കുരിശിന്റെ വഴിയിൽ ഇത്തിരിനേരം 3: ഒരുക്കം 

ഫാ. അജോ രാമച്ചനാട്ട്

“എനിക്ക്‌ ഒരു സ്‌നാനം സ്വീകരിക്കാനുണ്ട്‌; അതു നിവൃത്തിയാകുവോളം ഞാന്‍ എത്ര ഞെരുങ്ങുന്നു!” (ലൂക്കാ 12:50)

കുരിശും കുരിശിന്റെ വഴിയിലെ സങ്കടങ്ങളും ക്രിസ്തുവിന് ഓർക്കാപ്പുറത്ത് കിട്ടിയതായിരുന്നില്ല. സങ്കടങ്ങളുടെ ആ മൂന്നു ദിവസങ്ങൾക്കു വേണ്ടിയും വേദനയുടെ മൂന്നു മണിക്കൂറിന് വേണ്ടിയും അവൻ മുപ്പത്തിമൂന്നാണ്ട് ഒരുങ്ങിയതാണ്.

“എനിക്ക് ഒരു സ്നാനം സ്വീകരിക്കാനുണ്ടെ”ന്ന് അവൻ ഇടയ്ക്കിടെ ഓർമപ്പെടുത്തുന്നുണ്ടല്ലോ. ശിഷ്യൻമാർ അൽപമെങ്കിലും മാനസികമായി ഒരുങ്ങാനാവണം മൂന്നുവട്ടം വ്യക്തമായ ഭാഷയിൽ പീഡാനുഭവ പ്രവചനം നടത്തുന്നത്. എന്നിട്ടും നമ്മുടെ പത്രോസ് പ്രതികരിക്കുന്നത് കണ്ടോ, തനി നാടൻ ഭാഷയിലാണ്. “നിനക്കൊരു ഡാഷും വരില്ല, ഞങ്ങളീ ആണുങ്ങളൊക്കെ പിന്നെ എന്തിനാണ്? അല്ല പിന്നെ.”

ഇടക്ക് എന്നോ എഴുതിയിട്ടുണ്ട്, “ദേ, ആ കാണുന്ന വളവിൽ ഒരു വാഹനം എതിരെ വരുന്നുണ്ട്” എന്നാണ് ഡ്രൈവിംഗ് പഠിപ്പിക്കുന്ന ആശാൻ ശിഷ്യരെ ഓർമ്മപ്പെടുത്തുന്നത്. ഡ്രൈവറുടെ കൈക്കും കാലിനും ഒക്കെ ജാഗ്രത നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ്.
.
കയ്പു നിറഞ്ഞ ജീവിതാനുഭവങ്ങൾക്ക് മുന്നിൽ തകരാതിരിക്കണമെങ്കിൽ മനസ്സിന് ഒരു ജാഗ്രത കൊണ്ടുനടക്കേണ്ടതുണ്ട്. ഒരു രോഗമോ, ഒരു അപകടമോ ഒക്കെ എപ്പോഴും കണ്ടുമുട്ടാവുന്ന ജീവിതത്തിന്റെ സാധ്യതയാണെന്ന്, മനസ്സൊരുങ്ങിയിരിക്കണമെന്ന് ഒരിക്കലൊരമ്മ പറഞ്ഞത് മറന്നിട്ടില്ല.
“മൺപാത്രത്തിലെ നിധി”യെപ്പറ്റി പൗലോസ് എഴുതുന്നതും ഈയൊരു അർത്ഥത്തിലാണ്. ഒരു ഉടഞ്ഞുവീഴൽ ഏതു നേരത്തെയും സാധ്യതയാണെന്ന്.

കുരിശിനു മുമ്പിൽ, കുരിശനുഭവങ്ങൾക്ക് മുമ്പിൽ, ഒറ്റുകാരുടെ ചുംബനങ്ങൾക്ക് മുമ്പിൽ, തകർത്തുകളയുന്ന സഹനങ്ങൾക്ക് മുമ്പിൽ, മരണത്തോളം പോരുന്ന മനോവേദനകൾക്ക് മുമ്പിൽ…എന്റെ സുഹൃത്തേ, ഞാനും നീയും തകർന്നുപോകാതിരിക്കാൻ മനസിന്റെ ഒരുക്കം കൂടിയേ മതിയാവൂ.

എപ്പോഴും ഒരു പ്രതികൂലതയെ പ്രതീക്ഷിക്കാനാവുമോ നിനക്ക്? ക്രിസ്തുവിനെപ്പോലെ ഉടയാത്ത മനസോടെ കുരിശെടുക്കാനാണ്.

ഫാ. അജോ രാമച്ചനാട്ട്