കുടുംബങ്ങൾ മാനുഷീക വളർച്ചയുടെ പാഠശാലകളായിത്തീരട്ടെ

ദൈവം സൃഷ്ടിച്ച കുടുംബം

കുടുംബം സഭയുടെയും സമൂഹത്തിന്‍റെയും അടിസ്ഥാന ഘടകമാണ്. കുടുംബമാണ് ഓരോ വ്യക്തിയുടെയും ആദ്യത്തെ പാഠശാല. എന്തുകൊണ്ടാണ് കുടുംബത്തെ ഇത്രമാത്രം ശ്രേഷ്ഠമായി സമൂഹം കാണുന്നത്. കാരണം, കുടുംബജീവിതത്തിന്‍റെ ആരംഭവും അതിന്‍റെ അന്ത്യവും ദൈവത്തിൽ നിന്നാരംഭിച്ച് ദൈവത്തിൽ തന്നെ അവസാനിക്കുന്നതു കൊണ്ടാണ്. പറുദീസായുടെ പരിശുദ്ധിയിൽ  ദൈവം കുടുംബത്തെ സൃഷ്ടിക്കുന്നത് വളരെ മനോഹരമായി ഉല്‍പത്തി പുസ്തകം (2:18-25) നമ്മോടു പറഞ്ഞു തരുന്നു.

കുടുംബം എന്നത് സ്ത്രീയും പുരുഷനും ചേർന്നതാണ്. സൃഷ്ടിയുടെ ആരംഭത്തിൽ ദൈവത്തിന്‍റെ  ഭാവനയിലുള്ള കുടുംബത്തിൽ സ്ത്രീയും പുരുഷനും ചേർന്ന കൂട്ടായ്മയുടെ സൗന്ദര്യമുണ്ടായിരുന്നു. ആദിമ മനുഷ്യന്‍റെ ആദ്യ നൊമ്പരം ഏകാന്തതയായിരുന്നു. ദൈവം അവനിണങ്ങിയ തുണയെ നൽകി  അവന്‍റെ ഏകാന്തതയ്ക്ക് ഉത്തരം നൽകി. അത് ഇന്നും തുടർന്നു കൊണ്ടിരിക്കുന്നു.  സന്തോഷത്തിലും, ദുഃഖത്തിലും, ആരോഗ്യത്തിലും, അനാരോഗ്യത്തിലും ഒരുമിച്ച് ജീവിച്ചു കൊണ്ടും പരസ്പരം സ്നേഹിച്ചും, സേവിച്ചും, സഹായിച്ചും, സമർപ്പിച്ചും പരസ്പര സമഗ്രവികസനത്തിന് സഹായിക്കുന്നവരാണ് ദമ്പതികൾ. അവരുടെ ദാമ്പത്യത്തിന്‍റെ പരിശുദ്ധി പൂർത്തീകരിക്കപ്പെടുന്നത് മക്കളെ ജനിപ്പിക്കുന്നതിലൂടെയാണ്.

പറുദീസയിൽ  ആരംഭിച്ച പ്രാർത്ഥനാനുഭവം 

കുടുംബത്തിന്‍റെ പ്രാർത്ഥനാനുഭവം ആരംഭിക്കുന്നത് പറുദീസയിൽ തന്നെയാണ്. ഏദൻ തോട്ടത്തിൽ കുടുംബത്തിന് ജന്മം നൽകിയ ദൈവം, അവരോടൊപ്പം സഞ്ചരിക്കുന്നു. ഏദൻ തോട്ടത്തിന്‍റെ സമൃദ്ധിയുടെയും സൗന്ദര്യത്തിന്‍റെയും മധ്യേ ദൈവവും പുരുഷനും സ്ത്രീയും ഉലാത്തുന്ന രംഗം ബൈബിളിൽ നാം കാണുന്നു. ഇതാണ് പ്രാർത്ഥനാ അനുഭവം. ദൈവത്തോടൊത്ത് കുടുംബം സഞ്ചരിക്കുന്നു. ദൈവത്തോടൊപ്പം കുടുംബം പങ്കുവയ്ക്കുന്നു. ദൈവത്തോടൊപ്പമിരുന്ന് ഭക്ഷിക്കുന്നു. ദൈവത്തിന്‍റെ സ്വപ്നങ്ങൾക്ക് ഇണങ്ങി ജീവിക്കുന്നു.

ഇന്ന് നമ്മുടെ കുടുംബങ്ങളിലുണ്ടാകുന്ന സമ്മർദ്ദങ്ങളിലും സംഘർഷങ്ങളിലും മാത്രമല്ല, നമ്മുടെ സന്തോഷങ്ങളിലും ദൈവത്തിന്‍റെ സാന്നിധ്യം ഉണ്ടാകുമ്പോഴാണ് നമ്മുടെ കുടുംബങ്ങൾ വിശുദ്ധിയുടെ ദേവാലയങ്ങളും വികസനത്തിന്‍റെ  പാഠശാലകളുമായി മാറുന്നത്. ഒരു സ്ത്രീയും പുരുഷനും കുടുംബജീവിതത്തിന്‍റെ പരിശുദ്ധിയിലേയ്ക്ക് പ്രവേശിക്കേണ്ടത് എങ്ങനെയെന്ന് പഴയനിയമത്തിൽ തോബിത്തിന്‍റെ പുസ്തകം (8: 4-8) നമുക്ക് പറഞ്ഞു തരുന്നു.

തോബിയാസിന്‍റെയും അവന്‍റെ ഭാര്യയുടെയും പ്രാർത്ഥനയുടെ ബലമാണ് പിന്നീടുള്ള തോബിത്തിന്‍റെ ജീവിതത്തിൽ കാണുവാൻ കഴിയുന്നത്. ഇങ്ങനെ പ്രാർത്ഥനയുടെ ബലത്തിൽ നിന്നാണ് കുടുംബജീവിതം വിടരുന്നതെങ്കിൽ കുടുംബം എപ്പോഴും സ്നേഹത്തിന്‍റെ സുഗന്ധവും സൗന്ദര്യവും പകരുന്നതായിരിക്കും.

കുടുംബത്തിൽ മാതാപിതാക്കളുടെ സ്നേഹമാണ് മക്കളുടെ വിശുദ്ധ ജീവിതത്തിന്‍റെ അടിസ്ഥാനം. മക്കളുടെ ആദ്യത്തെ ഗുരുക്കന്മാര്‍ മാതാപിതാക്കന്മാരാണ്.വിവാഹം എന്ന കൂദാശയിലൂടെ ദൈവത്തിന്‍റെയും സഭയുടെയും സമൂഹത്തിന്‍റെയും മുന്നിൽ ഒന്നായിത്തീർന്ന സ്ത്രീ-പുരുഷന്മാരുടെ പ്രാർത്ഥനയുടെയും സ്നേഹത്തിന്‍റെയും അടിസ്ഥാനത്തിൽ നിന്നാണ് കുടുംബത്തിന്‍റെ പരിശുദ്ധി ജനിക്കുന്നത്.

കുടുംബങ്ങളില്‍ പ്രാര്‍ത്ഥനയുടെ ആവശ്യകത

ഇന്ന് നമ്മുടെ കുടുംബങ്ങളിൽ നിന്നും സ്നേഹവും പ്രാർത്ഥനയും അന്യമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുടുംബങ്ങൾക്കു വേണ്ടി നാം പ്രാർത്ഥിക്കണം. നമ്മുടെ കുടുംബങ്ങളിൽ നന്മ നൽകുവാനും ആ നന്മയുടെ അനുഭവം മറ്റുള്ള കുടുംബങ്ങളിൽ പടരുവാനും അങ്ങനെ ഈ ലോകമാകുന്ന വലിയ കുടുംബത്തിൽ എല്ലാവരും ശാന്തിയുടെയും  സമാധാനത്തിന്‍റെയും സംതൃപ്തിയുടെയും അനുഭവം സ്വന്തമാക്കാൻ നമ്മുടെ കുടുംബങ്ങളെ ദൈവം അനുഗ്രഹിക്കുവാനും പ്രാർത്ഥിക്കാം. തിരുക്കുടുംബത്തിന്‍റെ സ്നേഹവും പരിശുദ്ധ ത്രീത്വത്തിന്‍റെ ഐക്യവും നമ്മുടെ കുടുംബങ്ങളിലുണ്ടാകട്ടെ.

കുടുംബങ്ങൾക്കു വേണ്ടിയുള്ള പാപ്പായുടെ പ്രാർത്ഥന

ഈശോ, മറിയം, യൗസേപ്പേ, യഥാർത്ഥ സ്നേഹത്തിന്‍റെ മഹത്വം നിങ്ങളിൽ ഞങ്ങൾ ധ്യാനിക്കുന്നു. വിശ്വാസത്തോടെ ഞങ്ങൾ തിരുക്കുടുംബത്തിലേയ്ക്കു തിരിയുന്നു. നസ്രത്തിലെ തിരുക്കുടുംബമേ, ഞങ്ങളുടെ കുടുംബങ്ങളും കൂട്ടായ്മയുടെയും പ്രാർത്ഥനയുടെയും ഭവനങ്ങളും സുവിശേഷത്തിന്‍റെ യഥാർത്ഥ പാഠശാലകളും ചെറിയ ഗാർഹികസഭകളുമാക്കി തീർക്കുവാൻ കനിയണമേ.

നസ്രത്തിലെ തിരുക്കുടുംബമേ, കുടുംബങ്ങളിൽ ഇനിയൊരിക്കലും അക്രമവും, അവഗണനയും, വിഭാഗീയതയും അനുഭവപ്പെടാതിരിക്കട്ടെ. ഏതെങ്കിലും രീതിയിൽ മുറിവേൽക്കുകയോ അപകീർത്തിക്ക് വിധേയരാവുകയോ ചെയ്ത എല്ലാവരും സൗഖ്യവും ആശ്വാസവും കണ്ടെത്തുവാൻ ഇടയാകട്ടെ!

നസ്രത്തിലെ തിരുക്കുടുംബമേ, ഞങ്ങളെ ഒരിക്കൽക്കൂടി ദൈവിക പദ്ധതിയിൽ കുടുംബത്തിനുള്ള പവിത്രതയെയും അവിഭാജ്യതയെയും അതിന്‍റെ സൗന്ദര്യത്തെയും കുറിച്ച് ചിന്തയുള്ളവരാക്കേണമേ. ഈശോ, മറിയം, യൗസേപ്പേ, കാരുണ്യപൂർവ്വം ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ! ആമേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.