കുരിശിന്റെ വഴിയിൽ ഇത്തിരിനേരം 22: അംഗീകരിക്കാന്‍ പറ്റാത്ത ജീവിത യാഥാര്‍ത്ഥ്യങ്ങള്‍

ഫാ. അജോ രാമച്ചനാട്ട്

അപ്പോള്‍ പ്രധാന പുരോഹിതന്‍ മേലങ്കി കീറിക്കൊണ്ടു പറഞ്ഞു: ഇവന്‍ ദൈവദൂഷണം പറഞ്ഞിരിക്കുന്നു. ഇനി സാക്‌ഷികളെക്കൊണ്ടു നമുക്കെന്താവശ്യം? ഇതാ, ദൈവദൂഷണം നിങ്ങള്‍ ഇപ്പോള്‍ കേട്ടുവല്ലോ! (മത്താ. 26:65)

“ഇതെന്തൊരു ഷോ കാണിക്കലാണ്, ചങ്ങായീ” എന്നൊക്കെ ഒരിക്കൽ ഓർത്തിട്ടുണ്ട്, പ്രധാന പുരോഹിതൻ മേലങ്കി വലിച്ചു കീറുന്നതൊക്കെ കണ്ടിട്ട്. യഹൂദന്റെ ഒരു സ്റ്റൈലാണ് അതെന്ന് പിന്നീട് വായിച്ചറിഞ്ഞു. ഏതായാലും സംഭവം ഗുമ്മാണ്.

മറ്റെന്തും സമ്മതിക്കാം, അവൻ ദൈവപുത്രനാണെന്നതൊഴികെ. ഇതായിരുന്നു, ആ കീറലിന്റെ ധ്വനി. അവന്റെ ദൈവപുത്രത്വം വെളിപ്പെടുത്തുന്ന എന്തിനോടും ചുറ്റുപാടുകൾ നിഷേധാത്മകമായിട്ടാണ് പ്രതികരിച്ചത്.

ചിലപ്പോളങ്ങനെയാണ്, അംഗീകരിക്കാൻ പറ്റുന്നില്ല. ജീവിതപങ്കാളിയെ, കുടുംബാന്തരീക്ഷത്തെ, അനാരോഗ്യത്തെ, അപരന്റെ ഉയർച്ചയെ, നമ്മുടെ തന്നെ ജീവിതനിയോഗങ്ങളെ, ദുരിതം പിടിച്ച ജീവിതവഴികളെ…

വേറെ വഴിയില്ല, ബ്രോ. പലതിനെയും നമ്മൾ അംഗീകരിച്ചേ മതിയാകൂ. പലതിനെയും നമ്മൾ ഉൾക്കൊണ്ടേ മതിയാകൂ. അല്ലെങ്കിൽ, നമ്മുടെ ഹൃദയശൂന്യതയെന്ന അഴുക്ക് പലരുടെയും കണ്ണീരിന് കാരണമാകും. ഞാൻ പിടിച്ച മുയലിന്…? സുഹൃത്തേ, നോമ്പിന് നമ്മുടെ ഹൃദയകാഠിന്യങ്ങളെ പരുവപ്പെടുത്താനാകണം.

ഫാ. അജോ രാമച്ചനാട്ട്