ആകുലതയാൽ തളരുകയാണോ..? എങ്കിൽ ഈ സങ്കീർത്തനം പ്രാർത്ഥിക്കാം 

    നമ്മെ തളർത്തിക്കളയുവാൻ കെൽപ്പുള്ള ഒരു വികാരമാണ് ആകുലത. നമ്മെ ആകുലപ്പെടുത്തുന്ന ചിന്തകളെ ഒറ്റയടിക്ക് തള്ളിക്കളയുക സാധ്യമല്ല. ചെറിയൊരു കാര്യത്തിൽ നിന്നു തുടങ്ങി ക്യാൻസർ പോലെ നമ്മുടെ ആത്മധൈര്യത്തെയും പ്രതീക്ഷകളെയും കാർന്നുതിന്നുന്ന ഒന്നാണ് ആകുലത. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കണമെങ്കിൽ ദൈവത്തിന്റെ സഹായം ആവശ്യമാണ്.

    ദൈവത്തിലുള്ള പ്രത്യാശ നഷ്ടപ്പെടുന്ന നിമിഷം മുതലാണ് ആകുലത നമ്മുടെ ഉള്ളിൽ തലപൊക്കുന്നത്. ആ ആകുലതയുടെ വിത്തുകൾ അവിടെ കിടന്ന് ഒരു മരമായി വളരുന്നു. അത് നമ്മുടെ ദൈവാശ്രയബോധത്തെ ഇല്ലാതാക്കുന്നു. ഇത്തരം സാഹചര്യത്തിൽ, ആകുലതയാൽ വലയുമ്പോൾ 86-ാം സങ്കീർത്തനം ആവർത്തിച്ചു ചൊല്ലി പ്രാർത്ഥിക്കാം.

    നിസ്സഹായന്റെ യാചന

    1. കര്‍ത്താവേ, ചെവി ചായിച്ച് എനിക്ക് ഉത്തരമരുളണമേ! ഞാന്‍ ദരിദ്രനും നിസ്സഹായനുമാണ്.

    2. എന്റെ ജീവനെ സംരക്ഷിക്കേണമെ, ഞാന്‍ അങ്ങയുടെ ഭക്തനാണ്; അങ്ങയില്‍ ആശ്രയിക്കുന്ന ഈ ദാസനെ രക്ഷിക്കണമേ! അങ്ങാണ് എന്റെ ദൈവം.

    3. കര്‍ത്താവേ, എന്നോട് കരുണ കാണിക്കണമേ! ദിവസം മുഴുവനും ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു.

    4. അങ്ങയുടെ ദാസന്റെ ആത്മാവിനെ സന്തോഷിപ്പിക്കണമേ! കര്‍ത്താവേ, ഞാന്‍ അങ്ങയിലേയ്ക്ക് എന്റെ മനസിനെ ഉയര്‍ത്തുന്നു.

    5. കര്‍ത്താവേ, അങ്ങ് നല്ലവനും ക്ഷമാശീലനുമാണ്; അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട് അങ്ങ് സമൃദ്ധമായി കൃപ കാണിക്കുന്നു.

    6. കര്‍ത്താവേ, എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ! എന്റെ യാചനയുടെ സ്വരം ശ്രദ്ധിക്കണമേ!

    7. അനര്‍ത്ഥകാലത്ത് ഞാന്‍ അങ്ങയെ വിളിക്കുന്നു; അങ്ങ് എനിക്ക് ഉത്തരമരുളുന്നു.

    8. കര്‍ത്താവേ, ദേവന്മാരില്‍ അങ്ങേയ്ക്കു തുല്യനായി ആരുമില്ല; അങ്ങേ പ്രവൃത്തികള്‍ക്ക് തുല്യമായി മറ്റൊന്നില്ല.

    9. കര്‍ത്താവേ, അങ്ങ് സൃഷ്ടിച്ച ജനതകള്‍ വന്ന് അങ്ങയെ കുമ്പിട്ടാരാധിക്കും; അവര്‍ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തും.

    10. എന്തെന്നാല്‍, അങ്ങു വലിയവനാണ്. വിസ്മയകരമായ കാര്യങ്ങള്‍ അങ്ങു നിര്‍വ്വഹിക്കുന്നു; അങ്ങു മാത്രമാണ് ദൈവം.

    11. കര്‍ത്താവേ, ഞാന്‍ അങ്ങയുടെ സത്യത്തില്‍ നടക്കേണ്ടതിന് അങ്ങയുടെ വഴി എന്നെ പഠിപ്പിക്കണമേ! അങ്ങയുടെ നാമത്തെ ഭയപ്പെടാന്‍ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കണമേ!

    12. എന്റെ ദൈവമായ കര്‍ത്താവേ, പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു; അങ്ങയുടെ നാമത്തെ ഞാന്‍ എന്നും മഹത്വപ്പെടുത്തും.

    13. എന്നോട് അങ്ങ് കാണിക്കുന്ന കാരുണ്യം വലുതാണ്; പാതാളത്തിന്റെ ആഴത്തില്‍ നിന്ന് അവിടുന്ന് എന്റെ പ്രാണനെ രക്ഷിച്ചു.

    14. ദൈവമേ, അഹങ്കാരികള്‍ എന്നെ എതിര്‍ക്കുന്നു; കഠോരഹൃദയര്‍ എന്റെ ജീവനെ വേട്ടയാടുന്നു; അവര്‍ക്ക് അങ്ങയെപ്പറ്റി വിചാരമില്ല.

    15. എന്നാല്‍ കര്‍ത്താവേ, അങ്ങ് കാരുണ്യവാനും കൃപാനിധിയുമായ ദൈവമാണ്; അങ്ങ് ക്ഷമാശീലനും സ്‌നേഹസമ്പന്നനും വിശ്വസ്തനുമാണ്.

    16. എന്നിലേയ്ക്ക് ആര്‍ദ്രതയോടെ തിരിയണമേ! ഈ ദാസന് അങ്ങയുടെ ശക്തി നല്‍കണമേ!

    17. അങ്ങയുടെ ദാസിയുടെ പുത്രനെ രക്ഷിക്കണമേ! അങ്ങയുടെ കൃപാകടാക്ഷത്തിന്റെ അടയാളം കാണിക്കേണമെ! എന്നെ വെറുക്കുന്നവര്‍ അതു കണ്ട് ലജ്ജിതരാകട്ടെ! കര്‍ത്താവേ, അങ്ങ് എന്നെ സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.