ശുശ്രൂഷ പ്രകടനമല്ല സാക്ഷ്യമാണ്: പാപ്പായുടെ നോമ്പുകാല ധ്യാന വിചിന്തനം

പ്രേഷിത ജീവിതം വ്യക്തിയുടെ പ്രകടനമല്ല, ദൈവവചനത്തിന്‍റെ ശുശ്രൂഷയില്‍ നല്കേണ്ട സാക്ഷ്യമാണ് എന്ന് ആബട്ട് ജ്യാന്നി. പാപ്പായുടെയും കൂരിയ അംഗങ്ങളുടെയും മുമ്പുകാല ധ്യാനത്തിലാണ് അദ്ദേഹം ഈ കാര്യം ഓർമിപ്പിച്ചത്.

സമകാലീന മനുഷ്യന്‍റെ കാലത്തിനൊത്തെന്ന് പറയുന്ന ജീവിതവും പ്രത്യയശാസ്ത്രവും ഭൂമിയെ ഭ്രമിപ്പിക്കുന്നതാണ്. സമകാലീന ജീവിതം ഭൂതകാലത്തില്‍നിന്ന് പരിണമിക്കാത്തതും, അത് ഭാവിയെ ഗൗനിക്കാത്തതുമാണ്. അത് ഒരു ക്ഷണപ്രഭയോ, മിന്നൊളിയോ തരുന്നില്ലെന്നു പറഞ്ഞ് ഭൂതകാലത്തെ നിഷേധിച്ചും, ഭാവിയെക്കുറിച്ചുള്ള കരുതലോ, കൂസലോ ഇല്ലാതെ ജീവിക്കുന്ന ശൈലി ഇന്നിന്‍റെ ചിന്താഗതിയാണ്. അദ്ദേഹം പറഞ്ഞു.

വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും ഇപ്രകാരമുള്ള ‘ആധിപത്യപരമായ വീക്ഷണം’ (hegemonic) ഭൂമിയില്‍ മനുഷ്യജീവിതത്തിന്‍റെ മേന്മയെ ശോഷിപ്പിക്കുകയാണ്. ഇത് കെട്ടുറപ്പില്ലാത്ത ഒരു വര്‍ത്തമാനകാലത്തിന്‍റെ ശോച്യമായ അവസ്ഥയും, സമകാലീന മനുഷ്യന്‍റെ രോഗാവസ്ഥയുമാണ്. ഇന്നിന്‍റെ നവസാങ്കേതികതയാല്‍ കീഴ്പ്പെടുത്തപ്പെട്ട ഈ സമകാലീന ചിന്താഗതിയും പ്രത്യയ ശാസ്ത്രവും, പഴയകാര്യങ്ങള്‍ നന്മയാണെങ്കില്‍പ്പോലും, അവ ഓര്‍ക്കുന്നതും നന്ദിയുള്ളവരായിരിക്കുന്നതും ക്ലേശകരമായി കാണുന്നു. ഓര്‍ക്കുക എന്നതും, നന്ദിപറയുക എന്നതുമെല്ലാം ഇക്കൂട്ടര്‍ക്ക് കഠിനതരമായ കാര്യങ്ങളായി മാറിയിട്ടുണ്ട്. അദ്ദേഹം ചൂണ്ടിക്കാട്ടി.

പഴയ നിയമത്തില്‍ ഇസ്രായേല്‍ ജനത കാണിച്ച ഓര്‍മ്മയുടെയും നന്ദിയുടെയും ജീവിതപശ്ചാത്തലത്തില്‍, ഓര്‍മ്മ നമ്മുടെ വിശ്വാസ ജീവിതത്തിന്‍റെ ഭാഗമാണ്. അത് പഴയനിയമത്തില്‍ ദൈവജനം നല്കിയ നന്മകളുടെ ഓര്‍മ്മയും, അവയുടെ അടിസ്ഥാനത്തില്‍ വളരുന്ന “നിയമാവര്‍ത്തനപര”മായ സംഭവവികാസങ്ങളുമാണ്. പുതിയ നിമയമത്തില്‍ ക്രിസ്തു നമുക്കായി നല്കിയ ദിവ്യകാരുണ്യം, നവഇസ്രായേലായ സഭയുടെ നിത്യേനയുള്ള ജീവിതത്തിന്‍റെ ഓര്‍മ്മച്ചെപ്പിലെ ദൈവിക നന്മകളുടെയും കൃതജ്ഞതാസ്തോത്രത്തിന്‍റെയും മങ്ങാത്ത സ്മരണകളുടെ അടയാളമാണ്. ജ്യാന്നി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ