‘പന്ത്രണ്ട്’ സിനിമയുടെ വിശേഷങ്ങളുമായി സംവിധായകന്‍ ലിയോ തദേവൂസ്

“മാറ്റിനിർത്തപ്പെട്ട സമൂഹത്തിലേക്ക് വന്നുകയറിയ ഒരു മനുഷ്യൻ. അയാൾ അവരിൽ ഒരാളായി മാറി, എന്നതിനേക്കാൾ അയാളിലേക്ക് മറ്റുള്ളവർ മാറി എന്നതാണ് ഈ സിനിമയില്‍ സംഭവിക്കുന്നത്‌. ഈ സിനിമ വ്യത്യസ്തമാകുന്നതും അതുകൊണ്ടു തന്നെയാണ്.” ‘പന്ത്രണ്ട്’ എന്ന സിനിമയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ലിയോ തദേവൂസ് തന്റെ സിനിമയെക്കുറിച്ച് സംസാരിച്ചു തുടങ്ങിയത് ഇങ്ങനെയായിരുന്നു.

പച്ചമരത്തണലിൽ, പയ്യൻസ്, ഒരു സിനിമാക്കാരൻ, ലോനപ്പന്റെ മാമ്മോദീസ തുടങ്ങിയ സിനിമകൾക്ക് ശേഷം ലിയോ തദേവൂസ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണ് ‘പന്ത്രണ്ട്’. ജൂൺ 24 – ന് റിലീസായ ഈ ചിത്രം ഇതിനോടകം തന്നെ അതിന്റെ അവതരണ രീതികൊണ്ടും ദൃശ്യഭംഗികൊണ്ടും പ്രേക്ഷക മനസിൽ ഇടംപിടിച്ചു കഴിഞ്ഞു. പ്രശസ്ത സിനിമാ സംവിധായകരായ ഭദ്രന്‍, സിബി മലയില്‍, നാദിര്‍ഷാ തുടങ്ങി നിരവധി ആളുകള്‍ ഈ സിനിമയുടെ ബ്രില്ല്യന്‍സിനെ പുകഴ്തുകയുമുണ്ടായി.

സിനിമയുടെ വിശേഷങ്ങളുമായി ‘ലൈഫ് ഡേ’ യ്ക്കു ഒപ്പം ചേരുകയാണ് ലിയോ തദേവൂസ്.

‘പന്ത്രണ്ട്’ എന്ന സിനിമ കൈകാര്യം ചെയ്യുന്ന വിഷയം വളരെ വ്യത്യസ്തമാണല്ലോ?

‘പന്ത്രണ്ട്’ എന്ന സിനിമ കൈകാര്യം ചെയ്യുന്ന വിഷയം ഏറെ വ്യത്യസ്തത നിറഞ്ഞതാണ്. സാധാരണ പറയാത്ത കഥയും സാഹചര്യവുമാണ് ഈ സിനിമയില്‍. മറ്റൊരു പ്രധാന കാര്യം, സിനിമയുടെ ആഖ്യാന ശൈലിയുടെ പ്രത്യേകതയാണ്. ഈ സിനിമയുടെ തിരക്കഥ വളരെ വ്യത്യസ്തമായ രീതിയില്‍  ആവിഷ്‌ക്കരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഒരു കഥ എന്നതിനേക്കാൾ ഉപരി കുറെ സംഭവങ്ങളെ കോർത്തിണക്കിയാണ് ഈ സിനിമ അവതരിപ്പിച്ചിരിക്കുന്നത്.

ഈ ചലച്ചിത്രത്തിലൂടെ എന്ത് സന്ദേശമാണ് താങ്കള്‍ സമൂഹത്തിനു നല്‍കുന്നത്?

ഈ സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രമായ ഇമ്മാനുവേൽ കടന്നുവരുന്ന ഒരു സമൂഹമുണ്ട്. ആ സമൂഹത്തിനും അയാൾ ഇടപഴകുന്ന വ്യക്തികൾക്കും ഏറെ പ്രത്യേകതയുണ്ട്. അവരെ സമൂഹം കാണുന്നത് മാറ്റിനിർത്തപ്പെട്ട മനുഷ്യരായിട്ടാണ്. സമൂഹത്തിന്റെ മുൻപിൽ,  അവർ അവിടുത്തെ ഗുണ്ടകളും മോശപ്പെട്ട ജീവിതം നയിക്കുന്നവരുമൊക്കെയാണ്. അത്തരത്തിലുള്ള സമൂഹത്തിലേക്ക് വന്നുകയറിയ ഒരു മനുഷ്യൻ. അയാളാണ് കേന്ദ്രബിന്ദുവായി മാറുന്നത്. പക്ഷേ, അയാൾ അവരിൽ ഒരാളായി മാറുക എന്നതിനേക്കാൾ അയാളിലേക്ക് മറ്റുള്ളവർ മാറുകയായിരുന്നു. അതാണ് കഥയുടെ മര്‍മ്മം. തെറ്റിപ്പോയവനെ മാറ്റി നിർത്തുവാനല്ല, ചേർത്ത് നിറുത്താനാണ് ഇമ്മാനുവേൽ ഞങ്ങളെ പഠിപ്പിച്ചതെന്ന് സിനിമയുടെ അവസാനം മറ്റു കഥാപാത്രങ്ങള്‍ ഓർത്തെടുക്കുന്നുണ്ട്. അതുതന്നെയാണ് ഈ സിനിമയുടെ കാതലായ ആശയവും.

മികച്ച പ്രകടനം കാഴ്ചവച്ച ഇതിലെ അഭിനേതാക്കളെക്കുറിച്ച്?

‘പന്ത്രണ്ട്’ സിനിമയിലെ അഭിനേതാക്കള്‍ മികവാര്‍ന്ന അഭിനയം കൊണ്ട് പ്രേക്ഷക മനസിൽ ഇടംപിടിച്ചവരാണ്. ഓരോ കഥാപാത്രത്തിനും അനുയോജ്യമായ നടീ-നടന്‍മാര്‍  തന്നെ സിനിമയിൽ അഭിനയിക്കുകയും ചെയ്തു. കഥാപാത്രങ്ങൾക്ക് അനുയോജ്യരായ അഭിനേതാക്കളെ ഉപയോഗപ്പെടുത്തുക എന്നതാണ് ഒരു സംവിധായകനെ സംബന്ധിച്ച് ഏറ്റവും വലിയ ദൗത്യം. അത് ഈ സിനിമയില്‍ സാധിച്ചു എന്നാണ് എന്റെ വിശ്വാസം. നടൻ വിനായകനുമായി വർഷങ്ങളായുള്ള സൗഹൃദം ഉണ്ട്. മറ്റു പല അഭിനേതാക്കളുമായും അതുപോലെ തന്നെ. അങ്ങനെ സിനിമയിലെ അന്ത്രോസും  പത്രോസുമൊക്കെ അനുയോജ്യരായ അഭിനേതാക്കളിലേക്ക് എത്തിച്ചേരുകയായിരുന്നു.

ഈ സിനിമയിൽ ഇമ്മാനുവേൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവ് മോഹന്റെ കഥാപാത്രം വളരെ പ്രധാനപ്പെട്ട ഒന്നാണ്. അധികം പരിചിതമല്ലാത്ത എന്നാൽ, വലിയ ആകർഷണമുള്ള ഒരാൾ ആയിരിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് ദേവ് മോഹൻ എന്ന നടൻ ഈ സിനിമയിലെ ഇമ്മാനുവേൽ ആകുന്നത്.

ഷൂട്ടിംഗ് അനുഭവം ഒന്ന് പങ്കുവെയ്ക്കാമോ?

സിനിമയുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരുന്നത് കോവിഡ് വളരെ രൂക്ഷമായ ഒരു സാഹചര്യത്തിൽ ആയിരുന്നു. അതുകൊണ്ടു തന്നെ പല സീനുകൾ ചെയ്യുമ്പോഴും നിരവധി ബുദ്ധിമുട്ടുകളെ അഭിമുഖീകരിച്ചിട്ടുണ്ട്. ഇന്‍സൈഡ് ഷൂട്ട് ചെയ്യേണ്ടവ ഒരു സ്ഥലത്ത് ചെയ്യണം, ബാക്കി മറ്റൊരു സ്ഥലത്തും ചെയ്യണം എന്നൊക്കെയുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഉദാഹരണത്തിന് ഒരു വീടിന്‍റെ അകവും പുറവും ഒക്കെ ഷൂട്ട്‌ ചെയ്യേണ്ട സാഹചര്യമുണ്ടെന്നു വയ്ക്കുക. എന്നാല്‍, വീടിന്റെ അകം മാത്രമേ ഷൂട്ട് ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. ആ വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്ന ഭാഗം ഷൂട്ട് ചെയ്യാൻ പറ്റില്ല. കാരണം കോവിഡ് കാരണം പുറത്തിറങ്ങി ഷൂട്ട് ചെയ്യാനുള്ള അനുമതിയില്ല! അങ്ങനെ നിരവധിതവണ ലൊക്കേഷൻ മാറേണ്ടി വന്നിട്ടുണ്ട്. പുറത്തുള്ള ഷൂട്ടിങ്ങിനായി ഞങ്ങൾക്ക് തമിഴ്നാട്ടിലേക്ക് പോകേണ്ട അവസ്ഥ പോലും വന്നു. പുറം കടലിലുള്ള ഷൂട്ടിംഗ് ഒക്കെ ഒരുപാട് വെല്ലുവിളികൾക്കിടയിൽ ചിത്രീകരിച്ചതാണ്.

ഈ സിനിമയിലെ ദൃശ്യഭംഗി ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ഒന്നാണ്. അതിലേക്ക് നയിക്കാനുണ്ടായ സാഹചര്യം?

കേരളത്തിലും നാഗർകോവിലിലും ആയിട്ടായിരുന്നു കടലിന്റെ ചിത്രീകരണം നടന്നത്. ഈ സിനിമയിലെ ഡയലോഗുകളെക്കാൾ ചിത്രങ്ങൾ – വിഷ്വലുകള്‍ – കഥ പറയുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ദൃശ്യങ്ങളിലൂടെ കഥ എങ്ങനെ പറയാൻ പറ്റുമോ അങ്ങനെ കഥ പറയണം എന്നൊരു നിർബന്ധവും എനിക്കുണ്ടായിരുന്നു.

‘പന്ത്രണ്ട്’ എന്ന സിനിമ എങ്ങനെയാണ് മറ്റ് സിനിമകളിൽ നിന്നും വ്യത്യസ്തമാകുന്നത്?

ഒരു രീതിയില്‍ നോക്കിയാല്‍, ബൈബിളിലെ കഥ പറയുന്ന ഒരു സിനിമയാണ് പന്ത്രണ്ട്; പ്രത്യേകിച്ച് പുതിയ നിയമ പുസ്തകത്തിലെ. ‘ബൈബിൾ കഥയോ, അയ്യേ’ എന്നാണ് ചോദ്യമെങ്കില്‍, ഈ ചിത്രം കണ്ടതിനു ശേഷം നിങ്ങള്‍ മറിച്ചു ചിന്തിക്കും. ബൈബിളിലെ പുതിയ നിയമ പുസ്തകത്തിലെ സംഭവങ്ങളെ അതേപടി അവതരിപ്പിക്കുകയല്ല, മറിച്ച് സുവിശേഷത്തെ സമകാലിക പരിസരങ്ങൾ വെച്ചുകൊണ്ട് വ്യാഖ്യാനിക്കുകയാണ് ഈ ചിത്രം ചെയ്യുന്നത്. സുവിശേഷത്തിലെ സംഭവങ്ങളെ അത് നടന്ന ക്രമത്തിലല്ല, മറിച്ച് ആ സംഭവങ്ങളെ വൈകാരികമായി ബന്ധിപ്പിച്ചുകൊണ്ടാണ് ഈ സിനിമയിൽ കഥ പറഞ്ഞിരിക്കുന്നത്. അതാണ് ഈ സിനിമയെ മറ്റ് സിനിമകളിൽ നിന്ന് വ്യത്യസ്തമാക്കുന്നതും.

കലാ -സിനിമാ ജീവിതത്തിന്റെ തുടക്കം എങ്ങനെയായിരുന്നു?

കത്തോലിക്കാ സഭയിലൂടെയാണ് ഞാൻ വളർന്നുവന്നത്. സഭയുടെ പ്രവർത്തനങ്ങളുടെ ഭാഗമായിക്കൊണ്ടാണ് ഞാൻ വളർന്നത്. സഭ ഒരുക്കി തന്ന സാധ്യതകളിലൂടെയും സാഹചര്യങ്ങളിലൂടെയും പ്രോത്സാഹനങ്ങളിലൂടെയും ഒക്കെയാണ് വളർന്നുവന്നത്. സഹനങ്ങളും ബുദ്ധിമുട്ടുകളും ഒക്കെ ജീവിതത്തിലും പ്രൊഫഷണൽ ലൈഫിലും ഒക്കെ ഒരുപാട് ഉണ്ടായിട്ടുണ്ട്. അപ്പോൾ നിരവധിപ്പേർ സഹായമായി കൂടെ നിന്നിട്ടുണ്ട്. അതിനൊക്കെ എന്നും കടപ്പെട്ടിരിക്കുന്നു.

സംവിധായകനും തിരക്കഥാകൃത്തുമായ ലിയോ തദ്ദേവൂസിന്റെ വീട് കൊച്ചിയിലാണ്. ഭാര്യ ഡോ. ഷാലി, മക്കൾ ജസ്രേൽ, ലില്ലീസ്.

സി. സൗമ്യ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.