നന്മ നിറഞ്ഞ മറിയത്തെ വിളിച്ചു പ്രാര്‍ത്ഥിക്കാം

നന്മ നിറഞ്ഞ മറിയമേ, സ്വസ്തി! കര്‍ത്താവ് നിന്നോടു കൂടെ, സ്ത്രീകളില്‍ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു. നിന്റെ ഉദരത്തിന്‍ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.

പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ.

ഈ പ്രാര്‍ത്ഥന വി. ലൂക്കായുടെ സുവിശേഷം 1:28; 1:42; 1:43 എന്നീ തിരുവചനങ്ങളാണ്. നിരന്തരമായി ആവര്‍ത്തിക്കപ്പെടുന്ന ഈ വചനങ്ങള്‍ നമ്മെ വിശുദ്ധീകരിക്കുകയും സ്വതന്ത്രരാക്കുകയും ചെയ്യുന്നു. എന്നാല്‍, ഈ വചനങ്ങള്‍ക്കെതിരെ സാത്താന്‍ സര്‍വ്വശക്തിയുമെടുത്ത് പൊരുതും. കാരണം, രക്ഷയുടെ ആദ്യത്തെ വചനങ്ങളാണിത്. ഈ വചനങ്ങള്‍ക്ക് പരിശുദ്ധ അമ്മ ‘”ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ” (ലൂക്കാ 1:38) എന്നു പറഞ്ഞപ്പോഴാണ് സാത്താന്റെ പതനം ആരംഭിച്ചത്.

പരിശുദ്ധ മറിയത്തിന്റെ സ്ഥാനം ഈശോയുടെ അമ്മ മാത്രമായിട്ടല്ല. ദൈവത്തിന്റെ രക്ഷാകര കര്‍മ്മത്തില്‍ യേശുവിനോടു സഹകരിക്കുന്ന സഹരക്ഷക കൂടിയായിട്ടാണ്. ദൈവമഹത്വീകരണം രക്ഷാകരമാണ്. ഈ മഹത്വീകരണത്തില്‍ യേശുവിനോട് സഹകരിക്കുന്ന സ്ത്രീയാണ് മാതാവ്. ജപമാല പ്രാര്‍ത്ഥന തികച്ചും വചനാധിഷ്ടിതമാണ്.

ജപമാല പ്രാര്‍ത്ഥന ദൈവമാതാവിനോടുള്ള പ്രാര്‍ത്ഥന അല്ല. അമ്മ വഴി സ്വര്‍ഗ്ഗസ്ഥനായ പിതാവിനോടാണ് പ്രാര്‍ത്ഥിക്കുന്നത്. പരിശുദ്ധ അമ്മ ജീവിതത്തിലേയ്ക്ക് കടന്നുവരുമ്പോള്‍ പരിശുദ്ധാത്മാവിനാല്‍ നിറയുന്നു. കുരിശിന്‍ ചുവട്ടില്‍ അവസാന നിമിഷം വരെ യേശുവിനെ അനുഗമിച്ച പ്രിയശിഷ്യന് യേശു നല്‍കിയ അവസാന സ്‌നേഹസമ്മാനമാണ് പരിശുദ്ധ അമ്മ. ഇക്കാരങ്ങളാല്‍ ആകുലതകളിലും വ്യാകുലതകളിലും നീറുന്ന മനസ്സുകള്‍ക്കും തകര്‍ന്ന കുടുംബങ്ങള്‍ക്കും പുതുജീവന്‍ പകരാന്‍ ജപമാലയ്ക്കു കഴിയും.