ഈ വിശുദ്ധരുടെ മാതൃക അനുകരിക്കാം; ഉദാസീനതയെ മറികടക്കാം

ഉദാസീനത – കേൾക്കുമ്പോൾ വളരെ ലാഘവത്തോടെ എടുക്കാൻ തോന്നുമെങ്കിലും വ്യക്തിജീവിതത്തിലും ആത്മീയജീവിതത്തിലും ഒരുപോലെ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഒരവസ്ഥയാണ് ഇത്. ഒന്നിനോടും താല്പര്യമില്ലാതെ, എല്ലാത്തിനോടും വെറുപ്പും ദേഷ്യവും വൈരാഗ്യവും ഒക്കെ തോന്നുന്ന അവസ്ഥ. എല്ലാം നെഗറ്റീവ് രീതിയിൽ എടുക്കുന്ന, നല്ലത് ചെയ്യണമെന്നുണ്ടെങ്കിലും അതിനു കഴിയാത്ത, പ്രാർത്ഥിക്കണം എന്നുണ്ടെങ്കിലും അതിനു അനുവദിക്കാത്ത മനസിന്റെ ഒരു അവസ്ഥ. പലപ്പോഴും പലരെയും വളരെയധികം പ്രശ്നത്തിലാക്കുന്ന ഈ അവസ്ഥ നേരിടുകയും അതിനെ ദൈവസഹായത്താൽ മറികടക്കുകയും ചെയ്ത മൂന്ന് വിശുദ്ധരെ നമുക്ക് പരിചയപ്പെടാം. ഇവരുടെ ജീവിതമാതൃക ഉദാസീനതയാൽ വലയുന്ന അനേകർക്ക്‌ ഒരു മാതൃകയാക്കാം.

1. സെന്റ് ആന്റണി ദി ഗ്രേറ്റ്

ദൈവവുമായി താദാത്മ്യം പ്രാപിക്കുന്നതിനായി മരുഭൂമിയിലേക്ക് പിൻവാങ്ങുകയും ആത്മീയമായ ശാന്തതയിലായിരിക്കാൻ ശ്രമിക്കുകയും ചെയ്ത വ്യക്തിയാണ് സെന്റ് ആന്റണി ദി ഗ്രേറ്റ്. എന്നാൽ മരുഭൂമിയിലെ താപസജീവിതത്തിനിടയിൽ ഉദാസീനതയുടെ ദുരാത്മാവിനാൽ അദ്ദേഹം പരീക്ഷിക്കപ്പെട്ടു. ഭൂമിയിൽ സാത്താൻ കെണികൾ വിരിക്കുന്നത് ദർശിക്കാൻ സാധിച്ച അദ്ദേഹം, ആ പ്രലോഭങ്ങൾക്കെതിരെ പോരാടാൻ തീരുമാനിച്ചു. അദ്ദേഹത്തെ പ്രാർത്ഥനയിൽ നിന്നും വ്യതിചലിപ്പിക്കാനും ഉപവാസത്തിൽ നിന്ന് പിന്തിരിപ്പിക്കാനും അത്യാഗ്രഹത്തിൽ മുഴുകാനും പിശാച് നിരന്തരം പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു. എന്നാൽ അദ്ദേഹം പിന്തിരിഞ്ഞു നോക്കാൻ തയ്യാറായില്ല. രക്ഷ ദൈവത്തിൽ നിന്നാണ് വരുന്നതെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.

പരീക്ഷണങ്ങൾ അതിജീവിച്ചതിനെക്കുറിച്ച് വിശുദ്ധൻ പറഞ്ഞത് ഇപ്രകാരമാണ്: “നിങ്ങൾ എവിടെ പോയാലും നിങ്ങളുടെ കണ്മുൻപിൽ ദൈവത്തെ നിർത്തുക. നിങ്ങൾ എന്ത് ചെയ്യുമ്പോഴും വിശുദ്ധ ലിഖിതത്തിന്റെ സാക്ഷ്യം മനസ്സിൽ സൂക്ഷിക്കുക. എവിടെ ആയിരുന്നാലും കാര്യങ്ങളെ എളുപ്പത്തിലെടുത്ത് മുന്നോട്ട് നീങ്ങരുത്. ഈ മൂന്നു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾ സുരക്ഷിതരായിരിക്കും.”

നമ്മുടെ ജീവിതത്തിലും പ്രലോഭനങ്ങൾ ഉണ്ടാകുമ്പോൾ ഈ വിശുദ്ധന്റെ ഉപദേശം സ്വീകരിക്കാം.

2. വി. പീറ്റർ ഡാമിയൻ

വളരെ ചെറുപ്പത്തിലേ പ്രാർത്ഥന, സന്യാസം, വിശുദ്ധ തിരുവെഴുത്തുകൾ പഠിക്കൽ, ധ്യാനം എന്നിവക്കായി ജീവിതം സമർപ്പിച്ച വിശുദ്ധനാണ് പീറ്റർ ഡാമിയൻ. അദ്ദേഹത്തിന്റെ നിരവധി പഠനങ്ങൾ തിരുസഭയിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും തിന്മയുടെ സ്വാധീനങ്ങളെ അതിജീവിക്കുന്ന വിഷയങ്ങളിൽ. അദ്ദേഹത്തിന്റെ ആത്മീയജീവിതത്തിലും ഉദാസീനതയുടെ ആത്മാവ് പരീക്ഷണങ്ങളുമായി എത്തിയിരുന്നു. അതിനെ മറികടക്കുന്നതിനായി വിശുദ്ധൻ കണ്ടെത്തിയ മാർഗ്ഗമായിരുന്നു ദാനധർമ്മം ചെയ്യുക എന്നത്. “പ്രത്യാശ നിങ്ങളെ സന്തോഷത്തിലേക്ക് നയിക്കട്ടെ. ദാനധർമ്മം നിങ്ങളുടെ ഉത്സാഹം ഉണർത്തട്ടെ. ഈ ലഹരിയിൽ, നിങ്ങളുടെ ആത്മാവ് കഷ്ടത അനുഭവിക്കുന്നുണ്ടെന്ന് മറന്നുപോകും” – വിശുദ്ധൻ പറയുന്നു.

3. വി. റോമുവാൾഡ്

ഉദാസീനതയുടെ ആത്മാവിനാൽ പരീക്ഷിക്കപ്പെട്ട മറ്റൊരു വിശുദ്ധനാണ് റാവെന്നയിലെ വി. റോമുവാൾഡ്. സങ്കീർത്തങ്ങൾ പഠിക്കുമ്പോഴും മറ്റും തെറ്റിധാരണകൾ കൊണ്ടുവരുവാനും വഴിതിരിച്ചു വിടാനും സാത്താൻ ശ്രമിച്ചു. എന്നാൽ ഇത്തരം സാഹചര്യങ്ങളെ വിശുദ്ധന്‍ ദൈവശക്തിയാൽ അതിജീവിച്ചു. ജാഗ്രതയും പ്രാർത്ഥനയും ഉപവാസവും വർദ്ധിപ്പിച്ചുകൊണ്ട് അദ്ദേഹം ഈ പ്രലോഭനത്തെ അതിജീവിക്കുകയാണ് ചെയ്തത്. മടുപ്പ് തോന്നുന്ന അവസരങ്ങളിൽ അദ്ദേഹം കൂടുതൽ പ്രാർത്ഥിച്ചു. എന്നാൽ ഇടയ്ക്കു മടുപ്പ് അദ്ദേഹത്തെ പിടികൂടി. ഉടനെ തന്നെ ആ മടുപ്പിനെ മുട്ടുകുത്തി നിന്നുകൊണ്ടും എഴുന്നേറ്റ് നിന്നുകൊണ്ടുമുള്ള പ്രാർത്ഥനയായി, ഇല്ലാതാക്കി. ഈ മാതൃക നമുക്കും സ്വീകരിക്കാവുന്നതാണ്.

ജീവിതത്തിൽ മടുപ്പ് തോന്നുമ്പോൾ, ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടാനും കുടുംബാംഗങ്ങളോട് ദേഷ്യവും ആത്മീയജീവിതത്തിൽ മരവിപ്പ് അനുഭവപ്പെടുമ്പോഴുമൊക്കെ, അത് ഒരു പ്രലോഭനമായി കണക്കാക്കി അതിനെ മറികടക്കാൻ നമുക്ക് പരിശ്രമിക്കാം. അതിന് ഈ വിശുദ്ധരുടെ മാതൃക നമ്മെ സഹായിക്കട്ടെ.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.