“മദർ തെരേസയുടെ ഓർമ്മകൾ എന്റെയുള്ളിൽ നിറഞ്ഞു നിൽക്കുന്നു”: ഡയാന രാജകുമാരിയുടെ കത്ത് പുറത്ത്‌

മദർ തെരേസയോട് ആഴമായ സ്നേഹവും ബഹുമാനവും ഡയാന രാജകുമാരിക്ക് ഉണ്ടായിരുന്നതായി വെളിപ്പെടുത്തുന്ന കത്ത് പുറത്ത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം രാജകീയ ദമ്പതികൾ പ്രത്യേകം, ഇന്ത്യയിലെ ഹൈക്കമ്മീഷണര്‍ ആയിരുന്ന എൽ.എം. സിംഗ്വിക്ക് എഴുതിയ രണ്ട് കത്തുകളിലാണ്, ഡയാന രാജകുമാരിക്കും ചാൾസ് രാജകുമാരനും ഇന്ത്യയോടും മദർ തെരേസയോടും പ്രത്യേക സ്നേഹം ഉണ്ടായിരുന്നതായി വെളിപ്പെടുത്തുന്നത്.

“മദർ തെരേസയുമായുള്ള നിങ്ങളുടെ സന്ദർശനത്തെക്കുറിച്ച് ഞാൻ വളരെയധികം താല്പര്യത്തോടെ വായിച്ചു. മദറുമായുള്ള ആദ്യ കൂടിക്കാഴ്ചയുടെ മനോഹര ദൃശ്യങ്ങൾ ഇപ്പോഴും എന്റെ മനസ്സിൽ തങ്ങിനിൽക്കുന്നു. അവരുടെ ഓർമ്മകൾ എന്റെ ചിന്തയിൽ ഇപ്പോഴും നിലനിൽക്കുന്നു. കൊൽക്കത്തയിലെ എയ്ഡ്സ് രോഗികളെ ചെറിയ തോതിൽ പാർപ്പിക്കാൻ കഴിയുന്ന തരത്തിൽ സഹായങ്ങൾ ചെയ്യുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഒപ്പം മദർ തെരേസ എന്നോട് ഈ വിഷയത്തെക്കുറിച്ച് ചോദിക്കാൻ ആലോചിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്” – 1997-ൽ അയച്ച കത്തിൽ ഡയാന രാജകുമാരി ഇങ്ങനെ എഴുതിയിരിക്കുന്നു.

ഡയാന രാജകുമാരി ഒരിക്കൽ കൊൽക്കത്തയിലെ മദർ തെരേസയുടെ ആശ്രമം സന്ദർശിച്ചിരുന്നുവെങ്കിലും അന്ന് മദറിനെ കാണുവാൻ ഡയാനയ്ക്കു കഴിഞ്ഞിരുന്നില്ല. 1992-ൽ റോമിൽ വച്ചാണ് പിന്നീട്  ഇരുവരും കണ്ടുമുട്ടുന്നത്. പിന്നീട് അതുമായി ബന്ധപ്പെട്ട് മുന്നോട്ടു പോകുവാൻ ഡയാനയ്ക്കു കഴിഞ്ഞിരുന്നുമില്ല. ഈ കത്തെഴുതി ഏകദേശം, മൂന്നു മാസങ്ങൾക്കിപ്പുറം ഡയാന കൊല്ലപ്പെട്ടു. ഏതാണ്ട് അഞ്ച് ദിവസങ്ങൾക്കിപ്പുറം മദർ തെരേസയും മരണമടഞ്ഞു.