നോമ്പിലെ അമ്പതു മാലാഖമാര്‍ 14: സാഹോദര്യത്തിന്‍റെ മാലാഖ

ആദിമക്രൈസ്തവരെ ഒന്നിച്ചുനിര്‍ത്തിയ സാഹോദര്യമാണ് ഇന്ന് മാലാഖ നമ്മെ പഠിപ്പിക്കുന്നത്. ദൈവത്തെ പിതാവായി അംഗീകരിക്കുമ്പോള്‍ മനുഷ്യമക്കളെല്ലാം സഹോദരീസഹോദരങ്ങളും ഒരു കുടുംബത്തിലെ അംഗങ്ങളുമാകുന്നു. സാഹോദര്യമുണ്ടെങ്കിലേ സ്നേഹത്തോടെ പങ്കുവയ്ക്കുവാന്‍ കഴിയൂ. പങ്കുവയ്ക്കുമ്പോഴേ ജീവിതത്തിന് സമൃദ്ധി ഉണ്ടാവുകയുള്ളൂ. അതാണ്‌ ക്രിസ്തീയതയുടെ അടിസ്ഥാനം.

പങ്കുവച്ച് സമൃദ്ധമാക്കുന്ന ആത്മീയതയാണ് വിശുദ്ധ കുര്‍ബാനയിലൂടെ ഈശോ പഠിപ്പിക്കുന്നത്. ദൈവഹിതം നിറവേറ്റുന്നവരെ സ്വന്തം സഹോദരനും സഹോദരിയുമായാണ് ഈശോ കാണുന്നത്. നോമ്പുകാലം ഈശോയുടെ സഹോദരനും സഹോദരിയുമാകുവാനുള്ള കാലമാണ്. ദൈവത്തെ പിതാവായും അപരനെ സഹോദരനായും കാണുവാന്‍ തുടങ്ങുമ്പോള്‍ വേര്‍തിരിവുകള്‍ മനസ്സില്‍ നിന്നും പടിയിറങ്ങുന്നു. ഹൃദയം വിശാലമാകും. ജന്മം സാഫല്യമാകും.