ജീവിതത്തിൽ വിജയം നേടണോ ? കടന്നുപോകാം ഈ 10 മാർഗ്ഗങ്ങളിലൂടെ…

എനിക്കിത് ചെയ്യാൻ സാധിക്കുമോ? എനിക്ക് പറ്റില്ല, വലിയ കഴിവുള്ളവർക്കു മാത്രമേ ഇതൊക്കെ പറ്റൂ… തുടങ്ങി നിരവധി ചിന്തകൾ, ഒരു നിർണ്ണായക തീരുമാനം എടുക്കേണ്ടിവരുന്ന സാഹചര്യങ്ങളില്‍ നമ്മുടെ മനസ്സിൽ ഉയർന്നു വരാറുണ്ട്. പലപ്പോഴും നമ്മുടെയുള്ളിലെ ആത്മവിശ്വാസത്തെ, വിജയത്തെ ഇല്ലാതാക്കുന്നത് ഈ ചിന്തകൾ തന്നെയാണ്.

വിജയത്തിലേയ്ക്ക്‌ എത്തുന്നതിന് ആത്മവിശ്വാസം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ആത്മവിശ്വാസം വളര്‍ത്തിയെടുക്കാന്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ എന്തു ചെയ്യാന്‍ സാധിക്കും? അതിനായി ലളിതമായ, പത്ത് പ്രായോഗിക മാർഗ്ഗങ്ങൾ താഴെ കൊടുക്കുന്നു.

1. നിങ്ങള്‍ വിജയിക്കുന്നു എന്ന ഒരു ചിത്രം മനസില്‍ സങ്കല്‍പ്പിക്കുക

ഈ ചിത്രം മനസില്‍ സ്ഥിരമായി സൂക്ഷിക്കുക. ഒരിക്കലും അത് മാഞ്ഞുപോകാന്‍ അനുവദിക്കാതിരിക്കുക. ഈ ചിത്രം വികസിപ്പിച്ചെടുക്കാന്‍ നിങ്ങളുടെ മനസ് ആഗ്രഹിക്കും. നിങ്ങള്‍ പരാജയപ്പെടുന്നതായി ഒരിക്കലും ചിന്തിക്കാതിരിക്കുക. ‘വിജയം’ എന്ന മാനസിക ചിത്രത്തിന്റെ യാഥാര്‍ത്ഥ്യത്തില്‍ ഒരിക്കലും സംശയിക്കാതിരിക്കുക. ചിത്രീകരിക്കുന്നത് പൂര്‍ത്തീകരിക്കാന്‍ മനസ് എപ്പോഴും ആഗ്രഹിക്കുന്നു. അതുകൊണ്ട് എപ്പോഴും വിജയത്തെ ചിത്രീകരിക്കുക, എത്ര മോശമായിട്ടാണ് കാര്യങ്ങള്‍ ഇപ്പോള്‍ നീങ്ങുന്നതെങ്കിലും.

2. വസ്തുനിഷ്ഠമായ ചിന്ത

എപ്പോഴെല്ലാം നിങ്ങളുടെ വ്യക്തിപരമായ കഴിവുകളെപ്പറ്റി നിഷേധാത്മകമായ ചിന്ത നിങ്ങളുടെ മനസ്സില്‍ വരുന്നുവോ, അപ്പോഴെല്ലാം അത് തള്ളിക്കളയാന്‍ വസ്തുനിഷ്ഠമായ ഒരു ചിന്ത നിങ്ങളുടെ മനസില്‍ നിറയ്ക്കുക.

3. പ്രതിബന്ധങ്ങളെ ലഘൂകരിച്ച് കാണുക

നിങ്ങളുടെ ഭാവനയില്‍ പോലും പ്രതിബന്ധങ്ങള്‍ പടുത്തുയര്‍ത്താതിരിക്കുക. ഏത് പ്രതിബന്ധമായാലും അവയെ ലഘൂകരിച്ച് കാണുക. പ്രതിബന്ധങ്ങളെപ്പറ്റി ശരിയായി പഠിക്കുകയും അവയെ ഫലപ്രദമായി നേരിടുകയും വേണം. ഭയത്തിന്റേതായ ചിന്താഗതി കൊണ്ട് അവയെ വലുതായി കാണരുത്.

4. കാര്യക്ഷമമായി പ്രവര്‍ത്തിക്കുക

ഭയവിഹ്വലരാകാതിരിക്കുക. നിങ്ങള്‍ നിങ്ങളുടെ കാര്യത്തില്‍ എത്ര കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവോ, അത്രയും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ മറ്റാര്‍ക്കും കഴിയുകയില്ല. പ്രത്യക്ഷത്തില്‍ ആത്മവിശ്വാസം കാണിക്കുന്ന പലരും നിങ്ങളെപ്പോലെ തന്നെ സംശയാലുക്കളും ഭയവിഹ്വലരുമാണ്.

5. പ്രാര്‍ത്ഥന ആവര്‍ത്തിക്കുക

താഴെ കൊടുക്കുന്ന ശക്തിമത്തായ വാക്കുകള്‍ ദിവസവും പത്ത് തവണ വീതം ആവര്‍ത്തിച്ചു പറയുക: ‘ദൈവം നമുക്കു വേണ്ടിയാണെങ്കില്‍, നമുക്ക് എതിര് നില്‍ക്കാന്‍ ആര്‍ക്കു സാധിക്കും?’ (വായന നിറുത്തിയിട്ട് സാവധാനത്തിലും ആത്മവിശ്വാസത്തോടു കൂടിയും അവ ഇപ്പോള്‍ തന്നെ ആവര്‍ത്തിച്ചു പറയുക).

6. നല്ല സുഹൃത്തിനെ കണ്ടെത്തുക

സ്വയം മനസ്സിലാക്കാന്‍ നിങ്ങളെ സഹായിക്കുന്ന വേണ്ടത്ര കഴിവുള്ള ഒരു ഉപദേഷ്ടാവിനെ കണ്ടുപിടിക്കുക. പലപ്പോഴും ചെറുപ്പത്തില്‍ തന്നെ ആരംഭിക്കുന്ന നിങ്ങളുടെ അപകര്‍ഷതാബോധത്തിന്റെ ഉത്ഭവത്തെപ്പറ്റി പഠിക്കുക. അവനവനെ പറ്റിയുള്ള അറിവ് രോഗശമനത്തിലേയ്ക്കു നയിക്കും.

7. ദൈവത്തെ കൂട്ടുകാരനാക്കുക

എല്ലാ ദിവസവും താഴെക്കാണുന്ന വാചകം പത്ത് തവണ വീതം, സാധിക്കുമെങ്കില്‍ ഉച്ചത്തില്‍ തന്നെ പറയുക. ‘എന്നെ ശക്തിപ്പെടുത്തുന്ന ദൈവത്തില്‍ കൂടി എനിക്ക് എല്ലാം ചെയ്യാന്‍ സാധിക്കും.” ഈ വാക്കുകള്‍ ഇപ്പോള്‍ തന്നെ ആവര്‍ത്തിച്ചു പറയുക. അപകര്‍ഷതാബോധത്തിന് ഏറ്റവും ശക്തിയേറിയ പ്രതിവിധിയാണ് ഈ മാന്ത്രികവാചകം.

8. ആത്മാഭിമാനം ഉള്ളവരാകുക

നിങ്ങളുടെ കഴിവുകളെപ്പറ്റി യഥാര്‍ത്ഥമായ ഒരു വിലയിരുത്തല്‍ നടത്തുക. അതിനുശേഷം അത് പത്ത് ശതമാനം വര്‍ദ്ധിപ്പിക്കുക. അഹംഭാവിയാകാതിരിക്കുക. ആത്മാഭിമാനം വളര്‍ത്തിയെടുക്കുക. ദൈവം നിങ്ങള്‍ക്കു തന്നിരിക്കുന്ന കഴിവുകളില്‍ വിശ്വസിക്കുക.

9. ദൈവകരങ്ങളില്‍ നിങ്ങളെത്തന്നെ സമര്‍പ്പിക്കുക

അതിനുവേണ്ടി സ്വയം പറയുക: ‘ഞാന്‍ ദൈവത്തിന്റെ കരങ്ങളിലാണ്.’ അതിനു ശേഷം നിങ്ങള്‍ക്കാവശ്യമുള്ള എല്ലാ കഴിവുകളും ഇപ്പോള്‍ ലഭിക്കുന്നു എന്നു മനസ്സിലാക്കി ജീവിതാവശ്യങ്ങളെ നേരിടാനുള്ള ശക്തി നിങ്ങള്‍ക്കുണ്ടെന്ന് വിശ്വസിക്കുക.

10. വിശ്വസിക്കുക

ദൈവം കൂടെയുണ്ടെന്നും യാതൊരു ശക്തിക്കും നിങ്ങളെ തോല്‍പിക്കാന്‍ സാധിക്കുകയില്ലെന്നും ഓര്‍മ്മപ്പെടുത്തുക. നിങ്ങള്‍ക്ക് ഇപ്പോള്‍ ദൈവത്തില്‍ നിന്ന് ശക്തി കിട്ടുന്നുവെന്നും വിശ്വസിക്കുക.