പ്രായമായവരും യുവജനങ്ങളും തമ്മിൽ സംസാരിക്കട്ടെ: ഫ്രാൻസിസ് പാപ്പാ

വയോധികരെയും യുവജനങ്ങളെയും തമ്മിൽ സംസാരിക്കാൻ അനുവദിക്കുക. അത് എല്ലാവരെയും സന്തോഷിപ്പിക്കും എന്ന് മുത്തശ്ശീ-മുത്തച്ഛന്മാർക്കുള്ള ആദ്യത്തെ ലോകദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ ഉച്ച കഴിഞ്ഞ് സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ വിശ്വാസികളെ അഭിസംബോധന ചെയ്യവേയാണ് പാപ്പാ ഇപ്രകാരം ആവശ്യപ്പെട്ടത്. ജൂലൈ നാലാം ഞായറാഴ്ചയിലാണ് വയോധികർക്കു വേണ്ടിയുള്ള പ്രത്യേക ദിവസമായി ആചരിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ ജനുവരിയിൽ പ്രഖ്യാപനം നടത്തിയിരുന്നു.

‘ഞാൻ എന്നും നിങ്ങളോടൊപ്പമുണ്ട് എന്ന വി. മത്തായിയുടെ സുവിശേഷത്തിൽ നിന്നുള്ള ബൈബിൾ വാക്യമാണ് ഈ വർഷത്തെ ആപ്തവാക്യം. “പ്രായമായ മാതാപിതാക്കൾക്ക് യുവജനങ്ങളെയും യുവജനങ്ങൾക്ക് പ്രായമായവരെയും ആവശ്യമുണ്ട്. അവർ ഒത്തുചേരണം. പ്രായമായവരുടെ അനുഭവജ്ഞാനം വളർന്നുവരുന്ന വൃക്ഷത്തിന് ശക്തി നൽകുകയും ചെയ്യണം. പരസ്പരം ആശയവിനിമയം നടത്തിയിട്ടില്ലെങ്കിൽ ചരിത്രം മുമ്പോട്ട് പോകില്ല. ജീവിതം മുമ്പോട്ട് പോകില്ല. നാം വീണ്ടും ആരംഭിക്കേണ്ടതുണ്ട്. അതിനാൽ ഇരുകൂട്ടരെയും ഒരുമിച്ചു ചേർക്കുക. അവരെ സംസാരിക്കാൻ അനുവദിക്കുക. ഇത് എല്ലാവരെയും സന്തോഷിപ്പിക്കും” – പാപ്പാ പറഞ്ഞു.

ഈശോയുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ മാതാപിതാക്കളായ വി. അന്നയുടെയും യോവാക്കിമിന്റെയും തിരുനാൾ ദിനത്തോടനുബന്ധിച്ചാണ് പ്രായമായ മാതാപിതാക്കളുടെ ദിനം ആചരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.