2020 അവസാനിക്കുമ്പോൾ ചിന്തിക്കാം ഈ കാര്യങ്ങൾ

നമുക്ക് മുന്നിലൂടെ ഒരു വർഷം കൂടെ കടന്നുപോവുകയാണ്. പ്രത്യക്ഷത്തിൽ വളരെയേറെ പ്രതിസന്ധികൾ നിറഞ്ഞ വർഷം. എന്നാൽ ചില കാര്യങ്ങൾ ചിന്തിക്കുമ്പോൾ ദൈവം എല്ലാം നന്മയ്ക്കായി പരിണമിപ്പിച്ചു എന്ന് നമുക്ക് മനസിലാകും. കോവിഡും ലോക്ക് ഡൗണും ലോകത്തെ സ്തംഭിപ്പിച്ചപ്പോൾ കുടുംബങ്ങളുടെയും കുടുംബാംഗങ്ങളുടെയും നന്മയും കരുതലും നാം തിരിച്ചറിയുകയായിരുന്നു, അല്ലേ? ഈ വർഷം സമ്മാനിച്ച അനേകം നല്ല കാര്യങ്ങളിൽ ഒന്ന് മാത്രമാണ് ഇത്.

2020 വർഷത്തിന്റെ അവസാന നിമിഷങ്ങളിലാണ് നാം ഇപ്പോൾ. ഈ വർഷം അവസാനിക്കുമ്പോൾ എന്താണ് നാം ചിന്താവിഷയമാക്കേണ്ടത്? കഴിഞ്ഞ ഒരു വർഷത്തെ വിശകലനം ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങൾ നാം പരിഗണിക്കണം? ഇത്തരം ചിന്തകളാണോ നിങ്ങളുടെ മനസ്സിൽ. എങ്കിൽ കഴിഞ്ഞ ഒരു വർഷത്തെ ശരിയായി വിചിന്തനം ചെയ്തുകൊണ്ട് നമ്മുടെ ജീവിതത്തിൽ സംഭവിച്ച വിജയങ്ങളെയും പരാജയങ്ങളെയും കുറിച്ചു ചിന്തിക്കാം. ഈ ഒരു വർഷാവസാനത്തെ ശരിയായി ഉപയോഗിക്കാനും പുതിയൊരു വർഷത്തെ വരവേൽക്കാനും സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ ഇതാ.

1. അവസാനിക്കുവാൻ പോകുന്ന വർഷത്തെക്കുറിച്ച് വിശകലനം ചെയ്യാം

ഒരു വർഷം അവസാനിക്കുകയാണ്. ഈ വർഷം ആദ്യം മുതൽ അവസാനം വരെ ഓർമ്മയിലേയ്ക്ക് കൊണ്ടുവരാം. നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ച നന്മകളും അനുഗ്രഹങ്ങളും മോശം അനുഭവങ്ങളും ഒരു ഡയറിയിൽ കുറിച്ചുവയ്ക്കാം. അവസാനം മൊത്തത്തിൽ ഒന്ന് പരിശോധിക്കാം. അപ്പോൾ നിങ്ങൾ തന്നെ അത്ഭുതപ്പെടും. ഇത്രയേറെ വിജയങ്ങളും സന്തോഷകരമായ നിമിഷങ്ങളും നിങ്ങളുടെ ജീവിതത്തിൽ കടന്നുവന്നിട്ടുണ്ടെന്ന് കാണുവാൻ കഴിയും. കൂടാതെ, നിങ്ങൾ ഈ വർഷം നേടിയെടുത്ത എല്ലാ നേട്ടങ്ങളും അതിൽ ചേർക്കുക. ഒപ്പം അപൂർവ്വനിമിഷങ്ങളെന്നു തോന്നുന്നവ ഒരു ഓർമ്മപ്പെടുത്തലായി വ്യത്യസ്ത നിറത്തിൽ രേഖപ്പെടുത്താൻ.

2. ചെയ്യാൻ കഴിയാതെ പോയ കാര്യങ്ങൾ ഓർത്തെടുക്കും

കഴിഞ്ഞ ഒരു വർഷം ചെയ്യാൻ കഴിയാതെപോയ നിരവധി കാര്യങ്ങൾ ഉണ്ടാകാം നിങ്ങളുടെ ജീവിതത്തിൽ. അവ ഏതൊക്കെയാണെന്ന് എഴുതുക. അതിൽ നിന്നും, ഇപ്പോൾ ചെയ്യാൻ കഴിയുന്നതും ആവശ്യമായതുമായ ഒരു സംഭവം തിരഞ്ഞെടുക്കുക. വരുന്ന വർഷം ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റിൽ അവ ഉൾപ്പെടുത്താം. ഒപ്പം നമ്മുടെ വീടിനെ ചുറ്റിപ്പറ്റി നിൽക്കുന്ന ചില കാര്യങ്ങൾ ചെയ്‌തുതീർത്തിട്ടുണ്ടാവില്ല നമ്മൾ. അത് എന്തൊക്കെയാണെന്ന് ചിന്തിക്കുക; ചെയ്തു തീർക്കുക. അവ പിന്നീട് നിങ്ങളുടെ മനസിനെ അലട്ടുന്നില്ല എന്ന് ഉറപ്പു വരുത്തുക.

3. ചുറ്റുപാടുകളെ വൃത്തിയായി സൂക്ഷിക്കാം

നിങ്ങളുടെ വീടിന്റെ പരിസരവും മുറികളും ഒന്ന് വീക്ഷിക്കുക. നിങ്ങൾക്ക് ആവശ്യമില്ലാത്ത സാധനങ്ങൾ കത്തിച്ചുകളയുകയോ മാറ്റിവയ്ക്കുകയോ ചെയ്യാം. അത് വീണ്ടും ഉപയോഗിക്കാവുന്ന സാധനങ്ങളാണെങ്കിൽ അത് ചാരിറ്റിക്കായി ഉപയോഗിക്കാം. വീട് വൃത്തിയാക്കുന്നതിനായി നാളെ നാളെ എന്ന് പറഞ്ഞ് നീട്ടിവയ്‌ക്കേണ്ട കാര്യമില്ല. കഴിവതും എല്ലാം പുതുവർഷത്തിന് മുമ്പുതന്നെ ചെയ്യാം. വൃത്തിയുള്ള ചുറ്റുപാടുകൾ നമ്മുടെ മനസിനും ശരീരത്തിനും ആശ്വാസം പകരും.

4. നിങ്ങളെ അത്യാവശ്യഘട്ടങ്ങളിൽ സഹായിച്ചവർക്കായി ആശംസകൾ അയയ്ക്കാം

കടന്നുപോയ വർഷം നിങ്ങളെ സഹായിച്ച അനേകം വ്യക്തികൾ ഉണ്ടാകാം. അവർക്ക് ആശംസകൾ അയയ്ക്കുന്നത് ഉചിതമായിരിക്കും. അത് നിങ്ങളിലെ നന്ദിയും സ്നേഹവും വെളിപ്പെടുത്തുകയും ബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നതിന് കാരണമാകും. ആശംസകൾ അർപ്പിച്ചുകൊണ്ട് ഒരു കാർഡോ മെയിലോ അയയ്ക്കാം.

5. ശാന്തമാകാം; പ്രാർത്ഥനയോടെ ആരംഭിക്കാം

ഒരു വർഷം നീണ്ട അലച്ചിലുകളും ഓട്ടങ്ങളും അവസാനിക്കുകയാണ്. സമാധാനത്തോടെ, ശാന്തമായി ഈ വർഷാവസാനം ആയിരിക്കാം. സ്വസ്ഥമായി പുതുവർഷത്തെ വരവേൽക്കാം. ഇങ്ങനെ വ്യക്തമായ തീരുമാനങ്ങളോടെ ഈ വർഷാവസാനം ആയിരിക്കാം. ഒപ്പം പ്രാർത്ഥനയോടെ ദൈവത്തിന് സ്വയം സമർപ്പിച്ചുകൊണ്ട് പുതിയ ഒരു വർഷത്തെ വരവേൽക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.