മാറ്റങ്ങള്‍ ഇനിയും ഉണ്ടാകട്ടെ…

രമ്യ ജിന്റു

2020 എന്ന വര്‍ഷം നമ്മുടെ ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ നേട്ടങ്ങള്‍ നമുക്ക് തന്നിട്ടുണ്ടാകാം. അത് ഒരുപക്ഷേ ജീവിതപങ്കാളിയാകാം, നല്ല ജോലിയാകാം, സാമ്പത്തികനേട്ടമാകാം… എന്തു തന്നെ ആയാലും ഈ വര്‍ഷം ഒന്ന് കഴിഞ്ഞുപോയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവരായി ആരുംതന്നെ ഇപ്പോള്‍ ഉണ്ടാവില്ല.

കൊറോണ എന്ന മഹാമാരി. അതുമൂലം ജീവന്‍ നഷ്ടപ്പെട്ടവര്‍ ഏറെ; ജീവിതവും തൊഴിലും നഷ്‌പ്പെട്ടവര്‍ അതിലേറെ. ഇങ്ങനെയൊക്കെയാണെങ്കിലും ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് ഇതിനെക്കുറിച്ചല്ല, കൊറോണയെക്കുറിച്ചാണ്. അതിനുവേണ്ട മുന്‍കരുതലുകള്‍, അതിനെ എങ്ങനെ നേരിടാം എന്നൊക്കെ ഇപ്പോള്‍ തന്നെ എല്ലാവര്‍ക്കുമറിയാം. എന്തിന്, മൂന്നു വയസ്സുള്ള എന്റെ കുഞ്ഞിനുവരെ അറിയാം. ‘കൊറോണയാണ്, ഫ്‌ളൈറ്റ്‌സ് ഇല്ല, വീട്ടില്‍ ഇരിക്കണം’ എന്നൊക്കെ.

കൊറോണ വന്ന് ഐസോലേഷനില്‍ ഇരിക്കുമ്പോള്‍ അല്ലെങ്കില്‍ ക്വാറന്‍ന്റൈനില്‍ ഇരിക്കുമ്പോള്‍ പുറമേനിന്നു നോക്കുന്നവര്‍ക്ക് ‘അടിപൊളിയല്ലേ’ എന്നു തോന്നും. പക്ഷേ, അത് അനുഭവിക്കുമ്പോള്‍ അല്ലെങ്കില്‍ നമ്മുടെ വീട്ടില്‍ ആരെങ്കിലും ഐസോലേഷനില്‍/ ക്വാറന്‍ന്റൈനിലായിരിക്കുമ്പോള്‍ മാത്രമേ അത് എത്രമാത്രം വേദനാജനകമാണെന്ന് നമുക്ക് മനസ്സിലാകൂ.

എല്ലാ സൗകര്യങ്ങളുമുണ്ടാകും. പക്ഷേ, ഒറ്റയ്ക്ക് ഒരു മുറിയില്‍, ഒരു വീട്ടില്‍ ആകുന്നത് മറ്റൊരവസ്ഥയാണ്. കൂട്ടിലിട്ട് എല്ലാം കൊടുത്ത് നമ്മള്‍ വളര്‍ത്തുന്ന പക്ഷികളെ പുറത്തുനിന്നു നോക്കി നമ്മള്‍ സ്‌നേഹിക്കുന്നുണ്ടെങ്കിലും അവയ്ക്ക് പറന്നുപോകാനാണ് ഇഷ്ടം. അത് നമ്മള്‍ കൊടുക്കുന്ന സ്‌നേഹത്തിനും കരുതലിനുമപ്പുറമുള്ള ഒരു ലോകത്തെയാണ് ഇഷ്ടപ്പെടുന്നത്. അതുപോലെയാണ് ഇന്നത്തെ ജീവിതങ്ങളും.

നമ്മുടെ പ്രണയം, കുടുംബജീവിതം, മക്കള്‍ ഇതൊക്കെ പിടിച്ചുവയ്ക്കാനാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. നമ്മള്‍ എന്തൊക്കെ നല്‍കിയാലും കൂട്ടില്‍ കിടക്കുന്ന ആ പക്ഷികളെപ്പോലെ ആ ബന്ധങ്ങളും ആഗ്രഹിക്കുന്നത് പുറത്തുള്ള ലോകമായിരിക്കും. അങ്ങനെ വരുമ്പോഴാണ് ബന്ധങ്ങള്‍ക്കുള്ളില്‍ വിള്ളലുകളുണ്ടാവുകയും അത് പിന്നീട് വലിയ പാതകങ്ങളില്‍ ചെന്നെത്തുകയും ചെയ്യുന്നത്. അതുവഴി മക്കള്‍ക്ക് മാതാപിതാക്കളെ നഷ്ടമാകും അല്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് മക്കളെയും.

ഇന്നത്തെ ആധുനികലോകത്ത് സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയും. അതിനുള്ള സൗകര്യങ്ങളും സാഹചര്യങ്ങളും ഇന്നുണ്ട്. അതുകൊണ്ടു തന്നെ നമ്മുടെ ബന്ധങ്ങള്‍ കുറച്ചുകൂടി ദൃഢമാകാണം. പരസ്പരം അംഗീകരിച്ചും ആദരിച്ചും സ്‌നേഹിച്ചും ജീവിക്കണം. മക്കളായാലും ജീവിതപങ്കാളി ആയാലും അവരെ അവരുടേതായ സാഹചര്യങ്ങളില്‍ ബഹുമാനിച്ച് കൂടെ നിര്‍ത്തണം. ഒന്നും ഉള്ളിലിരുന്ന് നീറ്റാതെ എല്ലാം തുറന്നുപറയാനുള്ള വിശാലത എല്ലാ ബന്ധങ്ങളിലും ഉണ്ടാകണം. അപ്പോള്‍ വിവാഹജീവിതവും പ്രണയവും കുടുംബവുമൊക്കെ കൂടുതല്‍ ദൈവികമാകും. ആര്‍ക്കും ആരെയും നഷ്ടമാവുകയുമില്ല.

കൊറോണക്കാലം ഒരുപാട് നഷ്ടങ്ങള്‍ ഉണ്ടാക്കിയെങ്കിലും കുറെ നല്ല ചിന്തകള്‍ ചിലരുടെയെങ്കിലും ഉള്ളില്‍ വിതറാന്‍ ഇതിനു കഴിഞ്ഞു. പലരും പ്രകൃതിയിലേയ്ക്കു തിരിയാനും പലവിധത്തില്‍ അശുദ്ധമായ പ്രകൃതി ശുദ്ധമായതുപോലെ പല ബന്ധങ്ങളും മനസ്സുകളും ദൈവികമാകാനും ഇത് കാരണമായി. മാറ്റങ്ങള്‍ ഇനിയും ഉണ്ടാകട്ടെ…

രമ്യ ജിന്റു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.