വിദ്യാഭ്യാസം കമ്പ്യൂട്ടറില്‍ മാത്രം ഒതുക്കാവുന്നതല്ലെന്ന് കര്‍ദ്ദിനാള്‍ ജുസപ്പേ വേര്‍സാള്‍ദി

സെപ്റ്റംബര്‍ 9-ാം തീയതി ബുധനാഴ്ച, ലോകത്തെ എല്ലാ കത്തോലിക്കാ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായി പ്രസിദ്ധീകരിച്ച കത്തില്‍ മഹാമാരിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന വിദ്യാഭ്യാസ സംവിധാനങ്ങളെക്കുറിച്ച് വത്തിക്കാന്‍ തുറന്നു ചിന്തിക്കുന്നുണ്ട്. വിദ്യാഭ്യാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ജുസേപ്പെ വേര്‍സാള്‍ദി അയച്ച തുറന്ന കത്തില്‍ പറയുന്നതിങ്ങനെ…

“മഹാമാരി മനുഷ്യന്റെ അസ്തിത്വത്തെ ആഴമായി ബാധിക്കുകയും ജീവിതരീതികളെ മാറ്റിമറിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാം നഷ്ടപ്പെട്ടതിന്റെ ഭീതി എല്ലാവരുടെയും മനസ്സില്‍ കുമിഞ്ഞുകൂടുകയാണ്. അപ്രതീക്ഷിതമായൊരു കൊടുങ്കാറ്റ് ജീവിതഗതിയെ മാറ്റിമറിച്ചിരിക്കുന്നതുപോലെ. ആരോഗ്യപ്രശ്നങ്ങള്‍ക്കും മീതെ എല്ലാവര്‍ക്കും സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങളുള്ള സമയമാണിത്. വിദ്യാഭ്യാസമേഖലയെ ആഗോളതലത്തിലും സ്‌കൂള്‍തലത്തിലും മാത്രമല്ല, മറ്റെല്ലാ അദ്ധ്യായനതലങ്ങളിലും വൈറസ് ബാധ തകിടംമറിച്ചിട്ടുണ്ടെന്ന് വത്തിക്കാന്റെ നീണ്ട കത്ത് ചൂണ്ടിക്കാട്ടി.

മഹാമാരിയുടെ മദ്ധ്യത്തില്‍ ഡിജിറ്റല്‍ സാങ്കേതികത ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ പ്രശ്നപരിഹാരത്തിലേയ്ക്കാണ് എല്ലാവരും വേഗം എടുത്തുചാടിയത്. വിദൂരവും സാങ്കേതികവുമായ പഠനരീതി നല്ലതും ആവശ്യവുമാണ്. എന്നാല്‍ വിദ്യാഭ്യാസ-സാങ്കേതികസൗകര്യങ്ങളുടെ ഏറെ പ്രകടമായ അസമാനതയാണ് ജനങ്ങള്‍ ഇന്ന് അനുഭവിക്കുന്നത്. കാരണം, ചിലര്‍ക്ക് അത് സാധിക്കുമ്പോള്‍ മറ്റു ചിലര്‍ക്ക് കുറച്ചൊക്കെ സാധിക്കുന്നു. എന്നാല്‍ അധികം പേര്‍ക്കും ഒന്നും സാദ്ധ്യമല്ലാത്ത അവസ്ഥ വരുന്നു. രാജ്യാന്തര ഏജന്‍സികളുടെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, ഇന്ന് ലോകത്ത് ഒരു കോടിയിലധികം കുട്ടികളാണ് പഠിക്കുവാന്‍ ഒരു സാദ്ധ്യതയുമില്ലാതെ വീടുകളില്‍ കാത്തിരിക്കേണ്ടിവരുന്നത്. മാത്രമല്ല, ഈ പ്രതിസന്ധി വിദ്യാഭ്യാസ സൗകര്യമുള്ളവരും അത് ഒട്ടും ഇല്ലാത്തവരും തമ്മിലുള്ള വിടവ് ഏറെ വര്‍ദ്ധിപ്പിക്കുവാന്‍ പോരുന്നതാണെന്നും വത്തിക്കാന്‍ വിശദീകരിച്ചു.

വിദ്യാഭ്യാസത്തിന്റെ പരസ്പരബന്ധങ്ങളുടെ മേഖലയില്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ, നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതെയും അറിവില്ലാതെയും ധാരാളം പ്രശ്നങ്ങള്‍ കടന്നുകൂടിയിട്ടുണ്ട്. കോവിഡിന്റെ സങ്കീര്‍ണ്ണമായ ഘട്ടത്തില്‍ സാങ്കേതികതയുടെ സഹായത്തോടെയുള്ള വിദൂരവിദ്യാഭ്യാസം ആവശ്യമായി വന്നു. എന്നാല്‍ വിദ്യാഭ്യാസം ഒരു സാങ്കേതികവിദ്യയില്‍ ഒതുക്കിനിര്‍ത്താവുന്നതല്ല. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലും, വിദ്യാര്‍ത്ഥികള്‍ പരസ്പരവുമുള്ള സംവാദവും കൂട്ടായ പ്രവര്‍ത്തനങ്ങളും പഠനത്തിന്റെ കാതലായ ഭാഗമാണെന്ന് കത്ത് ചൂണ്ടിക്കാട്ടി.

ക്ലാസ്സിലും ലാബിലും ലൈബ്രറിയിലുമൊക്കെയായി ഒരുമിച്ചു വളരുകയും ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കയും ചെയ്യുന്ന ഒരു ജീവിതശൈലിയാണ് വിദ്യാഭ്യാസം. വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ വിശിഷ്യാ, കുട്ടിക്കാലത്തും കൗമാരത്തിലും യൗവ്വനത്തിലുമെല്ലാം ആവശ്യമായ മാനസികവും വിദ്യാഭ്യാസപരവുമായ വളര്‍ച്ചയ്ക്ക് അദ്ധ്യാപകരുടെയും സഹപാഠികളുടെയും സാന്നിദ്ധ്യം അനിവാര്യമാണ്. വ്യക്തികളില്‍ അറിവിന്റെ പ്രായോഗികതയും ക്രിയാത്മകതയതും യാഥാര്‍ത്ഥ്യമാകുന്നത് മറ്റുള്ളവരെ ആശ്ലേഷിച്ചുകൊണ്ടുള്ളൊരു സജീവസാന്നിദ്ധ്യത്തിന്റെയും കൂട്ടായ്മയുടെയും ചുറ്റുപാടിലാണെന്ന് വത്തിക്കാന്റെ കത്ത് നിരീക്ഷിച്ചു.

ശാസ്ത്രീയ ഗവേഷണപഠനങ്ങളുടെയും കണ്ടുപിടുത്തങ്ങളുടെയും മേഖലയില്‍ വിവിധ വിഭാഗങ്ങളിലെ വ്യക്തികള്‍ തമ്മിലുള്ള ഇടപെടലുകളും ചര്‍ച്ചകളും സംവാദവും അനിവാര്യമാണ്. ഇതുവഴി അറിവ് പങ്കുവയ്ക്കപ്പെടുകയും സമൂഹത്തിന് ഉപകാരപ്രദമാവുകയും ചെയ്യുന്നു. അങ്ങനെ അതില്‍ ദൈവികവെളിപാടിന്റെ വെളിച്ചം പതിക്കുവാനും പാരസ്പരികതയും കൂട്ടായ്മയും സഹായകമാക്കുമെന്ന് കര്‍ദ്ദിനാള്‍ ജുസേപ്പെ വേഴ്‌സാള്‍ദി അയച്ച കത്ത് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.