ക്ഷയരോഗം മാറ്റിയ ജപമാല: ദൈവദാസൻ ഫാ. പാട്രിക് പെയ്‌റ്റന്റെ ജീവിതാനുഭവം 

  “ഒന്നിച്ചു പ്രാർത്ഥിക്കുന്ന കുടുംബം ഒന്നിച്ചു നിലനിൽക്കും” – വളരെ പ്രശസ്തമായ ഈ വാക്കുകൾ ചെന്ന് നിൽക്കുക മരിയഭക്തനായ ഒരു വൈദികനിലാണ്. ദൈവദാസനായ ഫാ. പാട്രിക് പെയ്‌റ്റൺ. ആഴമായ വിശ്വാസത്തോടെയുള്ള ജപമാല പ്രാർത്ഥനയിലൂടെ നമ്മുടെ ഏതാവശ്യവും പരിശുദ്ധ അമ്മ ഈശോയുടെ പക്കൽ നിന്ന് നേടിത്തരും. പ്രത്യേകിച്ച് ലോകത്തിന് അസാധ്യമെന്ന് തോന്നുന്നത്. ഇത് തെളിയിക്കുന്ന ഒരു സംഭവം ഫാ. പാട്രിക് പെയ്‌റ്റണിന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ആ സംഭവത്തിലൂടെ ഒന്നു കടന്നുപോകാം …

  ആഴമായ മരിയഭക്തിയിൽ വേരുറപ്പിച്ച കുടുംബമായിരുന്നു പാട്രിക് പെയ്‌റ്റണിന്റേത്‌. സന്ധ്യാപ്രാർത്ഥനയും ജപമാലയും ഒരിക്കൽപ്പോലും ഇവരുടെ കുടുംബത്തിൽ മുടക്കിയിരുന്നില്ല. അതിന്റെ പ്രധാന കാരണം, പിതാവ് പെയ്‌റ്റൺ തന്നെയായിരുന്നു. അദ്ദേഹത്തിലൂടെയാണ് മക്കളിലേയ്ക്ക് ആഴമായ മരിയഭക്തി കടന്നുവരുന്നത്. ആ ഒരു വിശ്വാസജീവിതമാണ് അദ്ദേഹത്തെ ഒരു വൈദികനാക്കിയതും.

  പാട്രിക് പെയ്‌റ്റൺ അറിയപ്പെടുന്നതു തന്നെ ജപമാല വൈദികൻ എന്നാണ്. അത്ര തീക്ഷ്ണമായിരുന്നു അദ്ദേഹത്തിന് പരിശുദ്ധ അമ്മയോടുള്ള ഭക്തി. 1938-ലാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ അത്ഭുതകരമായ ഒരു സംഭവം നടക്കുന്നത്. കാത്തലിക് യൂണിവേഴ്സിറ്റിയിൽ തിയോളജി പഠിച്ചുകൊണ്ടിരുന്ന സമയമായിരുന്നു അത്. അവിടെ വച്ച് അദ്ദേഹത്തിന് രോഗം മൂർഛിച്ചു. പരീക്ഷണങ്ങൾക്കൊടുവിൽ അത് ക്ഷയം ആണെന്നും രോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിലാണ് അദ്ദേഹമെന്നും കണ്ടെത്തി. അക്കാലത്ത് ക്ഷയം വന്നാൽ ചികിൽസിച്ചു ഭേദമാക്കുക സാധ്യമായിരുന്നില്ല. ഓരോ ദിവസം കഴിയുന്തോറും അദ്ദേഹത്തിന്റെ അവസ്ഥ കൂടുതൽ മോശമായിക്കൊണ്ടിരുന്നു.

  ഈ സമയം അദ്ദേഹത്തിന്റെ സഹോദരി അദ്ദേഹത്തോട് പറഞ്ഞു: “പരിശുദ്ധ അമ്മയുടെ സഹായം തേടി പ്രാർത്ഥിക്കാം, അമ്മ നിന്നെ സഹായിക്കും.” ഒപ്പംതന്നെ ഫാ. കൊർണേലിയസ് ഹാഗെർട്ടിയും പരിശുദ്ധ അമ്മയുടെ പ്രാർത്ഥിക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അങ്ങനെ അതുവരെ ജപമാല അർപ്പിക്കുന്നതിലും കൂടുതൽ തീക്ഷ്ണമായി രോഗം മാറുന്നതിനുമ പ്രാർത്ഥിച്ചു തുടങ്ങി. പിന്നീട് സംഭവിച്ചതൊക്കെ അത്ഭുതകരമായ കാര്യങ്ങളായിരുന്നു.

  തുടർന്ന് നടത്തിയ പരിശോധനയിൽ ഡോക്ടർമാർ അത്ഭുതപ്പെട്ടു പോയി. അദ്ദേഹത്തിന്റെ ശ്വാസകോശത്തിലെ പാടുകൾ അപ്രത്യക്ഷമായതായി കണ്ടെത്തി. അസാധ്യം..! അത്ഭുതം..! അത്രമാത്രമേ അദ്ദേഹത്തിലുണ്ടായ അത്ഭുതത്തെക്കുറിച്ച് ഡോക്ടർമാർക്ക് പറയുവാൻ സാധിച്ചുള്ളു. തുടർന്നുള്ള അദ്ദേഹത്തിന്റെ ജീവിതം മുഴുവൻ പരിശുദ്ധ അമ്മയോട് ചേർന്ന് അവിടുത്തെ തിരുക്കുമാരനുള്ളതായിരിക്കും എന്ന് അദ്ദേഹം ഉറപ്പിച്ചു. ആ ഉറപ്പ് ജീവിതാന്ത്യം വരെ പാലിക്കുകയും ചെയ്തു.

  അദ്ദേഹം കുടുംബപ്രാർത്ഥനയുടെ പ്രാധാന്യം ഓർമിപ്പിച്ചുകൊണ്ട് ലോകത്തിനു മുന്നിൽ പ്രേഷിതനായി മാറി. അനേകരെ പ്രാർത്ഥനയിലേയ്ക്ക് നയിക്കുവാൻ ഈ വൈദികൻ തന്റെ ജീവിതം വിനിയോഗിച്ചു. ഒടുവിൽ 1992-ൽ ജപമാലയും കരങ്ങളിലേന്തി സമാധാനത്തോടെ ആ വിശുദ്ധ വൈദികൻ ലോകത്തോട് വിട ചൊല്ലി. ഇന്ന് ആ വൈദികൻ സഭയിലെ ദൈവദാസ പദവിയിൽ എത്തിയിരിക്കുകയാണ്.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.