ക്രിസ്തുസ്നേഹത്തിന്റെ ചിത്രം പ്രചരിപ്പിക്കാം ഈ ജൂൺ മാസത്തിൽ

“എന്റെ തിരുഹൃദയം പ്രദര്‍ശിപ്പിക്കുകയും വണങ്ങുകയും ചെയ്യുന്ന വ്യക്തികളെയും സ്ഥലങ്ങളെയും ഞാൻ അനുഗ്രഹിക്കും.” ഈശോ, വി. മാർഗരറ്റ് മേരി അലോകയോട് പറഞ്ഞതാണിത്. ഈശോയുടെ ഈ വാഗ്ദാനം ആധുനികയുഗത്തിൽ ജീവിക്കുന്ന നമുക്ക് നൽകുന്ന ഒരു സന്ദേശമുണ്ട്. ഇന്ന് ഏറ്റവുമധികം തിന്മകൾക്കും സാത്താനിക പ്രവര്‍ത്തികൾക്കും വേദിയും മാതൃകയും പ്രചോദനവും നൽകുന്ന ഇന്റര്‍നെറ്റ് ലോകത്തിൽ ഈശോയുടെ തിരുഹൃദയചിത്രം പ്രചരിക്കപ്പെട്ടാൽ അവിടവും അനുഗ്രഹിക്കപ്പെടുമോ എന്നത്. തീർച്ചയായും അനുഗ്രഹിക്കപ്പെടും എന്നു തന്നെയാണ് ഉത്തരം.

വി. മദർ തെരേസയും ഫ്രാൻസിസ് മാർപാപ്പ ഉൾപ്പെടെ നിരവധി മാർപാപ്പമാരും ഇക്കാര്യം ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. ഈശോയുടെ തിരുഹൃദയവണക്കം വിശ്വാസത്തിന്റെ ഏറ്റവും വലിയ പ്രകടനമാണെന്നും ഏത് കാലഘട്ടത്തിലും വിശ്വാസം പ്രഘോഷിക്കാനുള്ള മാർഗ്ഗമാണതെന്നും. പതിനൊന്നാം പീയൂസ് മാർപാപ്പ ഇക്കാര്യം കൂടുതൽ സ്പഷ്ടമായി പറഞ്ഞിട്ടുണ്ട്: “നമ്മുടെ ജീവിതത്തിലെ അസാധാരണ സംഭവങ്ങളിൽ അസാധാരണ സഹായം നൽകുവാൻ ഈശോയുടെ തിരുഹൃദയത്തിന് സാധിക്കും” എന്ന്.

മദർ തെരേസ ഒരിക്കൽ പറഞ്ഞു: “ഭൂതകാല സംഭവങ്ങൾ നിങ്ങളെ അസ്വസ്ഥതപ്പെടുത്താതിരിക്കട്ടെ. ഈശോയുടെ തിരുഹൃദയത്തിൽ ആശ്രയിച്ച് മുന്നോട്ടുപോവുക. സന്തോഷവും സമാധാനവും നിങ്ങൾക്ക് ആസ്വദിക്കാം.” ദൈവകരുണയുടെ ഏറ്റവും പ്രകടമായ രൂപമെന്നും മനുഷ്യന് സാധ്യമായ ഏറ്റവും വലിയ ദൈവസ്നേഹപ്രകടനം എന്നുമാണ് ഫ്രാൻസിസ് പാപ്പാ ഈശോയുടെ തിരുഹൃദയവണക്കത്തെക്കുറിച്ച് പറഞ്ഞത്.

അതുകൊണ്ട് സ്നേഹത്തിന്റെ, ക്രിസ്തുസ്നേഹത്തിന്റെ, ക്രൈസ്തവ സ്നേഹത്തിന്റെ പ്രതീകമായി ഈശോയുടെ തിരുഹൃദയ രൂപത്തെ, സ്നേഹത്തിന്റെ പുതിയ ചിഹ്നമായി നമുക്ക് ഉപയോഗിക്കാം. പരമാവധി ആളുകളിലേക്ക് ഈ ചിത്രത്തെ എത്തിക്കാം. അങ്ങനെ ഈശോയുടെ തിരുഹൃദയം നൽകുന്ന സന്ദേശവും സമാധാനവും ലോകം മുഴുവൻ നമുക്ക് പടർത്താം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ