല. എന്റെ ജീവിതം തന്നെയായിരുന്നു ഏറ്റവും വലിയ സാക്ഷ്യമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ‘എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്ക് സാധിക്കും’ (ഫിലി. 4:13) എന്ന വചനത്തിന്റെ ശക്തി അനുനിമിഷം ഞാന്‍ അനുഭവിക്കുന്നു.”

ആ സഹോദരിയെക്കുറിച്ച് എനിക്കേറെ അഭിമാനം തോന്നി. ‘ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലികള്‍ തന്നെ – പിതാവാണ് എന്നെ അയച്ചതെന്ന് സാക്ഷ്യപ്പെടുത്തുന്നു’ (യോഹ. 5:36) എന്ന ക്രിസ്തുവചനങ്ങളുടെ പൂര്‍ത്തീകരണമാണ് അവരുടെ ജീവിതമെന്നു തോന്നി. നമ്മുടെ പ്രവൃത്തികളും ക്രിസ്തുവിന് സാക്ഷ്യം നല്‍കുന്നതാണോ എന്ന് പരിശോധിച്ചു നോക്കാം.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.