ഭീഷണിയുമായി കത്ത്: പിറ്റ്‌സ്ബർഗ്  ഇടവക തിരുനാൾ ആഘോഷം മാറ്റിവച്ചു 

സുരക്ഷാകാരണങ്ങളാലാണ്, പെൻസിൽവാനിയായിലെ ഇടവകയിൽ ഓഗസ്റ്റ് 14 മുതൽ 17 വരെ നടത്താനിരുന്ന തിരുനാൾ ആഘോഷം മാറ്റിവച്ചത്. സ്‌കോട്ട് ടൗൺഷിപ്പിലുള്ള ഔർ ലേഡി ഓഫ് ഗ്രേസ് ഇടവകയാണ് തിരുനാൾ ആഘോഷം മാറ്റിവച്ചത്. ഇത് സംബന്ധിച്ച തീരുമാനം പതിമൂന്നാംതീയതിയാണ് ഔദ്യോഗികമായി അധികൃതർ പുറത്തുവിട്ടത്.

തിരുനാൾ ആഘോഷങ്ങളുടെ മുന്നോടിയായി, ഒരുക്കങ്ങൾ നടക്കുന്നതിനിടെ ‘അസ്വസ്ഥതയുളവാക്കുന്നു’ എന്ന് കൈപ്പടയിൽ എഴുതിയ ഒരു കത്ത് രൂപതാ അധികൃതർക്ക് ജൂലൈ മാസത്തിൽ ലഭിച്ചിരുന്നു. പ്രത്യക്ഷത്തിൽ മറ്റു ഭീഷണികൾ ഇല്ലെങ്കിലും വിശ്വാസികളുടെ സുരക്ഷയെ മുൻനിർത്തി ഇടവകയിലെ തിരുനാളാഘോഷം മാറ്റിവയ്ക്കുകയാണ് എന്ന് പിറ്റ്‌സ്ബർഗ് രൂപതാധികൃതർ അറിയിച്ചു.

രാജ്യത്തുടനീളം നിരവധി ആക്രണങ്ങൾ നടക്കുന്നുണ്ട്. പ്രത്യക്ഷത്തിൽ മറ്റ് കുഴപ്പങ്ങളോ ഭീഷണികളോ ഉയർന്നുവന്നിട്ടില്ലായെങ്കിലും ഇനിയൊരു ആക്രമണം ഉണ്ടാകില്ല എന്ന് ഉറപ്പിച്ചുപറയുവാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ ജാഗ്രത പാലിക്കുവാനും വിശ്വാസികളുടെ സുരക്ഷ ഉറപ്പുവരുത്തുവാനും ഞങ്ങൾക്ക് കടമയുണ്ട്. അതിനാൽ തന്നെ റിസ്ക് എടുത്ത് മുന്നോട്ടുപോകണ്ട എന്ന് രൂപതാധികൃതർ തീരുമാനിക്കുകയായിരുന്നു. ഈ ഇടവകയിലെ വരുമാനത്തിന്റെ പ്രധാനമാർഗ്ഗമായിരുന്നു വർഷാവർഷം നടന്നുവരുന്ന തിരുനാൾ.

ദൈവം ഭീതിയുടെയും വിധ്വേഷത്തിന്റെയും നിഴലിൽ നിന്ന് നമ്മെ മോചിപ്പിക്കുകയും നമ്മുടെ ജീവിതത്തിലും സമൂഹത്തിലും ലോകത്തിലും സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്യട്ടെ എന്ന പ്രാർത്ഥനയും ആശംസയോടെയുമാണ് പിറ്റ്‌സ്ബർഗ് രൂപതാധികൃതർ അറിയിപ്പ് അവസാനിപ്പിച്ചത്.